തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡറായ തൃശൂർ സ്വദേശിനി ലയ രാജേഷ് മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാറി നിന്ന് പൊട്ടിക്കരയുന്ന ചിത്രം കേരളം ചർച്ചയാക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ചിത്രം ചർച്ചയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. ശബരീനാഥൻ എംഎ‍ൽഎതുടങ്ങിയ കോൺഗ്രസ് നേതാക്കളും ചിത്രം'കേരള യുവയുടെ കണ്ണുനീർ'എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽപങ്ക് വച്ചു. തങ്ങൾക്ക് ഈ ജോലിയാണ് സ്വപ്നമെന്നും ജീവിക്കാനുള്ള ഉപാധിയാണെന്നും പൊട്ടിക്കരഞ്ഞാണ് ലയ മാധ്യമങ്ങളോട് പ്രതികരിച്ചത്. താൽകാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ തീരുമാനത്തെ വിമർശിക്കാത്ത സൈബർ സഖാക്കൾ ഈ കണ്ണീരിനെ സെറ്റിട്ട് ഫോട്ട എടുക്കലാക്കി.

പുതിയൊരു ന്യൂസ് വരുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ ഇതു വിടും. പക്ഷേ, ഞങ്ങളുടെ വിഷമം, ഞങ്ങളുടെ സങ്കടക്കണ്ണീർ ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ജീവകാരുണ്യപ്രവർത്തനം താൽക്കാലികക്കാരോടു മാത്രമല്ല വേണ്ടത്. ഞങ്ങളെപ്പോലുള്ള സാധാരണക്കാരോടും വേണം. എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ഇതു രണ്ടാം തവണയാണ് തിരുവനന്തപുരത്തു സമരത്തിനു വരുന്നത്ഇതാണ് തന്റെ കണ്ണീരിെ കുറിച്ച് ലയയ്ക്ക് പറയാനുള്ളത്. ഇതിൽ നിറയുന്നത് വേദനയുടെ പ്രതിഷേധമാണ്. ഇത് ഇടത് സർക്കാരിന് വിനയായി മാറുമോ എന്ന സംശയം പല കോണുകളിലും ഉയരുന്നുണ്ട്. എങ്കിലും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മുമ്പോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഇതും വരും ദിവസങ്ങളിലും ചർച്ചയായി മാറും.

പിഎസ്‌സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാർ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥികൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തലയിലും ദേഹത്തുമായി മണ്ണെണ്ണ ഒഴിച്ച യുവാവിനെയും റോഡിൽ വീണ മണ്ണെണ്ണയിൽക്കിടന്ന് ഉരുണ്ട മറ്റൊരു ഉദ്യോഗാർഥിയെയും പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 2017 ലെ പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട വയനാട് സ്വദേശി റിജു, തിരുവനന്തപുരം സ്വദേശി പ്രവീൺ എന്നിവരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. രണ്ടു പേരെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

റിജുവിനെയും പ്രവീണിനെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സമരക്കാരെ പൂർണമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം പ്രതിഷേധത്തിന് ഇടയാക്കി. സമരക്കാരെ അഭിസംബോധന ചെയ്യാൻ എത്തിയ പി.സി. വിഷ്ണുനാഥും മുൻ മന്ത്രി ബാബു ദിവാകരനും ഇടപെട്ടാണ് പൊലീസിനെ പിന്തിരിപ്പിച്ചത്. വരും ദിവസങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ തിരിച്ചറിയുന്നു.

ബന്ധുനിയമനത്തിനൊപ്പം പി.എസ്.സി. റാങ്ക്പട്ടികയിൽനിന്നുള്ളവർക്ക് നിയമനം കിട്ടാത്ത പ്രതിഷേധം തിരിച്ചടിയാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ ബാനറിലല്ലാതെയാണ് റാങ്ക് ഹോൾഡേഴ്സ് സമരത്തിനിറങ്ങുന്നത്. പി.എസ്.സി. നിയമനത്തിന്റെ കണക്കുനിരത്തി ഇതിനെ മറികടക്കാൻ മുഖ്യമന്ത്രിതന്നെ രംഗത്തുവന്നെങ്കിലും നിയമനം മുടക്കിയതിന്റെ കണക്കുമായാണ് യുവാക്കൾ എത്തുന്നത്. സർക്കാർ കേന്ദ്രങ്ങൾ ചർച്ചയാക്കുന്ന പി എസ് സിയുടെ അഡൈ്വസ് മെമോയുടെ കണക്കുകളാണ്. എന്നാൽ യഥാർത്ഥ നിയമന കണക്കുകളാണ് പി എസ് സി ജോലി പ്രതീക്ഷിക്കുന്നവർ നിരത്തുന്നത്.

2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പി.എസ്.സി. അഡൈ്വസ് മെമോ നൽകി. സ്റ്റാർട്ടപ്പുകളിലൂടെ 30,000 പേർക്ക് തൊഴിലവസരമുണ്ടാക്കി. ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെ 82,000 പേർക്ക് തൊഴിൽലഭിച്ചു. 100 ദിന കർമപരിപാടി പ്രഖ്യാപിച്ച് 1,16,440 തൊഴിലവസരം തീർത്തു. ഇതാണ് ഇടതു സർക്കാരിന്റെ അവകാശവാദം. തങ്ങളുടെ കാലത്ത് 1,54,355 പേർക്ക് അഡൈ്വസ് മെമോ നൽകിയെന്നാണ് യു.ഡി.എഫ്. അവകാശപ്പെടുന്നത്. സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും തുടങ്ങാൻ ഭൗതികസാഹചര്യം ഒരുക്കുന്നത് സർക്കാരിന്റെ കടമയാണെന്നും പ്രതിപക്ഷം പറയുന്നു.

സിപിഎം. നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ച നിയമനം രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയ സാഹചര്യത്തിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഉണ്ടാക്കുന്ന ആഘാതം വലുതാണ്. കാലടി സർവകലാശാല നിയമനത്തിന് ശുപാർശയായി നൽകിയ പാർട്ടിക്കത്ത് പുറത്തുവന്നതും നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ആരോപണത്തിന് ബലം നൽകുന്നുണ്ട്. ഈ വിഷയങ്ങളെ ഗവർണ്ണർ എങ്ങനെ കാണുമെന്നതാണ് പ്രധാനം. കാലടിയിലെ നിയമനത്തിൽ ഗവർണ്ണർ പരിശോധന നടത്തുന്നുണ്ട്.

അനധികൃത നിയമനത്തിനെതിരെ കാലടി സംസ്‌കൃത സർവകലാശാല ആസ്ഥാനത്തേക്കു കെഎസ്‌യുവും എംഎസ്എഫും മാർച്ച് നടത്തി. സിപിഎം പറവൂർ ഏരിയ സെക്രട്ടറി നൽകിയ ശുപാർശക്കത്തിന്റെ കോപ്പി കെഎസ്‌യു പ്രവർത്തകർ കത്തിച്ചു. എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ 20 പ്രവർത്തകർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു. കാലടയിലെ വിവാദത്തിനൊപ്പമാണ് ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സെക്രട്ടറിയേറ്റിൽ തകൃതിയായി നടക്കുന്നതും അതിൽ പ്രതിഷേധം ശക്തമാകുന്നതും.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്താൻ സിപിഎം. തീരുമാനിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം മന്ത്രിമാരും പാലിച്ചിട്ടില്ല. 30 പേരെയാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിക്കാനാകുന്നത്. 37 പേരെ നിയമിക്കാൻ ചട്ടം ഭേദഗതി ചെയ്തത് മുഖ്യമന്ത്രിക്കുവേണ്ടിയാണ്. ഇതിനുപുറമേയാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തലും പാർട്ടിനേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റലുമെന്ന ആരോപണങ്ങൾ. കേരള ബാങ്ക് രൂപവത്കരിക്കുന്നതിന്റെ പേരിൽ 7000 പേരുടെ റാങ്ക് പട്ടികയാണ് മരവിപ്പിച്ചത്. ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. അവിടെയാണ് നിയമനച്ചട്ടംപോലും അംഗീകരിക്കുന്നതിന് മുമ്പ് 1800 പേരെ പി.എസ്.സി. വഴിയല്ലാതെ നിയമിക്കുന്നത്.

പി.എസ്.സി.ക്ക് വിട്ട പൊതുമേഖലാസ്ഥാപനങ്ങളിലും അപ്പക്‌സ് സ്ഥാപനങ്ങളിലും കരാർനിയമനം തുടരുന്നു. 700 ഒഴിവുകളുള്ള കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തത് 150 എണ്ണം മാത്രമെന്നും പ്രതിഷേധക്കാർ പറയുന്നു.