- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരാട്ടങ്ങൾ പുത്തരിയല്ലാത്ത ജനനേതാവിനെ തോൽപ്പിച്ചത് നട്ടെല്ലിൽ പടർന്ന അർബുദം; ടാറ്റയിലെ ചികിൽസ നഷ്ടമാക്കിയത് പത്ത് ദിവസം; വെല്ലൂരിൽ എത്തിയപ്പോൾ ചേട്ടന്റെ മരണം നേതാവിനെ തളർത്തി; രണ്ട് ദിവസം മരുന്നുപേക്ഷിച്ച് വീട്ടിൽ മടങ്ങിയെത്തി; അമേരിക്കയിൽ പോകാനും വിസമ്മതം; വിടവാങ്ങുന്നത് രാഷ്ട്രീയ ശുദ്ധിയുടെ 'പിടി'
കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിബന്ധങ്ങളോട് പടപൊരുതി വിജയിച്ചു വന്ന നേതാക്കളുടെ കൂട്ടത്തിലാണ് അണികളുടെ പ്രിയങ്കരനായ പി ടി തോമസ്. തീർത്തും സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയും തികഞ്ഞ പോരാളിയും. എല്ലാവരും രാഷ്ട്രീയത്തിൽ എഴുതി തള്ളിയ ഘട്ടത്തിലാണ് അദ്ദേഹം വീണ്ടും അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. പക്ഷേ പോരാളിയായ പി ടിക്ക് കാൻസറിനെ തോൽപ്പിക്കാനായില്ല. കേരള രാഷ്ട്രീയത്തിൽ പിടിയുടെ ആവശ്യമുള്ളപ്പോൾ മടങ്ങുകയാണ് അദ്ദേഹം.
നട്ടെല്ലിനായിരുന്നു അർബുദബാധ്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു ശീലിച്ച നേതാവ് വെല്ലൂർ മെഡിക്കൽ കോളേജിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. നട്ടെല്ലിനെ ബാധിച്ചിരിക്കുന്ന ക്യാൻസർ വ്യാപിച്ചിരിക്കുന്നു എന്ന് വിവരം മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. ഈ അസുഖത്തെ അതിജീവിക്കാനുള്ള കരുത്ത് പിടിക്ക് ഇല്ലാതെ പോയി.
സംസ്ഥാന കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയാണ് പി ടി തോമസ്. അദ്ദേഹത്തിന്റെ ആരോഗ്യം കോൺഗ്രസ് പാർട്ടിക്കും ഏറെ മുഖ്യമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിക്കുന്നതിന് കോൺഗ്രസ് നേതൃത്വം പരിശ്രമിക്കുകയും ചെയ്തു. അതിന് വേണ്ട ശ്രമങ്ങളെല്ലം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ശ്രമിച്ചിരുന്നു. എങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിൽ തുടരാനാണ് പി ടി തോമസ് താൽപര്യം പ്രകടിപ്പിച്ചത്. വിദേശത്തു പോകാൻ പിടി താൽപ്പര്യം കാണിച്ചില്ല.
എന്തെങ്കിലും ഒരു നേട്ടത്തിന് വേണ്ടിയോ താൽപര്യത്തിന് വേണ്ടിയോ നിലപാട് എടുക്കുന്ന ആളല്ല പി ടി തോമസ് എന്നതിനാൽ ജനകീയനായ നേതാവ് കൂടിയാണ് അദ്ദേഹം. ട്വന്റി 20യുമായി ധാരണ ഉണ്ടാക്കി സിപിഎം തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കാൻ നീക്കം നടത്തിയിട്ടും മണ്ഡലം ഇത്തവണ കോൺഗ്രസ് നിലനിർത്തിയത് പി ടി തോമസിന്റെ ജനകീയ മികവിലൂടെയാണ്.
കോൺഗ്രസ് പുനഃ സംഘടനയിൽ അദ്ദേഹം വർക്കിങ് പ്രസിഡന്റുമായിരുന്നു. നട്ടെല്ലിൽ കാൻസർ ബാധിച്ച് പത്ത് ദിവസത്തോളം മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ബൈപ്പാസ് സർജറി കഴിഞ്ഞ ആളായിരുന്നു. സ്റ്റെന്റ് ഇട്ടിട്ടുണ്ട്. ശരീരത്തിന് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം ക്യാൻസർ രോഗ ചികിൽസയേയും പ്രതികൂലമായി ബാധിച്ചു. ടാറ്റാ ആശുപത്രിയിലും ചികിൽസ തേടി. പത്തു ദിവസം ടാറ്റയിൽ ചികിൽസ തേടിയിരുന്നു. അതിന് ശേഷമാണ് വെല്ലൂരിൽ എത്തിയത്. ചികിൽസയ്ക്കിടെ ചേട്ടൻ മരിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങി. പിന്നേയും തിരിച്ചെത്തി ചികിൽസയിൽ പ്രവേശിച്ചു. പക്ഷേ അത് രോഗത്തെ തോൽപ്പിച്ചില്ല.
പി ടി തോമസ് സാധാരണ ജെനുസിൽപ്പെട്ട രാഷ്ട്രീയക്കാരനല്ല. നമ്മുടെ നാട്ടിൽ ഇത്രയേറെ ആർജ്ജവമുള്ള വളരെ കുറച്ച് രാഷ്ട്രീയക്കാരെ ഉള്ളു. അദ്ദേഹം അഴിമതിക്കാരനല്ല. അദ്ദേഹം ആരുടേയും ദയവിന് വേണ്ടി കാത്തുനിന്നിട്ടില്ല. ഒരു കോൺഗ്രസ് നേതാക്കൾ സാധാരണ അതേ സീറ്റിൽ തുടരുന്നതാണ് കണ്ടിട്ടുള്ളത്. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഏറ്റവും നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും പി ടി തോമസിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും മാറ്റി നിർത്തുകയുണ്ടായി. കസ്തൂരി രംഗൻ വിഷയത്തിൽ സഭയുടെ കണ്ണിലെ കരടായതോടെ പി ടി തോമസിന് മണ്ഡലത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. കർഷകന്റെ പേരു പറഞ്ഞ് കർഷകരെ മുതലെടുക്കുന്ന സിപിഎമ്മിന് എതിരെയാണ് അന്ന് പി ടി തോമസ് നിലപാട് എടുത്തത്. നിർഭാഗ്യവശാൽ സഭ ആ കെണിയിൽ വീണുപോയി.
പ്രകൃതിയെ സംരക്ഷിക്കണം എന്നത് വ്യക്തമാക്കിയാണ് അദ്ദേഹം കസ്തൂരി രംഗൻ റിപ്പോർട്ടിനെ ഭാഗീകമായി അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നാൽ അദ്ദേഹം കസ്തൂരി രംഗന്റെയും പരിസ്ഥിതിയുടേയും ആളാണ്. കർഷകർക്ക് എതിരാണ് എന്ന വ്യാജപ്രചാരണം നടത്തി ശവമഞ്ച ഘോഷയാത്ര വരെ നടത്തി സഭയും സഭ സംവിധാനവും. മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിന്റെ ഇടപെടലുകളായിരുന്നു ഇതിന് പിന്നിൽ.
മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടത്. ചരിത്രത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ആ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി ടി തോമസിന് മാത്രമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. പകരം വന്ന ഡീൻ കുര്യാക്കോസ് സിപിഎം ഒരുക്കിയ കെണിയിൽ വീണുപോയി. പി ജെ ജോസഫിനെ തൊടുപുഴയിൽ തോൽപ്പിച്ച ആളാണ് പി ടി തോമസ് എന്നത് കൂടി ഓർക്കേണ്ടതാണ്.
തൃക്കാക്കരയിൽ സകല സംവിധാനങ്ങളും ഒരുക്കി കിറ്റെക്‌സ് അടക്കം പി ടി തോമസിനെതിരെ എതിർത്തിട്ടും പി ടി തോമസ് ജയിച്ചു കയറി. ജനകീയനായ പി ടി തോമസ് പല തവണ എംഎൽഎയായി. ഒരു തവണ എംപിയായി. എന്നാൽ ഒരു തവണ പോലും മന്ത്രിയായിട്ടില്ല. പരാതിയില്ലാത്ത, തികഞ്ഞ മതേതര വാദിയായ നേതാവാണ് അദ്ദേഹം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പി ടി തോമസ് പൊതുരംഗത്ത് എത്തുന്നത്.
വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് പടിപടിയായി ഉയർന്ന് ഇപ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തും എത്തി. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ റോൾ നന്നായി നിർവ്വഹിക്കുന്നതിനിടെയാണ് പിടിയുടെ മരണം.
മറുനാടന് മലയാളി ബ്യൂറോ