- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ഡ്രെവറായ ഭർത്താവിനെ രണ്ടു മക്കളെ ഏൽപിച്ച് സമരത്തിനിറങ്ങിയ വീട്ടമ്മ; ലോട്ടറി കച്ചവടം നടത്തുന്ന റാങ്ക് ഹോൾഡർ; ഭാര്യയ്ക്ക് കുട്ടികളെ വിട്ടു വരാൻ കഴിയാത്തതിനാൽ പൊരിവെയിലിൽ സമരം ചെയ്ത റിജു; സർക്കാർ കണ്ണിൽ പൊടിയിട്ട് പറ്റിച്ചത് ഈ പാവങ്ങളെ; പി എസ് സി സമരത്തിലെ വാഗ്ദാനങ്ങൾ പാഴവാക്കാകുമോ?
തിരുവനന്തപുരം : ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് രാജേഷിനെ രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ ഏൽപിച്ചാണു ലയ രാജേഷ് സമരത്തിനായി വന്നത്. കണ്ടക്ടർ, ഫോറസ്റ്റ് ഡിപ്പോ വാച്ചർ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട വിനേഷ് ചന്ദ്രൻ പാരലൽ കോളജ് അദ്ധ്യാപകനും സ്വകാര്യ കമ്പനി ജീവനക്കാരനുമാണ്. നാട്ടിൽ ലോട്ടറി കച്ചവടം നടത്തുകയാണ് പ്രവീൺ കുമാർ.
രമ്യ മണിയനും ജ്യോതിയും വീട്ടമ്മമാർ. വയനാട് ജില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കെ.എം.തനൂജയ്ക്കു ചെറിയ കുട്ടികളെ വിട്ടു സമരത്തിനു വരാൻ കഴിയാത്തതിനാലാണു ഭർത്താവ് പാലക്കാട് സ്വദേശി കെ.കെ.റിജു സമരത്തിനെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുള്ള പ്രതിഷേധത്തിലൂടെ ശ്രദ്ധേയനായപ്പോൾ മന്ത്രിമാർ ഉൾപ്പെടെ റിജുവിനെ നുഴഞ്ഞു കയറ്റക്കാരനാക്കി.
ഈ പാവങ്ങളെയാണ് സർക്കാർ സമർത്ഥമായി പറ്റിക്കുന്നത്. ഇത് സമരക്കാർക്കും അറിയാം. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സർക്കാരിന് അധികാരമില്ലാതെയായി. അതുകൊണ്ട് തന്നെ ഇനി സമരം ഇരുന്നിട്ടും കാര്യമില്ല. അങ്ങനെ അവർ സമരം നിർത്തുകയാണ്.
മതിയായ നിയമനം ആവശ്യപ്പെട്ട് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം 34 ദിവസത്തിനു ശേഷം പിൻവലിച്ചു. മന്ത്രി എ.കെ.ബാലനുമായുള്ള ചർച്ചയിൽ ലഭിച്ച 6 ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നാണു സർക്കാരിന്റെ ഉറപ്പ്. 7 ദിവസമായി ഉദ്യോഗാർഥികൾ നിരാഹാര സമരത്തിലുമായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറിയേറ്റിലെ സമരം അവസാനിപ്പിക്കാനുള്ള ഇടപെടൽ. ഇത് നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ അനുമതി ഇല്ലാതെ തന്നെ തീരുമാനം നടപ്പാക്കാമായിരുന്നു. സമരക്കാരെ പരിഹസിച്ച് നടന്ന സർക്കാർ അധികാരം ഇല്ലാത്തപ്പോൾ ചർച്ച നടത്തി സമരത്തെ പിരിച്ചു വിട്ടു. അതിവിചിത്രമായിരുന്നു ഈ സമരവുമായി നടന്ന കാര്യങ്ങൾ. അതേസമയം, 22 ദിവസമായി സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം അനുകൂല തീരുമാനമാകാത്തതിനാൽ തുടരും.
2000 എസ്‌ഐഎസ്, 1200 ജിപി ഒഴിവുകളുടെ വിശദാംശങ്ങൾ ഉദ്യോഗാർഥികൾ മന്ത്രിക്കു നൽകി. അനുകൂല നടപടിയെടുക്കാമെന്നും കാര്യങ്ങൾ പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകാമെന്നും മന്ത്രി അറിയിച്ചതായി ചർച്ചയിൽ പങ്കെടുത്ത എസ്.വിഷ്ണു, എം.വിഷ്ണു, ഷിയാസ് എന്നിവർ പറഞ്ഞു.
ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ സംഗമം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഇന്നലെ നാനൂറോളം പേർ സമരത്തിന്റെ ഭാഗമായി. ഇന്നു കൂടുതൽ പേരെ അണിനിരത്തും. കൂടുതൽ ശക്തമായ സമരം തുടരാനാണ് തീരുമാനം. യൂണിവേഴ്‌സിറ്റി കോളേജിലെ കോപ്പിയടി പിടിച്ചതിന്റെ പ്രതികാരമാണ് തങ്ങളോട് കാട്ടുന്നതെന്ന് ഇവർ പറയുന്നു.
ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്ളവർക്ക് സർക്കാർ ആറു ഉറപ്പുകളാണ് അധികാരമില്ലാ കാലത്ത് നൽകുന്നത്. ഓഗസ്റ്റ് 4ന് അവസാനിക്കുന്ന എൽജിഎസ് റാങ്ക് പട്ടികയിൽനിന്നു തന്നെ നികത്താനായി അന്നുവരെയും പ്രതീക്ഷിത ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യും. സ്ഥാനക്കയറ്റം നൽകി, അതുവഴിയുണ്ടാകുന്ന പുതിയ ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കും. തടസ്സമുള്ളവയിൽ താൽക്കാലിക സ്ഥാനക്കയറ്റം നൽകും.
നടപടികൾ പരിശോധിക്കാൻ പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും. നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി 8 മണിക്കൂറായി കുറച്ച് അതുവഴിയുണ്ടാകുന്ന അധികം തസ്തികകൾ ഈ റാങ്ക് പട്ടികയിൽനിന്നു നികത്തും. സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതകൾ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഈ പട്ടിക നീട്ടാൻ തയ്യാറായില്ല. അതുകൊണ്ടാണ് സമരം തുടരുന്നത്.
ലാസ്റ്റ് ഗ്രേഡ് സർവ്വന്റെ റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരമാണ് ആദ്യം മലയാളിയുടെ കണ്ണീരിന്റെ ഭാഗമായത്. താൽകാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നീക്കം പോലും ഇതിന് മുന്നിൽ നിലച്ചു. അതുവരെ ലയ രാജേഷ് എന്ന തൃശൂർ ഒളരി സ്വദേശി നാട്ടുകാർക്കു മാത്രം അറിയാവുന്ന വീട്ടമ്മയായിരുന്നു. തൃശൂർ കോർപറേഷൻ കുടുംബശ്രീ സിഡിഎസ് അംഗം, ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്നിവയായിരുന്നു അതിനപ്പുറമുള്ള മേൽവിലാസങ്ങൾ. പൊട്ടിക്കരച്ചിലിലൂടെ ലയ കേരള മനഃസാക്ഷിയുടെ നോവായി. കൂട്ടുകാരി ചേർത്തു നിർത്തി ആശ്വസിപ്പിച്ച ചിത്രം ഫൊട്ടോഗ്രഫർമാർക്കായി പോസ് ചെയ്തതാണെന്നാണ് സർക്കാരും അനുകൂലിക്കുന്നവരും അന്നു പ്രചരിപ്പിച്ചത്. ഇന്നലെ മന്ത്രി എ.കെ.ബാലനുമായി ചർച്ച കഴിഞ്ഞിറങ്ങി സമരക്കാരെ വിവരം അറിയിച്ചപ്പോഴും ലയ കരഞ്ഞു.
സർക്കാരിനെ ഇത്രയേറെ സമ്മർദത്തിലാക്കിയ സമരം പൊളിക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയത് ലയ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ നേരും ഒരുമയും കൊണ്ടാണ്. തിരുവനന്തപുരം വിതുര സ്വദേശി വിനേഷ് ചന്ദ്രൻ, വെള്ളനാട് സ്വദേശി കെ.എസ്.പ്രവീൺ കുമാർ, കുണ്ടറ സ്വദേശി രമ്യ മണിയൻ, തൊടുപുഴ സ്വദേശി ജിഷ്ണു കെ.നായർ, പാലക്കാട് സ്വദേശി കെ.കെ.റിജു, കിളിമാനൂർ സ്വദേശി എം.സി.ജ്യോതി എന്നിവരാണു ലയയ്ക്കു പുറമേ സമരക്കൂട്ടായ്മയിൽ സ്വയം രൂപപ്പെട്ടു വന്ന നേതൃനിര.
ഒടുവിൽ അധികാരമില്ലാത്ത കാലത്താണെങ്കിൽ പോലും ഇവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നു. ആത്മാർത്ഥയോടെ സർക്കാർ ഇടപെട്ടാൽ ഇലക്ഷൻ കമ്മീഷനും ഇവരുടെ കണ്ണീര് മാറ്റാനുള്ള നടപടികൾക്ക് അംഗീകരാം നൽകും. എന്നാൽ സർക്കാർ എന്തു ചെയ്യുമെന്നതാണ് നിർണ്ണായകം. വഞ്ചിച്ചാൽ വീണ്ടും സമരം ഇതാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ