തിരുവനന്തപുരം: മനുഷ്യന്റെ മനസിൽ വിഷം കയറുന്നതെങ്ങനെയാണ്? തനിക്കില്ലാത്ത സന്തോഷം മറ്റൊരാൾക്ക് വേണ്ട.തനിക്ക് കിട്ടാത്ത സമാധാനം മറ്റൊരാൾ അനുഭവിക്കേണ്ട.തനിക്കു കിട്ടാത്തത് അവർക്കു ഉണ്ട് എന്ന് തോന്നുമ്പോൾ മനസ്സിൽ വരുന്ന ഒരു ''ഇത്''..ആ ഇതാണ് നമ്മുടെ ബന്ധങ്ങളുടെ വില്ലനെന്ന് സൈക്കോളജിസ്റ്റ് കലാ ഷിബു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
അവളുടെ അനിയൻ വിവാഹം കഴിച്ചു..പുതുമോടി അല്ലെ...അവര് പുറത്ത് പോകുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നും ഇവൾക്ക് ഇഷ്ടമില്ല..അകാലത്തിൽ വിധവ ആയ ഒരു പെൺകുട്ടി.അവളുടെ പ്രശ്നവുമായി എത്തിയതാണ് അച്ഛൻ.ഇതിൽ ഇനി നിഗൂഢത ഒന്നുമില്ല.
അവളുടെ മനസിന്റെ ആഘാതം,അതിൽ നിന്നും കരകയറാൻ നാളുകൾ എടുക്കുന്നു.അതിനിടയ്ക്ക് സ്വന്തം വീട്ടിൽ മറ്റൊരു പെൺകുട്ടി ,
സന്തോഷത്തോടെ ഭർത്താവിനോട് ഒപ്പം താമസിക്കുന്നു.അവളുടെ പുരുഷൻ, ഇവളുടെ സഹോദരനാണ്..!പക്ഷെ അതിനിവിടെ പ്രസക്തി ഇല്ല..തനിക്കു കിട്ടാത്തത് മറ്റൊരു സ്ത്രീ അനുഭവിക്കുന്നു...

മരുമകൾക്ക് വിവാഹം ആലോചിക്കുന്ന ഒരു അമ്മായിയമ്മയെ പറ്റി സദസ്സിൽ വലിയ ചർച്ച. ഇങ്ങനെയും ഉണ്ടോ ഭർത്താവിന്റെ വീട്ടുകാർ..?
മകൻ മരിച്ചു.മരുമകൾ തീരെ ചെറുപ്പം.എത്ര പേരുണ്ടാകും.അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചു രണ്ടാമത് ഒരു വിവാഹം ആലോചിക്കാൻ..?
നന്നായി ,..ചെയ്യട്ടെ...അവരെ അടുത്തറിയാവുന്ന ഒരു സ്ത്രീ അടക്കം പറഞ്ഞു.ആ പയ്യൻ ഉള്ളപ്പോൾ ചില്ലറ അല്ല ദ്രോഹിച്ചിട്ടുള്ളത്. അമ്മയുടെയും ഭാര്യയുടെയും ഇടയിൽ അവൻ എത്ര അനുഭവിച്ചു..മകനോടൊത്ത് ഭാര്യ മുറി അടച്ചിരുന്നാൽ അപ്പോൾ ആയമ്മ ശബ്ദമുയർത്തും.അതൊക്കെ നാശത്തിന്റെ ലക്ഷണം ആണത്രേ..പെണ്ണുങ്ങൾ ഉച്ചയ്ക്ക് കിടക്കാൻ പാടില്ല.ഗൾഫിൽ നിന്നും വന്ന മകന് കുടുംബത്തോട് ഉത്തരവാദിത്വം ഉണ്ട്..മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാൻ പുകിലൊന്നും ഇല്ല.അഴിഞ്ഞാട്ടക്കാരി എന്നാണ് ആ കുട്ടിയെ വിശേഷിപ്പിച്ചിരുന്നത്..മകൻ വിദേശത്തു വെച്ച് തന്നെ ആക്സിഡന്റിൽ മരിച്ചു.പെട്ടന്നുള്ള ആ വിയോഗം അവരെ ഒരുപാടു മാറ്റി.
ഇനിയെങ്കിലും ആ പെൺകുട്ടിയോട് അൽപ്പം കരുണ കാണിക്കട്ടെ.

വർഷങ്ങൾ്ക്കു മുൻപ് ഒരു സ്ഥാപനത്തിൽ ജോലി നോക്കുമ്പോൾ അവിടെ സീനിയർ ആയി ഉണ്ടായിരുന്ന ഒരു സ്ത്രീ ഓർമ്മയിലുണ്ട്..
അവർ ലീവ് എടുക്കുന്ന ദിവസം ആണ് ആ ഓഫീസിൽ എല്ലാവരും ശ്വാസം വിടുക.മറ്റുള്ളവരെ പരസ്യമായി അവഹേളിക്കുക..അവരുടെ സൗന്ദര്യത്തെ കളിയാക്കുക.അനാവശ്യ കാരണങ്ങൾക്ക് മേലധികാരികൾക്ക് പരാതി കൊടുക്കുക.ഇങ്ങനെ അവിടെ അവർ വെറുക്കപെട്ടവൾ ആയി കഴിയുന്ന അവസരം..ഒരു ദിവസം ഓഫീസിൽ ഉച്ചയോടെ മദ്യപിച്ചു നാല് കാലിൽ ആടി വന്നു പച്ച തെറി വിളിച്ചു അവരുടെ ഭർത്താവ്..
ആ ലോകം മുഴുവൻ കേൾക്കും വിധം.മണിക്കൂറുകൾ അയാൾ അവിടെ താണ്ഡവം ആടി.മുഖം പൊത്തി ഇരുന്നു പൊട്ടിക്കരയുന്ന അവരെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥ.എത്ര വൈരാഗ്യം ഉള്ളവരും അവിടെ സങ്കടപ്പെട്ടു.വീട്ടിലെ ഈ അവസ്ഥ ആയിരുന്നോ അവരുടെ മോശ പ്രവർത്തികൾക്ക് പിന്നിൽ..?തനിക്കു കിട്ടുന്നില്ല സമാധാനം.എങ്കിൽ ആരും അത് അനുഭവിക്കേണ്ട.അതായിരുന്നു അവരുടെ എല്ലാ പ്രവർത്തിയുടെയും അർഥം.

കൗൺസിലിങ് സമയത്ത് മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു സമാധാനം കണ്ടെത്തുന്ന എത്രയോ പേര്.'നന്നായി ജീവിക്കുന്ന കുടുംബത്തിലെ പുരുഷന്മാരെ എന്നോട് അടുപ്പിക്കാൻ ശ്രമിക്കും.അതിൽ ഒരു സന്തോഷമാണ്..എന്താണ് ഞാൻ ഇങ്ങനെ..?''തന്റെ മാനസികാവസ്ഥയെ കുറിച്ച് ഒരിക്കൽ കൗൺസിലിങ്ങിന് വന്ന സ്ത്രീ ചോദിച്ചു..എന്റെ ഭർത്താവ് ഒട്ടും കുടുംബം നോക്കാറില്ല.കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ വളർത്തുന്നത്..യാതനകൾ അനുഭവിച്ചു, ഇപ്പോൾ മനസ്സ് കല്ലായി.മറ്റുസ്ത്രീകളുടെ സങ്കടം കാണുമ്പോൾ ഒരു സുഖം..
ഉത്തരവും അവിടെ നിന്നും തന്നെ കിട്ടി.

സുനാമിയും പേമാരിയും ഒന്നും പേടിക്കേണ്ട.ജീവിതത്തിൽ ഭയക്കേണ്ടത് ഈ മനോഭാവത്തെ ആണ്.എത്ര അടുത്ത സുഹൃത്ത് ആകട്ടെ.
തനിക്കു കിട്ടാത്തത് അവർക്കു ഉണ്ട് എന്ന് തോന്നുമ്പോൾ മനസ്സിൽ വരുന്ന ഒരു ''ഇത്''..ആ ഇതാണ് നമ്മുടെ ബന്ധങ്ങളുടെ വില്ലൻ..!
ശാരീരിക പീഡനത്തെക്കാൾ എത്രയോ വലുതാണ്'' ഇത്..ആണുങ്ങളുടെ അസഭ്യ വാക്കുകളെ തുരത്തി ഓടിക്കാൻ ഒരു പരാതിക്കു കഴിഞ്ഞേക്കാം.അല്ലേൽ നിയമം നട്ടെല്ല് കാട്ടിയാൽ പരിഹരിക്കപ്പെടാം.പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് തോന്നുന്ന അസൂയയും കുശുമ്പും ഉണ്ടാക്കുന്ന മൂർച്ചയുള്ള വേദന ,അതിന്റെ വ്യാപ്തി ,അത് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.പലപ്പോഴും ഒരു പെണ്ണിനെ കുറിച്ചുള്ള അപവാദത്തിനു പിന്നിൽ അവളുടെ അത്ര അടുത്ത മറ്റൊരു പെണ്ണിന്റെ നാവാണെന്നു തോന്നിയിട്ടുണ്ട്.

നടുക്ക് നില്ക്കാൻ ഒരു പുരുഷനും.നിന്റെ കൂട്ടുകാരി മിടുക്കി ആണല്ലോ.ആ കമന്റ് കേൾക്കുമ്പോൾ ഇപ്പുറത്ത് നിൽക്കുന്ന കൂട്ടുകാരിയുടെ ചങ്കു കത്തുന്നു..അതെ..അവൾ മിടുക്കിയാണ്..പക്ഷെ...ഈ പക്ഷെ ആണ് അപകടകാരി..നാൾ ഇന്നേ വരെ തമ്മിൽ പങ്കുവെച്ച എല്ലാ കുബുദ്ധിയും കുതന്ത്രവും അവൾ കെട്ടഴിച്ചു വിടും..ആരെങ്കിലും ഇനി വെടി മരുന്നിനു തീ കൊളുത്തിയാൽ മതി..

ലോകത്തുള്ള നൂറു പേരെ നന്നാകുന്നതിലും നല്ലത് അവനവൻ സ്വയം മാറുന്നതല്ലെ..!ചങ്കു സുഹൃത്തായി കൊള്ളട്ടെ..
ആരോ ആയിക്കോട്ടെ.അഭിമാനത്തിന് ഇവൾ അല്ലേൽ ഇവൻ ഹാനികരം എന്ന് തോന്നിയാൽ പിടിച്ചു മാറ്റി നിർത്തണം.ആർക്കും ആരെയും ബോധവത്കരണം ചെയ്യാൻ പറ്റില്ല..സ്വയം ബോധം ഉണ്ടാക്കുക എന്നതല്ലാതെ..!ഫേസ് ബുക്ക് , ഭൂരിപക്ഷവും നന്മയുടെ പ്രവർത്തികൾ ആണ്..
എന്നാൽ ന്യൂനപക്ഷം അപകട കളികൾ ഒരുപാടുണ്ട്..ഒരു പെണ്ണിന് എതിരെ അപവാദം പറഞ്ഞു പരത്തുന്നതിൽ ,
അവളെ തെറി പറയുന്നതിൽ.കുലീനത്വം മുഖത്ത് ചാലിച്ച, മനസ്സിൽ വിഷം നിറച്ച മറ്റൊരു സ്ത്രീയുടെ നാവും മനസ്സും നിശ്ചയമായും കാണപ്പെടാറുണ്ട്..കൂട്ടുകാരിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത ഒരു സ്ത്രീയുടെ കേസ് അറിഞ്ഞു.
കരയുമ്പോൾ കൂടെ കരയാൻ ആരുമില്ല.ചിരിക്കുമ്പോൾ എല്ലാവരും വരും എന്ന് ഒരു വശം..

പക്ഷെ ,അതി അപകടകാരികൾ അപ്പുറത്താണ്..'കരയുമ്പോൾ ഓടി വരും..എന്ത് മോശ പ്രവർത്തികൾക്കും കൂട്ട് നിൽക്കും..
പക്ഷെ ,ഒരു നന്മ ഉണ്ടാകുന്നു എന്ന് തോന്നിയാൽ..,അതിൽ കുശുമ്പും അസൂയയും പെരുകി പിന്നെ കണ്ടാൽ പോലും മിണ്ടില്ല.
വിളിച്ചാൽ ഫോൺ എടുക്കണം എന്നുമില്ല..അത് വരെ ദുഃഖം കേൾക്കാൻ മണിക്കൂറുകൾ സംസാരിച്ചത് അപ്പോൾ ഏത് മാനസികാവസ്ഥ ആയിരുന്നിരിക്കും.'''അടുത്ത ബന്ധുവിനെ കുറിച്ച് ഒരാൾ പറഞ്ഞു...ഏഷണി പറയാൻ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല..
കുറ്റകൃത്യങ്ങളിൽ അവനൊപ്പം അവളുമുണ്ട്..

ജോലിയും പദവിയും ഒരു വ്യക്തിയുടെ ബുദ്ധി മാത്രമാണ്..ഐക്യു എന്ന് വിശേഷിപ്പിക്കാം.ജീവിക്കാൻ അതിബുദ്ധി വേണ്ട..പ്രായോഗിക ബുദ്ധി പോരെ..?അതായത് ഇക്യു...കുശുമ്പും അസൂയയും അസ്ഥിക്ക് പിടിച്ച ഒരു വ്യക്തിയുമായുള്ള ബന്ധം നിലവിലുള്ള മറ്റു നല്ല ബന്ധങ്ങളെ നശിപ്പിക്കുന്നു എങ്കിൽ , അത് ഒഴിവാക്കണം,.

സൈബർ ലോകത്ത് എന്നല്ല എവിടെയും മനുഷ്യന്റെ മനസ്സിലെ വക്രത ഒന്നാണ്..ആണും പെണ്ണും എന്നൊന്നില്ല..ഉദ്യോഗവും അന്തസ്സും ഇല്ല..
മനുഷ്യന്റെ മനസ്സിൽ വിഷം കേറാൻ മറ്റു എന്തൊക്കെയോ മാനദണ്ഡങ്ങൾ ആണ്.
.
ഒരു പുസ്തകവും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം ബന്ധങ്ങൾക്ക് വേണം എന്നാണ് ജീവിതത്തിൽ പഠിച്ച പാഠവും സ്വീകരിക്കുന്ന രീതിയും..അവിടെയും അപകടമെങ്കിൽ..ചിന്തിക്കാനില്ല..ഒഴിവാക്കുക തന്നെ...എങ്കിൽ മാത്രമേ ഒരു പരിധി വരെ എങ്കിലും സ്വാതന്ത്ര്യത്തോടെ തന്റെ സ്വപ്നങ്ങളെ ചേർത്ത് പിടിച്ചു ജീവിക്കാൻ ആർക്കും സാധിക്കു എന്നാണ് തോന്നാറ്..

ഇതൊരു സ്ത്രീ വിരുദ്ധ പോസ്റ്റ് ആയി കണ്ടു എന്നെ ബഹിഷ്‌കരിക്കരുത്.പുരുഷന്മാരെ കൂടെനിർത്താനുള്ള സൈക്കോളജിക്കൽ മൂവ് എന്നും പറയരുത്..ഞാൻ ഉൾപ്പെടുന്ന ,നമ്മൾ ഉൾപ്പെടുന്ന ലോകമാണ്..അവിടെ നിന്നും കണ്ടെടുത്ത ചിലത് പങ്കു വെയ്ക്കുന്നു എന്ന് മാത്രം.!