- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡീഷണൽ സെക്രട്ടറിയടക്കം 26 പേർ ഒരു മാസം അവധിയിൽ; പകരം മാസാവസാനം പെൻഷൻ പറ്റുന്നവർക്ക് സ്ഥാനക്കയറ്റം; ഗ്രാറ്റുവിറ്റിയും പെൻഷൻ കൂടുതലും തട്ടിയെടുക്കാൻ ഭരണഘടനാ സ്ഥാപനമെന്ന വാദവുമായി വിചിത്ര പ്രമോഷൻ പദ്ധതി! എല്ലാത്തിനും കൂട്ട് യൂണിയനുകൾ; ഖജനാവ് മുടുപ്പിക്കാൻ പി എസ് സിയും; എജി അറിയാൻ ഒരു 'സർവ്വീസ് കൊള്ള' ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ആർക്കും എന്തും ആകാം. പി എസ് സിയിലെ സ്ഥാനക്കയറ്റം അതിന് തെളിവാണ്. വിചിത്രമായ ഉത്തരവാണ് പി എസ് സി പുറപ്പെടുവിക്കുന്നത്. നേരത്തെ വനംവകുപ്പിൽ ഇതിന് സമാനമായ കളി നടന്നു. ഇത് എജിയും കോടതിയും പൊളിച്ചു. ഇതെല്ലാം വീണ്ടും ആവർത്തിക്കപ്പെടുന്നു. ഒരാൾക്ക് വേണ്ടിയല്ല. പകരം 26 പേർക്കു വേണ്ടി.
26 ഉദ്യോഗസ്ഥർ ഒരുമിച്ച് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ആ തസ്തികകളിലേക്ക് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി. ചട്ടമനുസരിച്ചുള്ളതും ദീർഘകാലമായി തുടരുന്നതുമായ സ്ഥാനക്കയറ്റ രീതിയാണിത് എന്നാണ് പി. എസ്.സി വിശദീകരണം. ഇതിന് പിന്നിൽ ഒരു കള്ളക്കളിയുണ്ട്. സ്ഥാനക്കയറ്റം കിട്ടുന്നവരിൽ ബഹുഭൂരിഭാഗവും ഈ മാസം വിരമിക്കുന്നതാണ്. അതുകൊണ്ട് തന്നെ അവർക്ക് പ്രമോഷൻ കിട്ടും. ശമ്പള സ്‌കെയിലും മാറും. ഇത് പെൻഷനേയും ബാധിക്കും. ഗ്രാറ്റിവിറ്റിയും അധികം കിട്ടും.
അതായത് സർക്കാരിന്റെ ഖജനാവിൽ നിന്ന് കോടികളൊഴുക്കാനുള്ള ഗൂഡ നീക്കം. പി.എസ്.സി യിലെ അഡിഷണൽ സെക്രട്ടറി മുതൽ സെക്ഷൻ ഓഫീസർ വരെ 26 പേരാണ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുന്നത്. മെയ് മൂന്നു മുതൽ 31 വരെയാണ് അവധി. ഇവരെല്ലാം ജൂൺ ഒന്നിന് തിരികെ ഡ്യൂട്ടിയിൽ ചേരും. മെയ് 31ന് വിരമിക്കുന്ന നിരവധി പേർക്ക് ഈ അവധിയുടെ ആനുകൂല്യം കിട്ടും. എല്ലാം നിയമപരം. പ്രെമോഷൻ കിട്ടുന്നവർ വിരമിക്കുന്നതിനാൽ അവധി എടുക്കുന്നവർക്ക് കസേരയും സുരക്ഷിതം.
ഒരു മാസത്തെ അവധിയിൽ ഇത്രയധികം ഉദ്യോഗസ്ഥർ ഒരുമിച്ച് പോകുന്നത് കുറേ പേർക്ക് സ്ഥാനക്കയറ്റം ലഭ്യമാക്കാനാണെന്ന് വ്യക്തമാണ്. എന്നാൽ ഒരു മാസത്തെ അവധി എടുക്കുന്നവർക്ക് പകരം സ്ഥാനക്കയറ്റത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പി എസ് സി പറയുന്നു. ഇത് പി. എസ്.സി കാലാകാലമായി പിന്തുടരുന്ന രീതിയാണ് ,ചട്ടപ്രകാരമുള്ള നടപടിയാണ് എന്നാണ് ഉത്തരം. സർക്കാരും അകൗണ്ട്‌സ് ജനറലും അംഗീകരിച്ച കീഴ് വഴക്കവുമാണ്. പി. എസ്.സി ഭരണഘടനാ സ്ഥാപനമായതിനാലും സുപ്രധാന ചുമതലകൾ നിർവഹിക്കുന്നതിനാലുമാണ് ഇത്തരം സ്ഥാനക്കയറ്റം അനുവദിച്ചിരിക്കുന്നതെന്നും വിശദീകരിക്കപ്പെടുന്നു.
ഒരു അഡീഷണൽ സെക്രട്ടറി അവധിയിൽ പോയാൽ അതേ റാങ്കിലുള്ള മറ്റൊരാൾക്ക് ചുമതല നൽകിയാൽ മതി. അതിന് വിരമിക്കാൻ പോകുന്നവർക്ക് ആനുകൂല്യം കിട്ടാനായി പ്രെമോഷൻ നൽകേണ്ടതില്ല. ഭരണഘടനാ സ്ഥാപനമെന്ന പേരിൽ വിചിത്ര അവകാശങ്ങളാണ് പി.എസ്.സി അവകാശപ്പെടുന്നത്. എല്ലാ ജീവനക്കാർക്കും എളുപ്പവഴിയിൽ പ്രമോഷൻ കിട്ടുന്ന രീതിയായതിനാൽ എന്തിനും കൊടി പിടിക്കുന്ന യൂണിയനുകൾക്കും പരാതിയില്ല. യൂണിയനുകൾക്കും ഇതിൽ സന്തോഷമാണ്. എന്നാൽ പൊതുഖജനാവിലെ പണമാണ് കട്ടു മുടിക്കുന്നതെന്നതാണ് വസ്തുത.
നേരത്തെ വനം മേധാവി (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്്) സ്ഥാനത്തേക്ക് സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ നടത്തിയ നിയമനം ഏറെ വിവാദമായിരുന്നു. ഒരു മാസത്തേക്കു വനം മേധാവിയായി നിയമിക്കപ്പെട്ട ഡി.കെ. വർമയ്ക്ക് വകുപ്പിലെ ഏറ്റവും ഉയർന്ന ശമ്പളവും അതിന് അനുസൃതമായ പെൻഷനും നൽകാനുള്ള ശുപാർശ അക്കൗണ്ടന്റ് ജനറൽ തള്ളിയിരുന്നു. ഖജനാവ് കൊള്ളയടിക്കാനുള്ള സമർത്ഥമായ നീക്കമായിരുന്നു ഇത്. ഇതാണ് നിലവിലെ അവധിയെടുക്കലും സ്ഥാനക്കയറ്റവും വരുമ്പോൾ എജിയുടെ നിലപാട്. അതുകൊണ്ട് തന്നെ പി എസ് സിയിലെ സ്ഥാനക്കയറ്റം വലിയ ചർച്ചയായി മാറും.
സർവീസുള്ള വനംവകുപ്പ് മേധാവിയായ ആയ പി.കെ. കേശവൻ, 29 ദിവസത്തെ അവധിയിൽ പ്രവേശിച്ച് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞു കൊടുക്കുകയും താഴെയുള്ള വർമയെ മേധാവി ആക്കി സ്ഥാനക്കയറ്റം നൽകാൻ നിർദ്ദേശിക്കുകയുമാണ് വനംവകുപ്പിൽ ചെയ്തത്. പെൻഷനും ഗ്രേഡും ഉയർത്തുകയെന്ന ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിൽ. ഇതാണ് എജി തടഞ്ഞത്. ഇത്തരത്തിൽ ഒരു ഇടപെടൽ അനിവാര്യത പി എസ് സിയിലും ഉണ്ട്. അത് എജി നടത്തിയാൽ മാത്രമേ പൊതു ഖജനാവ് കൊള്ളയടിക്കുന്നത് ഒഴിവാകൂ. കഴിഞ്ഞ മേയിലായിരുന്നു വനം വകുപ്പിലെ കള്ളക്കളികൾ.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് എന്നീ ചുമതലകൾ നൽകുന്നതിനൊപ്പം, മെയ് 31ന് വിരമിക്കാനിരിക്കുന്ന വർമയ്ക്ക് 2,25,000 രൂപയുടെ ഉയർന്ന ശമ്പളം അനുവദിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് അഡിഷനൽ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതോടെ സർവീസിലെ അവസാന ദിനം കൈപ്പറ്റിയ ഉയർന്ന ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനും ലഭിക്കുന്ന സ്ഥിതി വന്നു. ഇത് തന്നെയാണ് പി എസ് സിയിലും മാതൃകയായത്.
(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ