തിരുവനന്തപുരം: വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സഖാക്കളെ സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമ ഘട്ടത്തിൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ളതിനാൽ ഉടൻ തീരുമാനം എടുക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിച്ചില്ലെങ്കിൽ അടുത്ത ആഴ്ചയിൽ തീരുമാനം ഉണ്ടാകും. അതിനിടെ അതിവിചിത്രമായ പലതും താൽകാലികക്കാർക്ക് വേണ്ടി നടക്കുന്നുമുണ്ട്.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുവഴി എത്തിയ സ്വീപ്പർമാർക്ക് എൽ.ഡി. ക്ലാർക്കായി സ്ഥാനക്കയറ്റം നൽകിയെന്ന ആരോപണത്തെത്തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണംതുടങ്ങി. അനധികൃത നിയമനമാണെങ്കിൽ ഉടൻ തരംതാഴ്‌ത്തണമെന്ന നിർദ്ദേശവും നൽകി. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലാണ് ഇത്തരത്തിൽ തിരുകിക്കയറ്റൽ നടന്നത്. മാവേലിക്കരയിലെ ഒരു വിദ്യാഭ്യാസ ഓഫീസിൽ നടന്ന നിയമനത്തിനെതിരേ പി.എസ്.സി.വഴി നിയമനം കിട്ടിയ അറ്റൻഡർമാർ പരാതിയുമായി രംഗത്തുവന്നു. തകഴിയിൽ ഒരാളെ ക്ലാർക്കായി നിയമിച്ചതും വിവാദമായി. കോട്ടയത്ത് രണ്ടുനിയമനങ്ങളാണ് ഇത്തരത്തിൽ നടന്നത്.

ജോലി സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ. സ്ഥിരപ്പെടുത്തലിൽ തീരുമാനം എടുക്കാനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളിൽ നിന്ന് കണക്കെടുപ്പ് പൂർത്തിയായി. ഇതു സംബന്ധിച്ചു വകുപ്പുകളിൽ നിന്നെത്തുന്ന ഫയലുകളെല്ലാം മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പല വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും എതിർപ്പു മറികടന്നാണു സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം. പിഎസ്‌സി പരീക്ഷയെഴുതി ജോലിക്കു കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേർക്ക് ഇത് നിരാശയാകും നൽകുക. തസ്തികകൾ സൃഷ്ടിച്ചും സ്ഥിരപ്പെടുത്തൽ നടത്തേണ്ടി വരും. ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാകും ഇത്.

സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലായി കേരളത്തിൽ രണ്ടു ലക്ഷത്തോളം താൽകാലിക ജീവനക്കാർ ഉണ്ട്. യുഡിഎഫ് ഭരണകാലത്ത് 2012-13 ൽ 25,136 താൽക്കാലിക ജീവനക്കാരാണു സർക്കാർ ജോലികളിൽ ഉണ്ടായിരുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഇവരിൽ ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടു. പിന്നീടാണ് ഇത്രയും പേരെ നിയമിച്ചത്. 4 വർഷം കൊണ്ട് പിഎസ്‌സി വഴി നടത്തിയ നിയമനങ്ങളുടെ ഇരട്ടിയിലേറെയാണു താൽക്കാലികമായി നിയമിച്ചത്. 2020 ഏപ്രിൽ 30 വരെ പിഎസ്‌സി വഴി 1,33,132 പേർക്കാണു നിയമന ശുപാർശ നൽകിയത്. അതായത് പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവരെ നിരാശരാക്കുന്നതാണ് സർക്കാർ ഇടപെടൽ. ഇതിനൊപ്പമാണ് താൽകാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം.

നൂറ് ദിവസം കൊണ്ട് ഇനിയും പതിനായിരങ്ങൾക്ക് തൊഴിൽ നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതും താൽകാലിക നിയമനങ്ങളാകുമോ എന്ന സംശയം ശക്തമാണ്. പാർട്ടി അനുഭാവികൾക്കും കുടുംബാഗങ്ങൾക്കുമാണ് താൽകാലിക ജോലിയിൽ ഏറെയും കിട്ടിയതെന്ന വാദവും സജീവമാണ്. പുറത്തു വന്നത് 1,17, 267 താൽക്കാലിക ജീവനക്കാർ സർക്കാർ സർവ്വീസിൽ നേരിട്ടുണ്ടെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് ഇനിയും പുറത്തു വന്നിട്ടില്ല. ഇത് കൂടി കൂട്ടിയാൽ കണക്ക് രണ്ട് ലക്ഷം കവിയും. ഇതിൽ എത്രപേരെ സ്ഥിരപ്പെടുത്തുമെന്നതാണ് നിർണ്ണായകം.

മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലിൽ ഐടി സെക്രട്ടറി വിയോജനക്കുറിപ്പെഴുതി. അതു കണക്കിലെടുക്കാതെ, വിഷയം മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കെൽട്രോണിലും കിലയിലും സ്ഥിരപ്പെടുത്തലിനു കഴിഞ്ഞ മാസത്തെ മന്ത്രിസഭാ യോഗങ്ങൾ അംഗീകാരം നൽകിയിരുന്നു. സിഡിറ്റ്, തദ്ദേശ സ്ഥാപനങ്ങൾ, വ്യവസായ വകുപ്പിനു കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, ഹോർട്ടി കോർപ് തുടങ്ങിയവയിലാണ് ഏറ്റവുമധികം സ്ഥിരപ്പെടുത്തലുകൾ നടക്കുക.

ഉമാദേവിയും കർണാടക സർക്കാരും തമ്മിലെ കേസിൽ (2006) സർക്കാരിന്റെ അധികാരം ഉപയോഗിച്ചു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു ഭരണഘടനാ ലംഘനമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധി ഉദ്ധരിച്ചു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു വിലക്കി സർക്കാർ ഉത്തരവും നിലവിലുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പുതിയ നടപടി. ഇതിനിടെയാണ് ആലപ്പുഴയിലെ വിവാദവും ചർച്ചയാകുന്നത്. സ്ഥിരപ്പെടുത്തലിനെതിരെ പി എസ് സി പരീക്ഷ എഴുതിയവർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരപ്പെടുത്തിയാലും അത് നിയമ പ്രശ്‌നമായി മാറും.

വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പാർട്ട് ടൈം സ്വീപ്പറെ സാധാരാണ എംപ്ലോയ്മെന്റ്ു വഴിയാണ് നിയമിക്കുന്നത്. സാക്ഷരതയും ശാരീരികശേഷിയുമാണു യോഗ്യത. അതത് എംപ്ലോയ്‌മെന്റ്് ഓഫീസുകളിൽ അഭിമുഖം നടത്തിയാണു നിയമനം. കുറേ വർഷമാകുമ്പോൾ ഇവരെ മുഴുവൻസമയ സ്വീപ്പറാക്കും. ഇതാണ് ഇവർക്കുകിട്ടുന്ന പരമാവധി സ്ഥാനക്കയറ്റം. പി.എസ്.സി. വഴിയുള്ള നിയമനത്തിന്റെ പത്തുശതമാനം വകുപ്പിൽത്തന്നെയുള്ളവരുടെ സ്ഥാനക്കയറ്റത്തിനായി നീക്കിവെക്കാറുണ്ട്. ഇത് ഓഫീസ് അറ്റൻഡർ പോലുള്ള നിയമനങ്ങൾ ലഭിച്ചവർക്കാണു നല്കിയിരുന്നത്.

സ്വീപ്പർ തസ്തികയിലുള്ളവരെക്കാൾ ഉയർന്ന ശമ്പളസ്‌കെയിലിലുള്ളവരാണ് അറ്റൻഡർമാർ. എന്നാൽ, പി.എസ്.സി.വഴി നിയമനം ലഭിച്ചെത്തുന്നവരെയും മറികടന്നാണ് പല ജില്ലകളിലും ഇപ്പോൾ സ്വീപ്പർമാരെ ക്ലാർക്കും ടൈപ്പിസ്റ്റുമായി നിയമിച്ചിരിക്കുന്നത്.