തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ സമരം വീണ്ടും ശക്തമാകുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സർക്കാരിനെതിരെ സമരം ചെയ്തു വന്ന, 5 പിഎസ്‌സി റാങ്ക് പട്ടികകളിലുൾപ്പെട്ട ഉദ്യോഗാർഥികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ലോങ് മാർച്ച് കാരക്കോണത്ത് നിന്ന് ആരംഭിച്ചു. ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിക്കും.

നിയമനം നൽകാതെ വഞ്ചിച്ച സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. എക്‌സൈസ് ഓഫിസർ റാങ്ക് പട്ടികയിൽ 77ാം റാങ്കുകാരനായിട്ടും ജോലി കിട്ടാത്തതിൽ നിരാശനായി ജീവനൊടുക്കിയ കാരക്കോണം സ്വദേശി അനുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് അമ്മ ദേവകി മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. സമരസമിതി കോ ഓർഡിനേറ്റർ ഇ.വി.പ്രകാശ് അധ്യക്ഷത വഹിച്ചു. പാറശാല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അൻസജിത റസൽ, യുവമോർച്ച നേതാവ് രഞ്ജിത്ത് ചന്ദ്രൻ, കെപിസിസി സെക്രട്ടറി വൽസരാജ്, എന്നിവർ പ്രസംഗിച്ചു.

പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കെഎസ്ആർടിസി റിസർവ് ഡ്രൈവർ, മെക്കാനിക്, ഫോറസ്റ്റ് വാച്ചർ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട വനിതകൾ ഉൾപ്പെടെയുള്ള ഇരുന്നൂറോളം പേരാണു കാൽനട പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും പ്രതിപക്ഷ രാഷ്ട്രീയവിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ ഉദ്യോഗാർഥികൾക്കു പിന്തുണ അറിയിച്ചെത്തി.

നെയ്യാറ്റിൻകരയിൽ എൻഡിഎ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻ നായരും അഭിവാദ്യം അർപ്പിക്കാനെത്തി. ബാലരാമപുരത്ത് ആദ്യ ദിനത്തിലെ സമാപന സമ്മേളനം കോവളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.വിഷ്ണു, എസ്.വിഷ്ണു, വി.സനു, അശോക്, വിനായകൻ, രതീഷ് ജയപാലൻ, അരവിന്ദ്, ലാസർ, നിധീഷ്, മുഹ്‌സിൽ, ദീപു, രഞ്ജിത്ത്, പ്രവീൺ എന്നിവരാണു മാർച്ചിനു നേതൃത്വം നൽകുന്നത്.