തിരുവനന്തപുരം: പിഎസ്‌സിയിലെ അംഗമായി മനോരമക്കാരനും. മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററായ ബോണി കുര്യാക്കോസാണ് പി എസ് സിയിൽ പുതിയ അംഗമായി എത്തുന്നത്. പ്രതിമാസം രണ്ട് ലക്ഷത്തിനോട് അടുത്ത് ശമ്പളവും ചീഫ് സെക്രട്ടറി റാങ്കുമെല്ലാം ഉള്ള ഭരണഘടനാ പദവിയിലേക്കാണ് മനോരമക്കാരനെ പിണറായി സർക്കാർ നിയമിക്കുന്നത്.

പി എസ് സിയിലെ 8 അംഗങ്ങളുടെ ഒഴിവിലേക്ക് ബോണി കുര്യാക്കോസ്, ഡോ. എസ്.ശ്രീകുമാർ, എസ്. വിജയകുമാരൻ നായർ, എസ്.എ. സെയ്ഫ്, വി.ടി.കെ.അബ്ദുൽ സമദ്, ഡോ. സി.കെ.ഷാജിബ്, ഡോ. സ്റ്റാനി തോമസ്, ഡോ. മിനി സക്കറിയാസ് എന്നിവരെ ഗവർണറുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്യാനാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇത് ഗവർണ്ണർ അംഗീകരിക്കും. മധ്യ കേരളത്തെ പിടിക്കാൻ കേരളാ കോൺഗ്രസിന് വലിയ പരിഗണനയാണ് നൽകിയത്.

ഇടതുമുന്നണിയിൽ സിപിഎം, സിപിഐ, കേരള കോൺഗ്രസ് (ബി), ഐഎൻഎൽ, എൽജെഡി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്), കേരള കോൺഗ്രസ് (എം) എന്നീ കക്ഷികൾക്കാണ് ഒഴിവുകൾ വിഭജിച്ചു നൽകിയത്. അതായത് എല്ലാ കേരളാ കോൺഗ്രസുകാർക്കും പദവി നൽകി. ആരും മുന്നണി വിടരുതെന്ന സന്ദേശമാണ് ഇതിലൂടെ ഇടതു പക്ഷം നൽകുന്നത്. എന്നാൽ എൻസിപിക്ക് കൊടുത്തതുമില്ല. മാണി സി കാപ്പനും കൂട്ടരും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്. സ്‌കറിയാ തോമസും ജനാധിപത്യ കേരളാ കോൺഗ്രസും എംഎൽഎമാർ പോലുമില്ലാത്ത പാർട്ടിയാണ്.

കടപ്ലാമറ്റം സ്വദേശിയായ ബോണി കുര്യാക്കോസ് മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്. ജോസ് കെ മാണിയുടെ ശുപാർശയുമായാണ് ബോണി കുര്യാക്കോസ് പി എസ് സിയിൽ എത്തുന്നത്. ഡോ. എസ് .ശ്രീകുമാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജനാണ്. പാലാ സ്വദേശിയാണ്. പാലാ രാഷ്ട്രീയത്തിന് സിപിഎം നൽകുന്ന പരിഗണനയാണ് ശ്രീകുമാറിനും തുണയാകുന്നത്. എസ്.വിജയകുമാരൻ നായർ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് റിട്ട. സയന്റിഫിക് അസിസ്റ്റന്റായിരുന്നു. ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയാണ്. തിരുവനന്തപുരം കല്ലറ സ്വദേശിയും.

എസ്.എ. സെയ്ഫ് കൊട്ടാരക്കര സപ്ലൈ ഓഫിസറാണ്. കൊല്ലം ശൂരനാട് സ്വദേശിയും ആർ ബാലകൃഷ്ണപിള്ളയുടെ ആത്മകഥയായ 'മഹദ്വചനങ്ങൾക്ക് മാർദവമില്ലെങ്കിൽ' തയാറാക്കി. മാധ്യമം ആഴ്ച പതിപ്പിലാണ് ഇത് എഴുതിയതും. വി.ടി.കെ. അബ്ദുൽ സമദ് തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ഡോ. സി.കെ. ഷാജിബ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനും ഫാം ജേണലിസ്റ്റും. കോഴിക്കോട് പൂനൂർ സ്വദേശി.

ഡോ. സ്റ്റാനി തോമസ് പാലാ സെന്റ് തോമസ് കോളജ് പൊളിറ്റിക്‌സ് വിഭാഗം മേധാവിയും ഫുൾബ്രൈറ്റ് ഫെലോയും, കോട്ടയം മോനിപ്പള്ളി സ്വദേശി. ഡോ. മിനി സക്കറിയാസ് ആലപ്പുഴ വണ്ടാനം ഗവ. നഴ്‌സിങ് കോളജ് അസോഷ്യേറ്റ് പ്രഫസർ, എറണാകുളം ചെമ്പുമുക്ക് സ്വദേശി.