തിരുവനന്തപുരം: കേരള ബാങ്കിൽ ദിവസ വേതനാടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്ന 1,856 പേരെ അടുത്ത മന്ത്രിസഭാ യോഗത്തിൽ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സഹകരണ സെക്രട്ടറി തിരിച്ചയച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ തെരുവിൽ ഇറങ്ങിയതിന്റെ ഗുണം ലഭിച്ചു തുടങ്ങിയതിന്റെ സൂചനയാണ് ഇത്. കേരളാ ബാങ്കിലെ 1850 നിയമന ശുപാർശയും തള്ളി സഹകരണ സെക്രട്ടറി നിലപാട് എടുത്തത് ഭാവിയിൽ ഉണ്ടാകാനിടയുള്ള നിയമ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ്. പി എസ് സി റാങ്ക് ലിസ്റ്റ് നിലവിൽ ഇരിക്കവേ അട്ടിമറിക്കാൻ നടത്തിയ നീക്കം തിരിച്ചടിയായതോടെ കേരള ബാങ്കിലെ നിയമനത്തിൽ പിന്നോട്ട് വലിയുകയാണ് സർക്കാർ.

സഹകരണ ജില്ലാ ബാങ്കുകളിലെ നിയമനം പി എസ് സിക്ക് വിട്ടിരുന്നു. ഇതിൽ പലതിലെ നിയമനത്തിനും പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഈ ബാങ്കുകളാണ് കേരളാ ബാങ്കായി മാറിയത്. ഇതു മുതലെടുത്ത് കേരളാ ബാങ്കിലെ നിയമനം പി എസ് സിക്ക് വിട്ടിട്ടില്ലെന്ന ന്യായവുമായാണ് സ്ഥിരപ്പെടുത്തലിന് ശ്രമം നടന്നത്. എന്നാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്ക് പട്ടിക അടക്കമുള്ള സാഹചര്യത്തിൽ കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തലിൽ വലിയ നിയമ പോരാട്ടം നടക്കുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് പതിയെ പിന്മാറുന്നത്. അടുത്ത മന്ത്രി സഭയിൽ ഈ സ്ഥിരപ്പെടുത്തൽ പരിഗണിച്ചില്ലെങ്കിൽ പിന്നെ അത് നടക്കാനും ഇടയില്ല.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിന് ശേഷം സർക്കാരിന് നയപരമായ തീരുമാനം എടുക്കാനാകില്ല. പിന്നീട് അധികാരത്തിൽ വരുന്നവർക്കാകും അധികാരം. ഈ സാഹചര്യത്തിൽ കേരളാ ബാങ്കിൽ സഹകരണ സെക്രട്ടറി എടുത്ത തീരുമാനം നിർണ്ണായകമാണ്. കൂട്ട സ്ഥിരപ്പെടുത്തലുകൾ ആവശ്യപ്പെടും മുൻപു പഠനം നടത്തണമെന്നും സാമ്പത്തിക ബാധ്യത എത്രയെന്നു ശുപാർശയിൽ വ്യക്തമാക്കിയിട്ടില്ലെന്നും സെക്രട്ടറി ഫയലിൽ കുറിച്ചു. സഹകരണ രജിസ്റ്റ്രാർ പരിശോധിക്കാതെയാണു ഫയൽ സമർപ്പിച്ചിരിക്കുന്നതെന്നും ശുപാർശ തള്ളിയ ഉത്തരവിൽ സെക്രട്ടറി മിനി ആന്റണി ചൂണ്ടിക്കാട്ടി.

താൽക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതിനെതിരായ ജനരോഷം കണക്കിലെടുത്തു കേരള ബാങ്ക് ജീവനക്കാരെ തൽക്കാലം മാറ്റിനിർത്തുന്നുവെന്നാണു സൂചന. കേരള ബാങ്ക് ഒഴിവായതോടെ അഞ്ഞൂറോളം പേരെ സ്ഥിരപ്പെടുത്താനുള്ള പട്ടികയാണ് ഇനി മന്ത്രിസഭയ്ക്കു മുന്നിലുള്ളത്. ഇത് തിങ്കളാഴ്ച പരിഗണിക്കും. കൂടുതൽ ശുപാർശകൾ ഉണ്ടെങ്കിൽ ഞായറാഴ്ച പകൽ 3 നു മുൻപു സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തലിൽ തീരുമാനമാകാൻ സാധ്യത കുറവാണ്. 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന കലക്ഷൻ ഏജന്റുമാർ അടക്കമുള്ളവരെ സ്ഥിരപ്പെടുത്താനാണു ശ്രമിച്ചത്. എത്രപേരെന്ന് അറിയില്ല. ലയനത്തിന്റെ ഭാഗമായി ആരുടെയും ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് പാലിക്കേണ്ടതുണ്ടെന്നാണ് ഇതേ കുറിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിക്കുന്നത്.

പാർട്ട് ടൈം സ്വീപ്പർ മുതൽ ഉന്നത മാനേജ്‌മെന്റ് പദവികളിൽ ഉള്ളവർ വരെ കേരള ബാങ്കിന്റെ സ്ഥപ്പെടുത്തൽ പട്ടികയിലുണ്ടായിരുന്നു. 10 വർഷം താൽക്കാലിക ജോലി ചെയ്ത 852 പേരുണ്ട്. ബാക്കി 1004 പേരിൽ പലർക്കും 5 വർഷത്തിൽ താഴെയാണു പ്രവൃത്തി പരിചയം. 1856 പേരുടെ വിവരങ്ങൾ അടങ്ങിയ ഒരു ഫയലും 10 വർഷം പൂർത്തിയാക്കിയവരുടെ മാത്രമായി മറ്റൊരു ഫയലുമാണ് സെക്രട്ടറിക്ക് കേരള ബാങ്ക് സിഇഒ അയച്ചത്. മുഴുവൻ പേരുടെയും നിയമനത്തിന് എതിർപ്പുണ്ടായാൽ 10 വർഷം പൂർത്തിയാക്കിയവരെ മാത്രമായി സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. ഇതും തൽകാലം വേണ്ടെന്ന് വയ്ക്കുകയാണ്. സാമ്പത്തിക ബാധ്യതയിൽ കുറിപ്പെഴുതിയാൽ ഈ ഫയൽ പിന്നീട് ധന വകുപ്പും കാണേണ്ടി വരും. ഇതെല്ലാം സമയം കൂടുതൽ എടുക്കാൻ കാരണമാകും.

880 കളക്ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവരെയാണ് സ്ഥിരപ്പെടുത്താനായി ഫയൽ നീക്കിയത്. പി.എസ്.സി വഴിയുള്ള നിയമനം തടസപ്പെട്ടെന്ന കാരണത്താൽ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ഈ മാസം അഞ്ചിനാണ് സഹകരണവകുപ്പിന് കൈമാറിയത്. എന്നാൽ ഇത്തരത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തികബാദ്ധ്യത സംബന്ധിച്ച് പഠനമൊന്നും നടത്തിയില്ലെന്ന് കാട്ടിയാണ് ഈ മാസം 9ന് ഫയൽ മടക്കിയിരിക്കുന്നത്. സഹകരണ രജിസ്ട്രാർ ഇക്കാര്യം പരിശോധിക്കുകയോ ശുപാർശ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും സഹകരണവകുപ്പ് സെക്രട്ടറിയുടെ മറുപടിക്കത്തിൽ വ്യക്തമാക്കുന്നു. കൂട്ടസ്ഥിരപ്പെടുത്തൽ നിർദ്ദേശത്തിന് മുന്നോടിയായി നടത്തേണ്ട പ്രവൃത്തിപഠനം നടന്നിട്ടില്ല. അതിനാൽ നിർദ്ദേശം പരിഗണിക്കാനാവില്ലെന്നും ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷം പുതിയ നിർദ്ദേശം സമർപ്പിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചു.

ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി ജോലി ചെയ്യുന്നവരുടെ തസ്തിക തിരിച്ചുള്ള പട്ടികയാണ് സ്ഥിരപ്പെടുത്തലിനായി ബാങ്ക് സമർപ്പിച്ചത്. മുമ്പ് സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പി.എസ്.സി. വഴി നിയമനം നടത്തിയിരുന്ന തസ്തികകളും സ്ഥിരപ്പെടുത്തലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലർക്ക്, സെക്യൂരിറ്റി, കളക്ഷൻ ഏജന്റ്, നൈറ്റ് വാച്ച്മാൻ, സ്വീപ്പർ, ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, കീബോയ്, ഗൺമാൻ തുടങ്ങിയ തസ്തികകളിലാണ് സ്ഥിരപ്പെടുത്താൻ നിർദ്ദേശമുള്ളത്. പത്ത് വർഷത്തിലേറെയായി തുടർച്ചയായി ഇവർ ജോലിചെയ്യുന്നുവെന്നാണ് ശുപാർശയിൽ പറയുന്നത്.

പി.എസ്.സി. റാങ്ക്പട്ടികയുണ്ടായിരുന്നിട്ടും കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെടുത്തി സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള നിയമനം തടഞ്ഞുവെച്ചിരുന്നു. കാലാവധി അവസാനിച്ച് റാങ്ക്പട്ടികകൾ റദ്ദാവുകയും ചെയ്തു. കോടതി നിർദ്ദേശപ്രകാരം ഒഴിവുകൾ സോപാധികമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടും നിയമനം നടത്താൻ സാധിച്ചിട്ടില്ല. ഒഴിവുകളില്ലെന്ന വാദമാണ് ബാങ്ക് അധികൃതർ കോടതിയെ അറിയിക്കുന്നത്. അതിനിടയിലാണ് 1800-ഓളം പേരെ സ്ഥിരപ്പെടുത്താൻ ക്രമരഹിതമായി സർക്കാരിന് ശുപാർശ സമർപ്പിച്ചത്.