തൃശൂർ: പി എസ് സിയുടെ കെടുകാര്യസ്ഥയ്ക്ക് ഇതാ ഒരു തെളിവ് കൂടി. ഇത്തരം കെടുകാര്യസ്ഥതകൾ പുറത്താകാതിരിക്കാനാണ് വിമർശനം ഉന്നയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന ഭീഷണി. പരീക്ഷയെഴുതുന്നതിനു മുൻപേ ഉദ്യോഗാർഥികളെ 'പുറത്താക്കി' ആണ് പുതിയ പരീക്ഷണം. പിഎസ്‌സി. എൽപി, യുപി അദ്ധ്യാപക തസ്തികകളിലേക്ക് (എൽപിഎസ്എ, യുപിഎസ്എ) അപേക്ഷ സമർപ്പിച്ച മുന്നൂറിലേറെ ഉദ്യോഗാർഥികളുടെ ഓൺലൈൻ അപേക്ഷ കാണാതായി എന്നതാണ് വസ്തുത.

പ്രതീക്ഷയോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കാണ് ഈ ദുർഗതി. ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷ എങ്ങനെ കാണാതായെന്ന് അന്വേഷിക്കാൻ പിഎസ്‌സി ജില്ലാ ഓഫിസുകളിലെത്തിയ ഉദ്യോഗാർഥികൾ കേട്ടതു വിചിത്ര മറുപടി. 'നിങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടാകില്ല' എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ന്യായം. പിന്നീട് നടന്ന അന്വേഷണത്തിലാണ് സത്യം കണ്ടെത്തിയത്. പി എസ് സിയുടെ സർവറിലേക്ക് പോലും സംശങ്ങൾ നീട്ടുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നതിന് തെളിവാണ് ഈ പുതിയ വിവാദം.

സെർവർ തകരാർ മൂലം അപേക്ഷകളുടെ ലിങ്ക് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് അപ്രത്യക്ഷമായത്. നവംബർ ഏഴിനാണ് പരീക്ഷയെന്നതിനാൽ തകരാർ പരിഹരിച്ച് എത്രയും വേഗം അപേക്ഷകൾ വീണ്ടെടുക്കണമെന്ന് ഉദ്യോഗാർഥികൾ പിഎസ്‌സി ചെയർമാന് ഇമെയിൽ അയച്ചു തുടങ്ങി. 6 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ എൽപി, യുപി സ്‌കൂൾ അസിസ്റ്റന്റ് പരീക്ഷയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. ബിഎഡിനും ടിടിസിക്കും പുറമേ, കെ ടെറ്റ്, സി ടെറ്റ് തുടങ്ങിയ അധിക യോഗ്യതയുമുള്ളവരാണ് അപേക്ഷ ഓൺലൈൻ വഴി സമർപ്പിച്ചത്.

നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. എസ്എംഎസ് വഴി സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷയുടെ ലിങ്കും തൽസ്ഥിതിയും ഉദ്യോഗാർഥികളുടെ ഓൺലൈൻ പ്രൊഫൈലിൽ സൂക്ഷിക്കപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ പലരും അപേക്ഷ പ്രിന്റൗട്ടെടുത്തു സൂക്ഷിച്ചതുമില്ല. അപേക്ഷാഫോം കൺഫേം ചെയ്യാൻ പിഎസ്‌സി നിർദ്ദേശം നൽകിയിരുന്നു. ഉദ്യോഗാർഥികൾ പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് അപേക്ഷ കാണാതായ വിവരം മനസ്സിലാക്കിയത്.

നടപടിക്രമങ്ങൾ ഓൺലൈൻ ആണെന്നതിനാൽ ഒരുകാരണവശാലും അപേക്ഷ കാണാതാകില്ലെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. എന്നാൽ പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാണ്.