തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി. എന്നാൽ ഇതിന്റെ പ്രയോജനം പരീക്ഷ എഴുതി ജോലി കാത്തിരിക്കുന്ന ബഹുഭൂരിഭാഗത്തിനും കിട്ടാൻ ഇടയില്ല. താൽകാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു കൊണ്ടാണ് ഇത്. ചട്ടങ്ങൾ കാറ്റിൽ പറത്തി ഈ നീക്കം തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റിൽ കരാർ ജോലി ചെയ്യുന്ന 114 പേരെ സ്ഥിരപ്പെടുത്താൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ സ്ഥിരപ്പെടുത്തൽ മാമാങ്കം തുടങ്ങുകയാണ്. ഇനി അടുത്ത മന്ത്രിസഭാ യോഗത്തിലും സമാന തീരുമാനങ്ങൾ ഉണ്ടാകും.

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്സിഇആർടിയിൽ 28 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ തയാറായി. ഡിവൈഎഫ്‌ഐ ജില്ലാ നേതാവും ഈ പട്ടികയിലുണ്ട്. ആരോഗ്യ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലാണ് ഏറ്റവുമധികം സ്ഥിരപ്പെടുത്തൽ നടക്കുക. ഈ വാഗ്ദാനത്തിൽ കഴിഞ്ഞ മാസം തന്നെ താൽക്കാലിക ജീവനക്കാരിൽ നിന്നു പണപ്പിരിവും തുടങ്ങിയിരുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിലെ 13 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലും മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. മറ്റു വകുപ്പുകളുടെ ശുപാർശകൾ ഈയാഴ്ചയെത്തും. എല്ലാം സെക്രട്ടറി തല എതിർപ്പുകൾ അവഗണിച്ചാണ്.

സിഡിറ്റിലെ നിയമന ഫയലിൽ ഫയലിൽ ഐടി വകുപ്പ് അഡിഷനൽ സെക്രട്ടറി മുഹമ്മദ് വൈ. സഫിറുല്ല എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഇത് അവഗണിച്ചാണ് തീരുമാനം. 10 വർഷത്തിനു മേൽ കരാർ ജോലി ചെയ്യുന്നവരെന്ന പരിഗണന നൽകിയാണു സ്ഥിരപ്പെടുത്തൽ. മുൻപും സിഡിറ്റിൽ ഇത്തരം സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ടെന്നും എല്ലാ ട്രേഡ് യൂണിയനിൽപെട്ടവരും സ്ഥിരപ്പെടുത്തുന്നവരുടെ കൂട്ടത്തിലുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം. സെക്രട്ടറിയേറ്റിലെ ജീവനക്കാർ പരമാവധി ജാഗ്രത ഇക്കാര്യത്തിൽ കാട്ടുന്നുണ്ട്. ഭാവിയിൽ കേസും മറ്റ് പുലിവാലുകളും ഉണ്ടാകാതിരിക്കാൻ എതിർപ്പുകളും ഫയലിൽ കുറിക്കുന്നു.

ഇതെല്ലാം മന്ത്രിസഭ അവഗണിക്കുന്നു. മനുഷ്യത്വത്തിന്റെ പേരിൽ സ്ഥിരപ്പെടുത്തുന്നു. സ്ഥിരപ്പെടുത്തലിനു തുടക്കമായതോടെ, പാർട്ടിക്കും മന്ത്രിമാർക്കും അവരുടെ പഴ്‌സനൽ സ്റ്റാഫിനും വേണ്ടപ്പെട്ടവരുടെ പട്ടിക ഡയറക്ടറേറ്റുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വകുപ്പുകളിലേക്ക് എത്തി. ധനവകുപ്പും നിയമ വകുപ്പും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരും പോലെ എതിർപ്പു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഫയലുകൾ അതിവേഗം മന്ത്രിസഭയിലെത്തിച്ച് തീരുമാനമെടുക്കാനാണു നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സ്ഥിരപ്പെടുത്തൽ ഉണ്ടാകും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പേ ഉത്തരവുകളും അതിവേഗം ഇറങ്ങും.

അതിനിടെ നിലവിലുള്ള മുഴുവൻ സംരക്ഷിത അദ്ധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളിൽ മാറ്റിനിയമിച്ചു സംരക്ഷിക്കാനുള്ള നിബന്ധനകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവിലുള്ള മുഴുവൻ സംരക്ഷിത അദ്ധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കുമെന്ന ഉറപ്പിന്മേൽ വ്യവസ്ഥാപിത തസ്തികകളിൽ നിയമിക്കപ്പെട്ട യോഗ്യതയുള്ള മുഴുവൻ അദ്ധ്യാപകരുടെയും നിയമനം അംഗീകരിക്കും. തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനാണ് ഈ നീക്കം. ക്രൈസ്തവ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിലെയും നഗരങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ അയ്യൻകാളി നഗര തൊഴിലുറപ്പു പദ്ധതിയിലെയും അംഗങ്ങൾക്ക് 60 വയസ്സു കഴിഞ്ഞാൽ പ്രതിമാസ പെൻഷൻ ഉറപ്പാക്കി ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. 12 ലക്ഷം പേർക്കാണു ഗുണം ലഭിക്കുക. 60 വയസ്സു പൂർത്തിയാക്കിയവരും 60 വയസ്സു വരെ തുടർച്ചയായി അംശദായം അടച്ചവരുമായ തൊഴിലാളികൾക്കു പെൻഷൻ നൽകും. അംഗം മരിച്ചാൽ കുടുംബത്തിനു സാമ്പത്തിക സഹായം നൽകും. പ്രതിമാസം 50 രൂപയാണ് അംശദായം. 18 55 പ്രായക്കാർക്ക് അംഗത്വമെടുക്കാം.