ശ്രീഹരിക്കോട്ട്: ഐ.എസ്.ആർ.ഒയുടെ 2022ലെ ആദ്യത്തെ ദൗത്യമായ പി.എസ്.എൽ.വി-സി52 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു സുപ്രധാന ലക്ഷ്യം. ഈ ലക്ഷ്യം വിജയം കണ്ടു. മൂന്ന് ഉപഗ്രഹങ്ങളും വിജയകമാരി പൂർത്തിയാക്കി. എസ്.സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യത്തെ ദൗത്യമായിയിരുന്നു ഇത്. ഈ ദൗത്യം വിജയകരമായത് മലയാളികൾക്കും അഭിമാനമായി മാറി.

1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങൾ നൽകാനാവും. റഡാർ ഇമേജിങ് ഉപഗ്രഹമാണ് ഇ.ഒ.എസ് 04. ഏത് കാലാവസ്ഥയിലും മിഴിവേറിയ ചിത്രങ്ങളെടുക്കാൻ കഴിയും. കാർഷിക ഗവേഷണം, പ്രളയ സാധ്യതാ പഠനം, മണ്ണിനെക്കുറിച്ചുള്ള പഠനം എന്നിവയിൽ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ പ്രയോജനകരമാകുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിക്കുന്നത്.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1, ഇന്ത്യൻ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐ.എൻ.എസ് 2 ടി.ഡി എന്നിവയാണ് മറ്റ് രണ്ട് ചെറു ഉപഗ്രഹങ്ങൾ. ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കലടക്കം 10 ദൗത്യങ്ങളാണ് ഐ.എസ്.ആർ.ഒ ഈ വർഷം ലക്ഷ്യമിടുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പി എസ് എൽ വി - സി 52 റോക്കറ്റാണ് പേടകവുമായി കുതിച്ച്. ഇന്നലെ മുതൽ പദ്ധതിയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. വിക്ഷേപിച്ച ശേഷം 25 മിനിറ്റികം ഇഒഎസ് ഉപഗ്രഹം നിശ്ചിത സൗരസ്ഥിരഭ്രമണപഥത്തിലിറങ്ങി. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാനാവും. ഫ്‌ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനീക സംവിധാനങ്ങളുണ്ട്.

വിക്ഷേപണത്തിന് നേ തൃത്വം നൽകാൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥ് അടക്കമുള്ളവർ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. അഭിമാന നേട്ടത്തിൽ അദ്ദേഹം ഐഎസ്ആർഒയിലെ എല്ലാവരെുയം അഭിനന്ദിച്ചു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി ഐ എസ് ആർ ഒ യുടെ വിക്ഷേപണങ്ങളെ ബാധിച്ചിരുന്നു. ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണ് ഇന്ന് നടന്നത്.