- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യ വകുപ്പിനായി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സൃഷ്ടിച്ചത് 2799 ഒഴിവുകൾ; ഇതിൽ ഏറെയും സ്റ്റാഫ് നേഴ്സുകൾ; ഉടൻ നിയമനം നടത്താനുള്ള പി എസ് സി റാങ്ക് ലിസ്റ്റും തയ്യാർ; ആ വാഗ്ദാനം വെള്ളത്തിൽ വരച്ച വരയാകുമോ എന്ന സംശയത്തിൽ റാങ്ക് നേടിയ ഉദ്യോഗാർത്ഥികൾ; കോവിഡ് പ്രതിരോധം പാളുമ്പോഴും ഒഴിവു നികത്താതെ ആരോഗ്യ കേരളം
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംവരവ് ആരോഗ്യമേഖലയെയാകെ തകിടം മറിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ മാതൃകാപരമായ മുന്നേറ്റം നടത്തിയ കേരളം പോലും രണ്ടാംവരവിന് മുന്നിൽ പകച്ചുനിൽക്കുന്നു. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രി ബെഡുകളും വെന്റിലേറ്ററുകളും ഐസിയുകളും നിറയുമ്പോൾ നിലവിലെ ജീവനക്കാരും സൗകര്യങ്ങളുമൊക്കെ അപര്യാപ്തമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുകയാണ്.
നിലവിലത്തെ അവസ്ഥയിൽ ആരോഗ്യവകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണുള്ളത്. നിലവിലെ ജീവനക്കാരുടെ ജോലിഭാരം ഉയർന്നിരിക്കുകയാണ്. അവരുടെ ഓഫ് വെട്ടിക്കുറച്ചും ഓവർടൈം ഡ്യൂട്ടി ചെയ്യിച്ചുമാണ് ഇപ്പോൾ ആരോഗ്യസംവിധാനം മുന്നോട്ടുപോകുന്നത്. ഈ പരിഷ്കാരങ്ങൾ കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേഴ്സുമാരുടെ പ്രതിഷേധത്തിന് വരെയിടയാക്കി.
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ അപര്യാപ്തത കോവിഡ് പ്രതിരോധത്തെ വലയുമ്പോഴും അർഹരായ ആയിരത്തോളംപേർ ഓരോ ജില്ലയിലും നിയമനം കാത്ത് പി.എസ്.സി പട്ടികയിലുണ്ട് . ഇവരെ നിയമിച്ച് ഒഴിവ് നികത്താൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ഏകദേശം പട്ടികയിലെ മുഴുവൻപേരെയും നിയമിക്കാൻ ആവശ്യമായ ഒഴിവുകൾ ഇപ്പോൾ ആരോഗ്യവകുപ്പിലുണ്ട് എന്നതാണ് വസ്തുത. എന്നാൽ കോവിഡ് ചികിൽസാലയങ്ങൾ അനുദിനം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോഴും യുദ്ധകാലടിസ്ഥാനത്തിൽ നിയമനം നടത്താൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല.
സംസ്ഥാനത്ത് ആരോഗ്യവകുപ്പിലുള്ള 2799 ഒഴിവുകൾ കഴിഞ്ഞ വർഷമാണ് കാബിനറ്റ് അംഗീകരിച്ചത്. ആരോഗ്യ കുടുംബക്ഷേമവകുപ്പ് സെക്രട്ടറി ഫെബ്രുവരി 19ന് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ 1200 തസ്തികകൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1299 തസ്തികകൾ ആയുഷിന് കീഴിൽ 300 തസ്തികകൾ എന്നിങ്ങനെയാണ് അനുവദിച്ചത്.
തസ്തികകൾ ഏതൊക്കെ സ്ഥാപനങ്ങലിലേയ്ക്കാണെന്നും അതിന്റെ കാറ്റഗറി, ശമ്പള സ്കെയിൽ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ ഉത്തരവ് പിന്നിട് പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടികളും ആയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം ഇത് വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാണിച്ചെങ്കിലും, കോവിഡ് കാലത്ത് ജീവനക്കാരുടെ ആവശ്യം വർദ്ധിച്ചിട്ടും നിയമനങ്ങൾ നടത്താനുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
അനുവദിച്ച തസ്തികകളിൽ വലിയൊരു വിഭാഗം സ്റ്റാഫ് നേഴ്സുമാരുടെയാണെന്നാണ് അധികൃതർ പറയുന്നത്. നിലവിലുള്ള സ്റ്റാഫ് നേഴ്സുമാരുടെ റാങ്ക് പട്ടിക്ക് ഓഗസ്റ്റ് നാല് വരെയാണ് കാലാവധിയുള്ളത്. അതിനുള്ളിൽ തസ്തിക സൃഷ്ടിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അവർക്ക് അവസരം കിട്ടാതെ വരും. മാത്രമല്ല ഈ സമയത്ത് പുതിയ ടെസ്റ്റ് നടത്തുന്നത് സർക്കാരിന് അമിതഭാരവുമാണ്. പാരാമെഡിക്കൽ ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയ തസ്തികകളും നിലവിൽ സൃഷ്ടിച്ചവയിലുണ്ട്.
അവയിലും റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. ധനവകുപ്പിലും ആരോഗ്യവകുപ്പിലും മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പിലുമായി തടസപ്പെട്ടുകിടക്കുന്ന നടപടികൾക്ക് ജീവൻവയ്ക്കാൻ ഈ ലോക്ക്ഡൗൺ കാലത്തും വാതിലുകൾ മുട്ടുകയാണ് ഉദ്യോഗാർത്ഥികൾ.