- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മന്ത്രിതല ചർച്ച; റാങ്ക് എത്രയെന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞു; റാങ്ക് ലിസ്റ്റ് പത്തു വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച് മന്ത്രിയും; മന്ത്രി കടകംപള്ളി ഉദ്യോഗാർത്ഥികളെ അപമാനിച്ചുവെന്നും ആരോപണം; ഉദ്യോഗാർത്ഥികൾ സമരം തുടരും
തിരുവനന്തപുരം: സർക്കാരിന്റെ ഉറപ്പുകൾ ഇന്ന് നിയമസാധുതയോടെ രേഖാമൂലം നൽകിയാൽ മാത്രം സമരത്തിൽ നിന്ന് പിന്മാറുവെന്ന നിലപാടിലാണ് പിഎസ്‌സി ഉദ്യോഗാർഥികൾ. ഇന്നു വൈകിട്ട് വരെ സർക്കാരിന്റെ തീരുമാനത്തിനായി കാത്ത ശേഷം നാളെ മുതൽ നിരാഹാര സമരം ഉൾപ്പെടെ പ്രഖ്യാപിച്ചു മുന്നോട്ടുപോകുമെന്നും സമരനേതാവ് ലയ രാജേഷ് പറഞ്ഞു.
അതിനിടെ സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. എന്നാൽ അനുകൂലമായ സമീപനമല്ല മന്ത്രിയിൽനിന്നുണ്ടായതെന്ന് ചർച്ചയിൽ പങ്കെടുത്തു ഉദ്യോഗാർഥികൾ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു.
മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് മന്ത്രിയുടെ പേരുപറയാൻ അവർ തയ്യാറായില്ല. എന്നാൽ അവർ കണ്ടത് കടകംപള്ളിയെ മാത്രമാണ്.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാർഥികൾ വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആർക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നുണ്ടായത്. എന്നാൽ ഇത് സർക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി തലത്തിൽ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി മനോജ് ഏബ്രഹാമും ചർച്ചയുടെ വിവരങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയെന്നാണു വിവരം. ഇനി മുഖ്യമന്ത്രിയുടെ തീരുമാനമാണ് വരേണ്ടത്. 6 മാസം കഴിഞ്ഞ താത്കാലികക്കാരെ മാറ്റുന്നതിലും, എൽജിഎസ് പട്ടികയിൽ നിന്നു വാച്ചർമാരെ നിയമിക്കുന്നതിലും ഔദ്യോഗിക കടമ്പകൾ ഒട്ടേറെയെന്നാണ് ചർച്ചയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സിവിൽ പൊലീസ് ഉദ്യോഗാർഥികൾ പറഞ്ഞതു കേട്ടതല്ലാതെ കൃത്യമായ ഉറപ്പും സർക്കാർ നൽകിയിട്ടുമില്ല.
സിപിഒ, എൽജിഎസ്, അദ്ധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ ചർച്ചയ്ക്കു ശേഷവും സമരം തുടരുകയാണ്. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഉദ്യോഗാർഥികളുടെ സമരം 28 ദിവസം പിന്നിട്ടു. 15-ാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധം. ഇവരോട് ഒരു അനുകമ്പയും സർക്കാർ കാട്ടില്ല. കെഎസ്ആർടിസി ഡ്രൈവർ പട്ടികയിലുള്ളവരും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ