- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റ് പടിക്കൽ ശയനപ്രദക്ഷിണവും പ്രകടനവുമായി പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം സജീവം; ഉദ്യോഗാർഥികൾ 22 മുതൽ നിരാഹാര സമരത്തിലേക്ക്; പിന്തുണച്ച് പ്രതിപക്ഷവും; മുഖ്യമന്ത്രിയുടെ വേദികളിൽ യുവജന സംഘടനകളുടെയും പ്രതിഷേധം; യുവരോഷത്തിൽ ഭയന്ന് സർക്കാർ കടുത്ത സമ്മർദ്ദത്തിൽ
തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളുമായി സർക്കാൻ മുന്നോട്ടു പോകുമ്പോഴും അത് വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ കടുത്ത സമ്മർദ്ദത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. തെരഞ്ഞെടുപ്പു അടുക്കുന്ന ഘട്ടത്തിൽ കൊടുമ്പിരി കൊള്ളുന്ന വിധത്തിലാണ് സമരത്തിന്റെ പോക്ക്. ഇത് യുവാക്കളുടെ രോഷത്തിന് വഴിവെക്കുന്നു എന്നാണ് വിലയിരുത്തൽ. സമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ വിഷയം സജീവമായി നില്ക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ സമരമാക്കി മാറ്റാൻ ഇപ്പോൾ തന്നെ സാധിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് പരിസരം സമരഭരിതമായിരിക്കെ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിലേക്കാണു കേരളത്തിലെ മുഴുവൻ യുവജനതയുടെയും ശ്രദ്ധ. അതേസമയം ഇന്ന് കൂടുതൽ പിൻവാതിൽ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെയും ശയനപ്രദക്ഷിണവും മുഖം മൂടിയണിഞ്ഞുള്ള പ്രകടനങ്ങളും സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നവർക്കു പിന്തുണയറിയിച്ചു നടന്നു.
സെക്രട്ടേറിയറ്റ് നടയ്ക്കു പുറത്ത് ശയനപ്രദക്ഷിണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെ പ്രതിഷേധവും പൊലീസെത്തിയാണു നിയന്ത്രിച്ചത്. സിപിഒ ലിസ്റ്റിൽപ്പെട്ടവർ നടത്തിയ പിൻനടത്തവും സർക്കാർ തൂക്കിക്കൊന്നുവെന്നു ദൃശ്യവൽക്കരിച്ച പ്രതീകാത്മക ആത്മഹത്യാ ശ്രമവും ഇന്നലെ സമരമുഖത്ത് നടന്നു.
അദ്ധ്യാപക ലിസ്റ്റിൽപ്പെട്ടവരുടെ നിരാഹാരം, എൽജിഎസുകാരുടെ ശയനപ്രദക്ഷിണം എന്നിവയ്ക്കും സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചു. വികാരപരമായ മുദ്രാവാക്യങ്ങളുമായി നടത്തുന്ന യുവതീയുവാക്കളുടെ സമരം കാണാനെത്തുന്നവരുമേറെയാണ്. ഒടുവിൽ സമരത്തിന്റെ മുൻനിരപ്പോരാളിയായ ലയാ രാജേഷടക്കം പൊരിവെയിലത്ത് ബോധരഹിതരാകുന്നതും കാണാനിടയായി. അങ്ങനെ വികാരഭരിതമായ ഒട്ടേറെ രംഗങ്ങളാണിപ്പോൾ ദിവസങ്ങളായി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ അരങ്ങേറുന്നത്.
കഴിഞ്ഞദിവസം പാതിരാത്രിയിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി നടന്ന ചർച്ചയിലും ഫലം കാണാതായതോടെ ഇനി അനിശ്ചിത കാല നിരാഹാരം എന്ന തീരുമാനത്തിലേക്ക് ഇന്നലെ യുവാക്കൾ എത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിയണമെന്നും െസക്രട്ടേറിയറ്റിനു മുന്നിൽ ആഴ്ചകളായി സമരം ചെയ്യുന്ന യുവാക്കളുമായി ചർച്ചയ്ക്കു തയാറാകണമെന്നും യാഥാർഥ്യബോധത്തോടെ പരിഹാരം കാണണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുവാക്കളുടെ സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനിടെ സമരം ഒത്തുതീർപ്പിലെത്താതിരുന്നതോടെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. സമരരംഗത്തേക്കു പിന്തുണയുമായി കൂടുതൽ പേരും കുടുംബാംഗങ്ങളും എത്തിച്ചേർന്നു. അതിനിടെ ശയനപ്രദക്ഷിണ സമരത്തിലും പ്രതീകാത്മക ആത്മഹത്യയിലും പങ്കെടുത്തു സമര നേതാവ് ലയ രാജേഷ് ഉൾപ്പെടെ ഒട്ടേറെപ്പേർ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലാക്കി. ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സമരം ഒത്തുതീർക്കാൻ തീരുമാനമുണ്ടായേക്കും.
തസ്തിക സൃഷ്ടിക്കൽ വേഗത്തിലാക്കണമെന്ന പരിഹാര ഫോർമുല ഉദ്യോഗാർഥികൾ മുന്നോട്ടു വച്ചതിനോടു സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റാങ്ക് പട്ടിക കാലാവധി 6 മാസം കൂടി നീട്ടുക, ലാസ്റ്റ് ഗ്രേഡിനു ജോലി സാധ്യതയുള്ള വകുപ്പുകളിൽ ജോലി സമയം 8 മണിക്കൂറാക്കി കൂടുതൽ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളെങ്കിലും അംഗീകരിക്കണമെന്നാണു ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിലുള്ളവർ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിക്കെതിരെയും യുവജന പ്രതിഷേധം
മുഖ്യമന്ത്രിക്കെതിരെയും യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അടക്കം 9 പേർക്ക് പരുക്കേറ്റു.
200 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് സമരക്കാർ ഉപരോധിച്ചതോടെ തൃശൂർ കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും കെഎസ്യു സംസ്ഥാന കമ്മിറ്റിയും ഒരുമിച്ചും എംഎസ്എഫ്, ഫ്രറ്റേണിറ്റി, ക്യാംപസ് ഫ്രണ്ട് എന്നീ സംഘടനകൾ വെവ്വേറെയുമായാണ് മാർച്ച് നടത്തിയത്. കാലിക്കറ്റ് ക്യാംപസ് കവാടത്തിനരികെ പൊലീസ് തടഞ്ഞതോടെ മാർച്ച് സംഘർഷത്തിലേക്കു വഴിമാറുകയായിരുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസും കെഎസ്യുവും മാർച്ചുമായി എത്തിയത്.
അതേസമയം മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത മാസ്ക്കിനും 'ഗെറ്റൗട്ട്'. വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ രാജ്യാന്തര വനിതാ വിപണനകേന്ദ്രം ശിലാസ്ഥാപന ചടങ്ങിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ കറുത്ത മാസ്ക് ധരിച്ചു വന്നവരോടാണ് മാസ്ക് മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. മറ്റൊരു മാസ്ക് തരാമെന്നു സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും മാറ്റാൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തയാറായില്ല.
പിഎസ്സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ കരിങ്കൊടി കാണിക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കറുത്ത മാസ്ക് ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്.
അതിനിടെ മുൻ എംപി എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചതിൽ ക്രമക്കേട് ആരോപിച്ചു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി. നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും അഭിമുഖത്തിന് ഉയർന്ന മാർക്ക് നൽകി നിയമിച്ചതും ക്രമവിരുദ്ധവും അഴിമതിയുമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ആവശ്യം. അക്കാദമിക് സ്കോർ പോയിന്റും അഭിമുഖത്തിനു സിലക്ഷൻ കമ്മിറ്റി അംഗങ്ങൾ നൽകിയ മാർക്ക് വിവരങ്ങളും വെളിപ്പെടുത്തണം. ഒന്നാം റാങ്ക് നൽകിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ