തിരുവനന്തപുരം: താൽകാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നടപടികളുമായി മുമ്പോട്ട് പോകുമ്പോൾ പ്രതിഷേധം ശക്തമാക്കി പി എസ് സി പരീക്ഷ എഴുതി ജോലിക്കായി കാത്തു നിൽക്കുന്നവർ. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ രാപകൽ സമരവും അനിശ്ചിതകാല സമരവും ശക്തമായി തുടരുന്നു.

ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ (വേരിയസ് ഗ്രേഡ് 2) റാങ്ക് ഹോൾഡേഴ്‌സ് സംസ്ഥാന കമ്മിറ്റി 13 ദിവസമായി നടത്തുന്ന രാപകൽ സമരത്തെക്കൂടാതെ എൽഡിസി റാങ്ക് പട്ടികയിലുള്ളവരും ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് റാങ്ക് പട്ടികയിലുള്ളവരും അനിശ്ചിതകാല സമരത്തിലാണ്. കൂടുതൽ പേർ സമരത്തിന് എത്തും. ഫെഡറേഷേൻ ഓഫ് വേരിയസ് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണു സമരം.

റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം ആദ്യ വാരം അവസാനിക്കുമെന്നിരിക്കെ 6 മാസം കൂടിയെങ്കിലും ഇതു നീട്ടണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിജോ ജോസ് ആവശ്യപ്പെട്ടു. പ്രൊമോഷൻ തസ്തികകൾ വേഗത്തിലാക്കുക, ആശ്രിത നിയമനം 5% ആയി നിജപ്പെടുത്തുക, റാങ്ക് പട്ടിക നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ ജില്ലകളിലെ എൽഡിസി റാങ്ക് ലിസ്റ്റിലുള്ളവർ 20 മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

സർവകലാശാല നിയമനങ്ങൾ നിലവിലെ എൽജിഎസ് പട്ടികയിൽ നിന്നു നടത്തണമെന്നാവശ്യപ്പെട്ടു വിവിധ ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ലിസ്റ്റിലുള്ളവർ 26 നാണു സമരം തുടങ്ങിയത്. ആദ്യ ദിവസം റോഡിൽ ശയന പ്രദക്ഷിണം നടത്തി. അസിസ്റ്റന്റ് സെയിൽസ്മാൻ സപ്ലൈകോ റാങ്ക് ലിസ്റ്റിൽപെട്ടവർ നാളെ സൂചനാ സമരം നടത്തും. ഫോറസ്റ്റ് വാച്ചർമാർ, ഹയർ സെക്കൻഡറി ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും വരും ദിവസങ്ങളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിനെത്തും.