- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജോലി മകന്റെ വലിയ ആഗ്രഹമായിരുന്നു.. മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് അവൻ പറഞ്ഞിരുന്നു; റാങ്ക് ലിസ്റ്റ് റദ്ദായതിന്റെ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല; കണ്ണീരോടെ അനുവിന്റെ പിതാവ് പറയുന്നു; ഏപ്രിൽ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടിക ജൂൺ 19 വരെ നീട്ടി നൽകിയതാണെന്ന് പി.എസ്.സി അധികൃതരുടെ വിശദീകരണവും; അനുവിന്റെ ആത്മഹത്യയിൽ യുവരോഷം ഇരമ്പുമ്പോൾ സർക്കാർ പ്രതിരോധത്തിൽ
തിരുവനന്തപുരം: സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി സർക്കാറിനും പിഎസ് സിക്കുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ ജോലി കൈയെത്തും ദൂരത്തു നിന്നും വഴുതി പോയതാണ് അനുവിനെ തീർത്തും നിരാശനാക്കിയത്. ഇതോടെ യുവജനങ്ങൾക്കിടയിൽ കടുത്ത അമർഷമാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് പിഎസ് സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാതെ നിൽക്കുന്നത്. സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങളാണ് ഇതിന് കാരണമെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് അനുവിന്റെ ആത്മഹത്യയും ഉണ്ടായത്.
അതേസമയം സർക്കാർ ജോലി ലഭിക്കണമെന്നത് മകന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പി.എസ്.സി റാങ്ക് ജേതാവ് അനുവിന്റെ പിതാവും മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദായതിന്റെ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സിയും രംഗത്തുവന്നു. ഏപ്രിൽ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ നീട്ടി നൽകിയതാണെന്ന് പി.എസ്.സി അധികൃതർ അറിയിച്ചിരിക്കുന്നത്. സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ 72 പേർക്ക് അഡൈ്വസ് മെമോ നൽകിയതാണെന്നും അധികൃതർ അറിയിച്ചു. ഓപ്പൺ വിഭാഗത്തിൽ 68 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. യൂണിഫോം തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഒരു വർഷത്തിൽ കൂടുതൽ ദീർഘിപ്പിക്കാറില്ല. എന്നാൽ, കോവിഡ് സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ദീർഘിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ജോലി ഇല്ലായ്മ മാനസികപ്രയാസം സൃഷ്ടിക്കുന്നതായി കുറിപ്പെഴുതിവെച്ച ശേഷമാണ് പി.എസ്.സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയിൽ 77ാം റാങ്കുകാരനായിരുന്ന അനു എം.കോം ബിരുദധാരിയാണ്. എന്നാൽ, ഈ ലിസ്റ്റ് പി.എസ്.സി റദ്ദാക്കിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു.
ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് അനുവിന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ''കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ' എന്ന് എഴുതിയ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്. ഞായറാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയൽവാസികൾ പറയുന്നു.
അതേസമയം എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരുന്നെങ്കിൽ അനുവിന് ജോലി ലഭിക്കുമായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.
അനുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. പിഎസ്എസി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണിസമരം നടത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യ സർക്കാർ അനാസ്ഥയാണെന്ന് ആരോപിച്ച് ആലപ്പുഴയിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. പി.കെ ഫിറോസ്, വി.ടി ബൽറാം എംഎൽഎ, കെ.എസ് ശബരിനാഥൻ എംഎൽഎ തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി.
മറുനാടന് മലയാളി ബ്യൂറോ