- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കൽ കൂടിയിട്ടും പുതിയ തസ്തികകൾ അനുവദിച്ചിട്ടും നിയമനങ്ങളിൽ വർദ്ധന ഉണ്ടായില്ല; സ്ഥാനക്കയറ്റം പൂർത്തിയാക്കാത്തതും ആശ്രിത നിയമനത്തിന് ഒഴിവുകൾ മാറ്റിവെച്ചതും തിരിച്ചടിയായി; ഈ ഉദ്യോഗാർത്ഥികളുടെ കണ്ണീർ ആരും കാണാതെ പോകുമ്പോൾ
തിരുവനന്തപുരം: വിരമിക്കൽ കൂടിയിട്ടും 20,000-ത്തോളം പുതിയ തസ്തികകൾ അനുവദിച്ചിട്ടും പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ കാര്യമായ വർധനയുണ്ടായില്ലെന്നതാണ് വസ്തുത. എങ്കിലും നിലവിലുള്ള പട്ടികയൊന്നും സർക്കാർ നീട്ടില്ല. ഹൈക്കോടതി ഉത്തരവും സർക്കാരിന് തുണയാണ്. ഇതോടെ കോവിഡ് കാല പരീക്ഷകൾക്ക് പിഎസ് സിയും കടക്കും.
റാങ്ക്പട്ടികകൾക്ക് അധിക കാലാവധി അനുവദിച്ച ഫെബ്രുവരി അഞ്ചിനുശേഷം പി.എസ്.സി. അയച്ചത് ആറായിരത്തോളം നിയമന ശുപാർശകളാണ്. എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, സ്റ്റാഫ് നഴ്സ്, സെയിൽസ് അസിസ്റ്റന്റ്, വനിതാ പൊലീസ് എന്നീ അഞ്ച് തസ്തികകളിൽമാത്രം 4000 പേർക്ക് നിയമന ശുപാർശ നൽകിയതായാണ് പി.എസ്.സി. അറിയിച്ചത്. ഇത് ഈ തസ്തികകളിലെ കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് അയച്ചതിനെക്കാൾ കുറവാണ്.
ഈ സാഹചര്യത്തിലായിരുന്നു ഉദ്യോഗാർത്ഥികൾ സമരത്തിന് ഇറങ്ങിയത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് നീതി കിട്ടിയെങ്കിലും ഹൈക്കോടതി പി എസ് സിയ്‌ക്കൊപ്പമാണ്. സ്ഥാനക്കയറ്റം സമയബന്ധിതമായി പൂർത്തിയാക്കാത്തതും ആശ്രിത നിയമനത്തിന് ഒഴിവുകൾ മാറ്റിവെച്ചതും നിയമനം കുറയാനുള്ള കാരണങ്ങളായി ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു. നൈറ്റ് വാച്ച്മാന്മാരുടെ ജോലിസമയം എട്ടുമണിക്കൂറായി ക്രമപ്പെടുത്തി അധികമായുണ്ടാകുന്ന തസ്തികകളും റിപ്പോർട്ട് ചെ്തില്ല.
എൽ.ഡി.സി.യിൽ ആകെ 10,600 പേർക്കും എൽ.ജി.എസിൽ 7470 പേർക്കും നിയമന ശുപാർശ അയച്ചു. എന്നാൽ, എൽ.ഡി.സി.ൽ 11,500 പേർക്കും എൽ.ജി.എസിൽ 11,455 പേർക്കും കഴിഞ്ഞ പട്ടികയിൽനിന്ന് നിയമന ശുപാർശ ലഭിച്ചു. ഇതിലേറെ പേർക്ക് നിയമന സാധ്യത ഉണ്ടായിരുന്നു. ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സമിതിയുണ്ടാക്കിയെങ്കിലും ഇതും ഫലം കണ്ടില്ല.
ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സിൽ 14 ജില്ലകളിലുമായി മൊത്തം 2455 പേർക്കാണ് നിയമന ശുപാർശ അയച്ചത്. പുതുതായി സൃഷ്ടിച്ച നഴ്സ് തസ്തികകളിൽ താത്കാലിക നിയമനമാണ് സർക്കാർ നടത്തിയത്. റാങ്ക്പട്ടിക ദീർഘിപ്പിച്ച ശേഷം 414 പേരെ മാത്രമേ നിയമിച്ചുള്ളൂ. വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക്പട്ടികയിൽനിന്ന് 702 പേരെ നിയമനത്തിന് ശുപാർശ ചെയ്തു. സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല.
നാളെ കാലാവധി അവസാനിക്കുന്ന 493 പിഎസ്‌സി റാങ്ക് പട്ടികകൾ ഇനി നീട്ടില്ലെന്നും പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്ന ആവശ്യം നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കാലാവധി നീട്ടാൻ സർക്കാർ ശുപാർശ ചെയ്യാത്തതിനാൽ ഇതു സംബന്ധിച്ചു പിഎസ്‌സി യോഗം തീരുമാനം എടുത്തില്ല. സർക്കാർ ശുപാർശ ഇല്ലാതെ സ്വന്തം നിലയിൽ കാലാവധി നീട്ടാൻ പിഎസ്‌സിക്ക് അധികാരമില്ല. ഹൈക്കോടതി വിധിയും ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണ (കെ.എ.ടി) ലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഎസ്‌സിയുടെ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ ജില്ലകളിലേയും വകുപ്പ് മേധാവികൾ എല്ലാ എൽ ജി എസിന്റെ വകുപ്പുകളിലേയും ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടേയും ആസ്ഥാനങ്ങളായുള്ള ഡയറക്ടേറേറ്റുകളിലെ ഒഴിവുകൾ പി എസ് സി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. ഓരോ ജില്ലകളിൽ നിന്നുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുടർ ഹർജികൾ പരിഗണിക്കാനും ട്രിബ്യൂണലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ