- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ശമ്പളം വാങ്ങി വെറുതെ ഇരിക്കുന്നവർക്ക് കഷ്ടകാലം; വിവിധ വകുപ്പുകളിൽ അധികമുള്ള ജീവനക്കാരെ സേവനം ആവശ്യമുള്ള മറ്റു വകുപ്പുകളിലേക്കു മാറ്റി നിയമിക്കും; സാമ്പത്തിക പ്രതിസന്ധിയിൽ പുനർവിന്യാസം അനിവാര്യത; ഫലത്തിൽ നിയമന നിരോധനവും
തിരുവനന്തപുരം: പണിയെടുക്കാത്തെ സുഖിക്കുന്ന സർക്കാർ ജീവനക്കാർക്ക് പണി വരും. വിവിധ സർക്കാർ വകുപ്പുകളിൽ അധികമുള്ള ജീവനക്കാരെ, അവരുടെ സേവനം ആവശ്യമുള്ള മറ്റു വകുപ്പുകളിലേക്കു മാറ്റി നിയമിക്കും. ഫലത്തിൽ ഇത് നിമയന നിരോധനായി മാറുമെന്നതാണ് മറ്റൊരു വസ്തുത.
ചെലവു ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ, ജിഎസ്ടി നടപ്പാക്കിയതോടെ പ്രവർത്തനം അവസാനിപ്പിച്ച ചെക്‌പോസ്റ്റുകളിൽ നിന്നു മറ്റു വകുപ്പുകളിലേക്കുള്ള പുനർവിന്യാസം മാത്രമാണു നടന്നത്. ഇതിന് ഇനി മാറ്റം വരും. എല്ലാ വകുപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കും.
മറ്റെല്ലാ വകുപ്പുകളിലെയും അധിക ജീവനക്കാരെ കണ്ടെത്താൻ 16 സംഘങ്ങളെ നിയോഗിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അടക്കമുള്ളവയിൽ വെറുതേയിരിക്കുന്ന ജീവനക്കാരെ ഇവർ കണ്ടെത്തും. ഇവരെ മറ്റ് വകുപ്പുകളിലേക്ക് നിയമിക്കും. ഇതോടെ അവിടെയുള്ള നിയമനങ്ങൾ ഇല്ലാതാകും.
ഫലത്തിൽ നിയമനം ആഗ്രഹിച്ച് പുറത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് പ്രതിസന്ധിയാകും. എങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ അനിവാര്യതയാണ് ഉദ്യോഗസ്ഥ പുനർനിർണ്ണയം. കടം എടുത്തു മുമ്പോട്ട് പോകുന്ന സർക്കാരിനെ പുതിയ നിയമനങ്ങൾ കടുത്ത പ്രതിസന്ധിയിലാക്കും. അതുകൊണ്ടാണ് ശമ്പളം വാങ്ങി വെറുതെ ഇരിക്കുന്നവരെ കണ്ടെത്താനുള്ള നീക്കം.
ഇ-ഓഫിസ്, കംപ്യൂട്ടർ സൗകര്യങ്ങൾ എന്നിവ നടപ്പാക്കി ഓഫിസുകളിലെ ടൈപ്പിസ്റ്റുകളെ മറ്റു ചുമതലകളിലേക്കു മാറ്റും. ഓഫിസ് അറ്റൻഡന്റുമാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണു മാറ്റുക. ഫലത്തിൽ ക്ലാസ് ഫോർ തസ്തിക പോലും നികത്തും. ഇത് പി എസ് എസി റാങ്കുലിസ്റ്റുകളുടെ സാധ്യതയെ പോലും ഇല്ലാതാക്കും.
പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിൽ ഇപ്പോൾ കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ ഉള്ളതിനാൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കും. ഇതിനു പുറമേ, ക്ഷേമനിധികൾ, കമ്മിഷനുകൾ, അഥോറിറ്റികൾ, സൊസൈറ്റികൾ തുടങ്ങിയവയെ ഒരു കുടക്കീഴിലാക്കി ജീവനക്കാരുടെ എണ്ണം കുറയ്ക്കും.
ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് പുതിയ സംഘങ്ങളെ നിയോഗിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ പ്രവർത്തന പുരോഗതി ഇവർ സർക്കാരിനെ അറിയിക്കണം.
എല്ലാ ജീവനക്കാർക്കും ഇ സർവ്വീസ് ബുക്ക്
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇസർവീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് തുടങ്ങിയവ മൂലം ശമ്പളത്തിൽ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതൽ ഇ സർവീസ് ബുക്കിൽ രേഖപ്പെടുത്തും.
കഴിഞ്ഞ ജനുവരി 1 മുതൽ സർവീസിൽ കയറിയവർക്ക് ഇസർവീസ് ബുക്ക് മാത്രമാവും ഉണ്ടാവുക. 2023 ഡിസംബർ 31നോ, മുൻപോ വിരമിക്കുന്നവർക്ക് ഇപ്പോഴത്തെ സർവീസ് ബുക്ക് തുടരാം. ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടാത്തവർക്കു സാധാരണ സർവീസ് ബുക്കും ഇസർവീസ് ബുക്കും ഉണ്ടാകും. ഇവരുടെ ഇപ്പോഴത്തെ സർവീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബർ 31നു മുൻപായി ഇസർവീസ് ബുക്കിൽ ചേർക്കണം.
ജീവനക്കാർക്ക് അവരുടെ സ്പാർക് ലോഗിൻ വഴി ഇസർവീസ് ബുക്കിലെ വിവരങ്ങൾ കാണാം. മൊബൈൽ നമ്പറും ഇമെയിലും മറ്റും സ്പാർക്കിൽ നൽകി ജീവനക്കാർക്കു ലോഗിൻ തയാറാക്കാം. ഇസർവീസ് ബുക്കിലേക്കുള്ള മാറ്റം 2 മാസം കൂടുമ്പോൾ ധനവകുപ്പ് വിലയിരുത്തും. ധന വകുപ്പിലെ (പെൻഷൻ ബി) വിഭാഗത്തിനാണ് ഇ സർവീസ് ബുക്കിന്റെ ചുമതല.
മറുനാടന് മലയാളി ബ്യൂറോ