തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ പറയുമ്പോഴും വിവിധ കേസ് നടത്തിപ്പികൾക്കായി ചെലവഴിക്കുന്നത് കോടികൾ. സോളാർ കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകാൻ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ ഹാജരാകുന്നതിനായി ചെലവ് വന്നത് ഒരുകോടിയോളം രൂപ.മിടുക്കരായ സർക്കാർ അഭിഭാഷകരുള്ളപ്പോഴും കോടികളുടെ ഈ ധൂർത്തിന്റെ കാലത്ത് മുണ്ട് മുറുക്കിയുടുക്കാം. അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവർ ഉൾപ്പെടെ 120 സർക്കാർ അഭിഭാഷകർ സർക്കാരിന്റെ ചെല്ലും ചെലവിലും കഴിയുമ്പോഴാണ് ഈ ഇറക്കുമതിയെന്ന് കെപിസിസി ഓഫീസിലെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'മുൻ യുഡിഎഫ് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിൽ സരിതയും സംഘവും ചേർന്ന് 37 പേരിൽ നിന്ന് തട്ടിച്ചെടുത്തത് 6.5 കോടി രൂപ. സംസ്ഥാന സർക്കാരിന് നയപൈസ നഷ്ടം ഉണ്ടാകാത്ത സോളാർ ഇടപാടിനേക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷന് ചെലവായത് 7.5 കോടി രൂപ.

സോളാർ കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ ഡൽഹിയിൽ നിന്നു കെട്ടിയിറക്കിയ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് നല്കുന്നത് ഒരു കോടി രൂപ! പിന്നെ ബിസിനസ് ക്ലാസ് വിമാനടിക്കറ്റും, നാലു ദിവസത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ വാസവും.

സോളാർ കേസിൽ ഹാജരാകാൻ പ്രതിദിനം 20 ലക്ഷം രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. മാർച്ച് ഒന്നിന് അദ്ദേഹം വന്നെങ്കിലും അന്നു ഹാജരായില്ല. തുടർന്ന് മാർച്ച് 2,3,4 ദിവസങ്ങളിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. അന്ന് കപിൽ സിബിലാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായത്. അങ്ങനെ നാലു ദിവസത്തെ ഫീസായി 80 ലക്ഷം രൂപ മുൻ സോളിസിറ്റർ ജനറലിനു നല്കാനുള്ള ഫയൽ നിയമവകുപ്പു മന്ത്രി അംഗീകരിച്ചശേഷം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇനി കേസ് പരിഗണിക്കുന്നത് മാർച്ച് 17ന്. അതിന് 20 ലക്ഷം. അങ്ങനെ മൊത്തം ഒരു കോടി!

ഇതിനിടെ രണ്ടു ഗവൺമെന്റ് പ്ലീഡർമാർ ഡൽഹിയിൽ പോയി രഞ്ജിത് കുമാറിനെ കേസിന്റെ കാര്യങ്ങൾ ധരിപ്പിച്ചു. അവർ അദ്ദേഹത്തോടൊപ്പമാണ് തിരിച്ചുവന്നത്. ബിസിനസ് ക്ലാസിൽ വന്നതിന്റെ ചെലവ്, ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസച്ചെലവ് എല്ലാം കൂടിയാകുമ്പോൾ ചെലവ് ഒരു കോടി കവിയും.

അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവർ ഉൾപ്പെടെ 120 സർക്കാർ അഭിഭാഷകർ സർക്കാരിന്റെ ചെല്ലും ചെലവിലും കഴിയുമ്പോഴാണ് ഈ ഇറക്കുമതി.
ഷുബൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനു തടയിടാനും സർക്കാർ ഡൽഹിയിൽ നിന്ന് അഭിഭാഷകനെ ഇറക്കുമതി ചെയ്തു.

സർക്കാർ അഭിഭാഷകർക്ക് ഇത് വിലയില്ലാത്ത കാലം.
നമുക്കു മുണ്ടു വരിഞ്ഞുടുക്കാം. സർക്കാർ വല്യ സാമ്പത്തിക പ്രതിസന്ധിയിലല്ലേ.'