- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പു കാലത്ത് വോട്ട് കിട്ടാൻ എല്ലാം പറഞ്ഞു തീർത്ത് കൈയടി നേടി; പക്ഷേ നിയമനം മാത്രം നടത്തിയില്ല; നിലവിലെ 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാൻ 13 ദിവസം മാത്രം ശേഷിക്കെ വീണ്ടും സമരം; പി എസ് സി നിയമനങ്ങളിൽ കൊടുത്തത് പൊള്ള വാഗ്ദാനമോ?
തിരുവനന്തപുരം: വീണ്ടും പി എസ് സി സമരം. സർക്കാർ എല്ലാവരേയും പറഞ്ഞു പറ്റിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സമരക്കാരെ നല്ല വാക്കു പറഞ്ഞു പിരിച്ചു വിട്ടെങ്കിലും വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയില്ല. അതുകൊണ്ട് തന്നെ വീണ്ടും സമരം. കോവിഡുകാലത്ത് സെക്രട്ടറിയേറ്റിൽ ജോലിക്ക് വേണ്ടിയുള്ള സമരം. നിലവിലെ 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാൻ 13 ദിവസം മാത്രം ശേഷിക്കെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടങ്ങിയത്. സമരവേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണയുമായി എത്തി.
ഓൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ, വനിതാ പൊലീസ് ബറ്റാലിയൻ റാങ്ക് ഹോൾഡേഴ്‌സ്, ക്ലാർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള (ക്രിയ) എന്നിവയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. വരും ദിനങ്ങളിൽ വിവിധ റാങ്ക് ലിസ്റ്റുകളിലെ കൂടുതൽ ഉദ്യോഗാർഥികൾ രംഗത്തെത്തിയേക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റണമെന്നാണ് ആവശ്യം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രിയയുടെ സമരം. ഓരോ ജില്ലയിൽ നിന്നു 3 പേർ വീതം ദിവസവും പങ്കെടുക്കും. നിയന്ത്രണങ്ങളുള്ള ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെയാണ് പ്രതിഷേധം. 2018 ഏപ്രിലിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നാലു മാസം ലിസ്റ്റ് നീട്ടി നൽകി. മൂന്നൂ മാസമെങ്കിലും ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണു സമരം.
ഓൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല സത്യഗ്രഹം ഏഴു ദിവസം പിന്നിട്ടു. ഇടുക്കി, മലപ്പുറം, കോട്ടയം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർ സമരത്തിന്റെ ഭാഗമായി. വിവിധ ജില്ലകളിൽ എൽപി, യുപി, എച്ച്എസ്എ റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം നടത്തുന്നത്. റാങ്ക് ലിസ്റ്റുകളിൽ 1200 പേരാണ് ഉള്ളത്. 2018ൽ നിലവിൽ വന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടിയെങ്കിലും കോവിഡ് മൂലം സ്‌കൂളുകൾ തുറക്കാത്തതിനാൽ ഫലമുണ്ടായില്ല.
വനിതാ പൊലീസ് ബറ്റാലിയൻ റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരം 4 ദിവസം പിന്നിട്ടു. 2020 ഓഗസ്റ്റ് 4നാണ് 2072 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പിന്നെയും 3 മാസം കഴിഞ്ഞാണ് നിയമന ശുപാർശ അയച്ചു തുടങ്ങിയത്. ഇതു വരെ 533 പേർക്കു മാത്രമാണു നിയമനം നൽകിയത്.
കാസർകോട്, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ ഇന്നലെ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ