- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്യൂണിസ്റ്റായതിൽ അഭിമാനം കൊള്ളുന്നവളാണ്; ഗതികേടു കൊണ്ടാണ് സമരത്തിനു വന്നത്; ഇടതുസർക്കാർ നീതികേടാണു ചെയ്യുന്നതെന്നു പറയാൻ വേദനയുണ്ട്; അർഹതപ്പെട്ട ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കളിയാക്കുന്ന സൈബർ സഖാക്കൾ ഈ വാക്കുകളും കേൾക്കണം; സമരം ചെയ്യുന്നവരിൽ നിങ്ങളുടെ രാഷ്ട്രീയ സഹയാത്രികരുമുണ്ട്
തിരുവനന്തപുരം: സൈബർ സഖാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇടതു പക്ഷ സഹയാത്രികരും. സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അഭിനയമാണെന്നും പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്നുമുള്ള മന്ത്രിമാരുടെ ആക്ഷേപം വേദനിപ്പിക്കുന്നത് സിപിഎം അനുയായികളെയാണ്. ജോലിക്ക് വേണ്ടി അവരും സമര മുഖത്തുണ്ട്. എല്ലാവരേയും കോൺഗ്രസും ബിജെപിയുമാക്കി സൈബർ സഖാക്കളും മന്ത്രിമാരും മാറ്റുമ്പോൾ ഇവർ പൂർണ്ണ നിരാശയിലാണ്.
ലാസ്റ്റ് ഗ്രേഡ് സെർവന്റസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഇടുക്കി സ്വദേശി ബിജേഷ്, തിരുവനന്തപുരം സ്വദേശി ശോഭിത, കൊല്ലം സ്വദേശി രമ്യ എന്നിവരാണു രംഗത്തെത്തിയത്. തങ്ങൾ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല. ജോലിക്കു വേണ്ടിയാണു സമരം. സൈബർ ആക്രമണം മൂലമാണ് രാഷ്ട്രീയം തുറന്നുപറയേണ്ടി വന്നതെന്നും വ്യക്തമാക്കി. ഇവരെല്ലാം ഇടതുപക്ഷത്തിന്റെ ഉറച്ച പ്രവർത്തകരാണ്. സ്വന്തം വിലാസം ഉൾപ്പെടെ പറഞ്ഞാണ് സമരത്തിനെതിരെ ഉയർത്തുന്ന വ്യാജ രാഷ്ട്രീയ ആരോപണത്തെ ഇവർ തള്ളി പറയുന്നത്. അതിനിടെ നിരന്തര സൈബർ ആക്രമണം ജീവനു ഭീഷണിയാകുന്നതിനാൽ സൈബർ സെല്ലിൽ പരാതി നൽകിയതായി സമരത്തിനു നേതൃത്വം നൽകുന്ന ലയ രാജേഷ് പറഞ്ഞു.
''ജനനം മുതൽ ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നവരാണ് ഞാനും വീട്ടുകാരും. രാഷ്ട്രീയം കൊണ്ട് നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നില്ല. പാർട്ടിയെ ചതിച്ചെന്നു ചിന്തിക്കരുത്. ജോലി മാത്രമാണു ലക്ഷ്യം-ഇടുക്കിക്കാരനായ ബിജേഷ് മോഹൻ പറയുന്നു. ''കമ്യൂണിസ്റ്റായതിൽ അഭിമാനം കൊള്ളുന്നവളാണ്. പ്രതിപക്ഷം ക്ഷണിച്ചിട്ടല്ല, ഗതികേടു കൊണ്ടാണ് സമരത്തിനു വന്നത്. ഇടതുസർക്കാർ നീതികേടാണു ചെയ്യുന്നതെന്നു പറയാൻ വേദനയുണ്ട്. മുൻപു മന്ത്രി മേഴ്സിക്കുട്ടിയമ്മ, ചിന്ത ജെറോം എന്നിവരെ നേരിട്ടു കണ്ട് പരാതി ധരിപ്പിച്ചിരുന്നു.''-ഇതാണ് കൊല്ലത്തുകാരി രമ്യക്ക് പറയാനുള്ളത്. ''ഇടതുപക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് ഞാനും കുടുംബവും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേർ റാങ്ക് പട്ടികയിലുണ്ട്.''-തിരുവനന്തപുരത്തുകാരി ശോഭിതയും പറയുന്നു.
കേരളാ ബാങ്കിൽ ഉൾപ്പെടെ നടക്കുന്ന സ്ഥിര നിയമന മാമാങ്കത്തിന്റെ ഇരകളാണ് തങ്ങളെന്ന് ഇവർ കരുതുന്നു. അതുകൊണ്ട് തന്നെ സമരം കൂടുതൽ ശക്തമാക്കും. ഇതിനിടെയാണ് സൈബർ ആക്രമണവും കൂടുന്നത്. പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്തി ന്യായീകരിക്കാനാണ് സർക്കാർ ശ്രമം. എന്നാൽ ഇവരുടെ വേദനകൾക്ക് കൃത്യമായ മറുപടി പറയാനുമില്ല. സെക്രട്ടറിയറ്റിനു മുന്നിൽ തിങ്കളാഴ്ച 'കണ്ണീർ നാടകം' കളിച്ച ലയ രാജേഷ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്ന് പറഞ്ഞ് കളിയാക്കാൻ സിപിഎം ഗ്രൂപ്പുകളും ദേശാഭിമാനിയും ശ്രമിച്ചിരുന്നു.
പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിനിടെ കൂട്ടുകാരിയുടെ ചുമരിൽ ചാരി പൊട്ടിക്കരയുന്ന ലയ രാജേഷിന്റെ ചിത്രം പ്രചരിച്ചിരുന്നെങ്കിലും 'കണ്ണീർ കഥ' തയ്യാറാക്കാൻ ഒരുക്കിയ 'സെറ്റ്' സമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ പൊളിഞ്ഞുവെന്ന തരത്തിലാണ് വാർത്ത എത്തിയത്. തൃശൂർ അരണാട്ടുകര സ്വദേശിയായ ലയ വർഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. കെപിസിസി സെക്രട്ടറി എ പ്രസാദിനൊപ്പം കോൺഗ്രസിന്റെ പതാക ഷാളാക്കി അണിഞ്ഞു നിൽക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൃശൂർ കോർപറേഷൻ 54-ാം ഡിവിഷനിൽ കോൺഗ്രസിനുവേണ്ടി എഡിഎസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോറ്റുഇതൊക്കെയാണ് ലയയ്‌ക്കെതിരെ നടക്കുന്ന പ്രചരണം.
ജില്ലയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട കോൺഗ്രസ് അനുകൂലികളായവർ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പിലും അംഗമാണ്. പിഎസ്‌സി നിയമനത്തിന്റെ പേരും പറഞ്ഞ് നിരന്തരം സർക്കാരിനെ കരിവാരിത്തേക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിലുമുണ്ട്. ഇവർ പട്ടികയിൽ 583ാം റാങ്കുകാരിയാണ്. തൃശൂർ ജില്ലയിൽ ഇതിനകം 496 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. പട്ടികയ്ക്ക് ആറുമാസം കൂടി കാലാവധിയുമുണ്ടെന്നും പറഞ്ഞ് ലയയെ അപമാനിക്കുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിലെ ഇടതു പക്ഷക്കാരും പ്രതികരണവുമായി എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ