- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീകണ്ഠാപുരത്തെ പാർട്ടി ഓഫീസ് താഴിട്ടു പൂട്ടി സീറ്റിന് വേണ്ടി ധർമ്മ യുദ്ധം നടത്തിയത് എ ഗ്രൂപ്പുകാർ; പ്രതിഷേധക്കാർക്കൊപ്പം നിൽക്കുമ്പോഴും ചെയ്തതെല്ലാം സീറ്റ് കിട്ടാതിരിക്കാനുള്ള കുതന്ത്രം; ഇരിക്കൂറിൽ സോണിക്ക് പണി കൊടുത്ത മാത്യുവിന് യു.ഡി.എഫ് ചെയർമാൻ പദവി നഷ്ടമാകും; അതൃപ്തിയുമായി മുസ്ലിം ലീഗും
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെതിരെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് പോസ്റ്റുപയോഗിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്കിടെ അഴിമതിയാരോപണമുന്നയിച്ച സംഭവത്തിൽ യു.ഡി.എഫ് ചെയർമാനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പിടി മാത്യുവിനെതിരെ എ ഗ്രൂപ്പിൽ അമർഷം പുകയുകയാണ്. അതിനിടെ കെ സി വേണുഗോപാലിന്റെ പിന്തുണയിൽ ഐ ഗ്രൂപ്പിലേക്ക് മാറാനും മാത്യു ശ്രമം നടക്കുന്നുണ്ട്.
ഇന്നലെ ചേർന്ന ഡി.സി.സി യോഗത്തിൽ ഈ വിഷയം ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. സംഭവം എ ഗ്രൂപ്പിന്റെ ആഭ്യന്തര വിഷയമാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ചെളി വാരിയേറ് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന പൊതുവികാരമാണ് കെ.സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ നിന്നുയർന്നുവന്നത്.ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും വിഷയം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി.
പി ടി മാത്യുവിനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റു നേതാക്കളും തുറന്നിടച്ചു.നാൽപ്പതു വർഷത്തോളം ഒപ്പം നിൽക്കുന്നയാളിൽ നിന്നും ഇതു പ്രതീക്ഷിച്ചിട്ടില്ലെന്നാണ് സോണി സെബാസ്റ്റ്യൻ യോഗത്തിൽ പ്രതികരിച്ചത്.പൊലിസിന് നൽകിയ പരാതി പിൻവലിക്കില്ലെന്നും ഉറച്ചു നിൽക്കുമെന്നും സോണി വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ വിഷയത്തിൽ പി.ടി മാത്യുവിനോട് ഡി.സി.സി വിശദീകരണം തേടിയിരുന്നുവെന്നിലും മറുപടി തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല ഇതിനിടെ പി.ടി.മാത്യുവിന്റെ നടപടി യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന ആരോപണവുമായി മുസ്ലിം ലീഗും രംഗത്ത് വന്നിട്ടുണ്ട്.
യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്നും മാത്യുവിനെ മാറ്റണമെന്ന ആവശ്യമാണ് മുസ്ലിം ലീഗുന്നയിക്കുന്നത്. ഇതോടെ പി.ടി മാത്യുവിനെ തൽസ്ഥാനത്തു നിന്നും മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസിൽ തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിൽ കെപിസിസിയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് ഡി.സി.സി നേത്യത്വം സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ കെപിസിസി യെ അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ തീരുമാനമുടനുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ സിറ്റിങ് എംഎൽഎയായിരുന്ന കെ.സി ജോസഫ് ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചതിനു ശേഷം എ ഗ്രൂപ്പിലെ പ്രമുഖ നേതാവും കെ.സിയുടെ വിശ്വസ്തനുമായ സോണി സെബാസ്റ്റ്യനെയാണ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. ഇതിനിടെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായ സജീവ് ജോസഫിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടുത്തത്. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെ ചൊല്ലി ചരിത്രത്തിലില്ലാത്ത പ്രതിഷേധമാണ് ഇരിക്കൂറിൽ അരങ്ങേറിയത്.
ശ്രീകണ്ഠാപുരത്തെ മണ്ഡലം കമ്മിറ്റി ഓഫിസ് എ വിഭാഗം പ്രവർത്തകർ താഴിട്ടു പുട്ടി രാപകൽ സമരം നടത്തി. ഇതിനിടെയാണ് സോണി സെബാസ്റ്റ്യൻ കൊപ്രാ സംഭരണ അഴിമതി കേസിൽ വിജിലൻസ് പ്രതി പട്ടികയിലുള്ളയാളാണെന്നും അഴിമതി കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കരുതെന്നും ആവശ്യപ്പെട്ട് വ്യാജഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ ആരോപണം വരുന്നത്. തുടർച്ചയായി ഈ അക്കൗണ്ടിൽ നിന്നും തുടർച്ചയായി ആരോപണങ്ങളുയർന്നതോടെ സോണി ആലക്കോട് പൊലിസിൽ പരാതി നൽകുകയായിരുന്നു.ഇതിനിടെ പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് പോസ്റ്റിട്ടതെന്ന് വ്യക്തമായി.
തുടരന്വേഷണത്തിൽ പിടി മാത്യുവിന്റെ കരുവഞ്ചാലിലെ വീട്ടിലെ ലാൻഡ് നമ്പറിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് അകൗണ്ട് 'സൃഷ്ടിച്ചതെന്ന് വ്യക്തമായതോടെ മാത്യുവിനെതിരെ ആലക്കോട് പൊലിസ് കേസെടുക്കുകയായിരുന്നു. അപകീർത്തി സന്ദേശം കൈമാറിയതിനും സമൂഹത്തിൽ സ്പർധ വളർത്താൻ ആഹ്വാനം നൽകിയതിനുമുള്ള വകുപ്പുകൾ ചുമത്തിയെന്നാണ് കേസെടുത്തത്.എന്നാൽ താൻ തെറ്റൊന്നും പ്രചരിപ്പിച്ചിട്ടില്ലെന്ന മാത്യുവിന്റെ നിലപാട് കേസിനെ നേരിടാൻ തയാറാണെന്നതിന്റെ സൂചനയാണ് നൽകുന്നത്.