കൊച്ചി:കേരള രാഷ്ട്രീയത്തിൽ വിപ്ലവം തീർത്ത വിവാഹമായിരുന്നു പിടി തോമസിന്റേത്. മറ്റൊരു മതത്തിൽ പെട്ട ഉമയെ ജീവിത സഖിയാക്കിയ പിടി. പക്ഷേ ഭാര്യയുടെ സ്വാതന്ത്ര്യത്തിൽ ഒന്നും ഇടപെട്ടില്ല. എന്നും അവർക്ക് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചു. കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ രാഷ്ട്രീയക്കാരൻ. അതുകൊണ്ട് തന്നെ ഉമാ ഹരിഹരന് ഈ ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണ്. രാഷ്ട്രീയ സംശുദ്ധി ജീവിതത്തിലും നിലനിർത്തിയ നേതാവാണ് വിടവാങ്ങുന്നത്. പിടിയുടെ പ്രണയവും വിവാഹവുമെല്ലാം മലയാളി പലയാവർത്തി ചർച്ച ചെയ്തു. സിനിമാ കഥയെ വെല്ലുന്ന രജിസ്റ്റർ വിവാഹം. 31 വർഷം മുമ്പായിരുന്നു ആ ഒളിച്ചോട്ട കല്യാണം.

പിടിക്ക് ജീവിതസഖിയായ ഉമയെ പരിചയപ്പടുന്നതും വിവാഹം കഴിക്കുന്നതും ഒന്നിച്ചുള്ള ജീവിതവുമൊക്കെ വ്യത്യസ്തമായ അനുഭൂതികളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഒന്നായിരുന്നു. അത് മാധ്യമങ്ങളോടും പിടി പങ്കുവച്ചിട്ടുണ്ട്. മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്താണ് അവിടെ ജൂണിയറായി പഠിച്ചിരുന്ന ഉമയെ പരിചയപ്പെടുന്നതും ആ സൗഹൃദം വളർന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നത്. രണ്ടു മക്കൾ. മൂത്തയാൾ വിഷ്ണു തോമസും രണ്ടാമത്തെയാൾ വിവേക് തോമസും. പാലാരിവട്ടത്ത് സന്തുഷ്ട കുടുംബ ജീവിതം. ഇതിനിടെയാണ് കുടുംബ നാഥനെ ക്യാൻസർ രോഗി പിടികൂടുന്നത്. മഹാരാജാസ് കോളജിന്റെ സമീപത്ത്കൂടി പോകുമ്പോഴും എറണാകുളം പട്ടണത്തിന്റെ പലഭാഗത്ത് കൂടി പോകുമ്പോഴും പഴയ ഓർമ്മകൾ ഇപ്പോഴും പിടിച്ച് നിർത്താറുണ്ട്. ആത്മാർത്ഥതയുള്ള പ്രണയം എന്നും നെഞ്ചിലേറ്റാൻ പോന്ന പരിപാവനമായ ഒരോർമ്മയാണ് എന്ന് പിടി തോമസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

''മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ...''-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ഈ ഗാനം അവരെ അടുപ്പിച്ചു. ഉമയേയും പിടിയേയും. അന്ന് ഈ കലാലയമുറ്റത്തെ വേദിയിൽനിന്ന് ഞാൻ പാടുമ്പോഴാണ് പി.ടി. അങ്ങോട്ടേക്ക് കയറിവന്നത്. പി.ടി.യെ ഞാൻ ആദ്യമായി കാണുന്നത് ആ ഗാനം പാടിക്കൊണ്ടിരിക്കുമ്പോഴാണ്. അവിടെ തുടങ്ങിയ സൗഹൃദവും പ്രണയവുമൊക്കെ വിവാഹത്തിലെത്തി. ഉമാ ഹരിഹരൻ അങ്ങനെ പിടി തോമസിന്റെ ജീവിത സഖിയായി. ഉമയും ആ സമയത്ത് കെ.എസ്.യു.വിന്റെ സജീവപ്രവർത്തകയായിരുന്നു. പ്രീഡിഗ്രിക്കുപഠിക്കുമ്പോൾ കോളേജ് യൂണിയനിലെ വനിതാപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ ഡിഗ്രിക്കുപഠിക്കുമ്പോൾ വൈസ് ചെയർപേഴ്‌സണുമായി'' -പി.ടി. പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്.

''എനിക്ക് ഉമയെ കണ്ടപ്പോൾത്തന്നെ ഇഷ്ടംതോന്നിയിരുന്നു. എന്നാൽ, പ്രണയത്തിന്റെ കാര്യം അപ്പോൾ അവളോട് തുറന്നുപറഞ്ഞിരുന്നില്ല. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമാണ് ആദ്യമുണ്ടായിരുന്നത്. ഞാൻ ഉമയുടെ വീട്ടിലേക്ക് ഫോൺവിളിക്കുമ്പോൾ അവളുടെ അമ്മയുമായി ഒരുപാട് സംസാരിക്കുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് അമ്മയുടെ അനുജത്തിവഴി ഉമയ്ക്ക് കല്യാണാലോചനകൾ വരുന്നെന്നറിഞ്ഞപ്പോഴാണ് ഉമയോട് വിഷയം അവതരിപ്പിക്കാമെന്നുകരുതിയത്'' -ഇങ്ങനെയാണ് പ്രണയവും വിവാഹവും യാഥാർത്ഥ്യമാകുന്നത്. ആ കഥയും പിടി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.

''അന്ന് എന്നെ കാണണമെന്ന് പി.ടി. പറഞ്ഞപ്പോൾ സംഘടനയുടെ എന്തെങ്കിലും കാര്യം പറയാനാകുമെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടുതന്നെ ലേഡീസ് ഹോസ്റ്റലിന്റെ അടുക്കൽവെച്ച് കാണാമെന്നുപറഞ്ഞപ്പോൾ രണ്ട് കൂട്ടുകാരികളെയുംകൂട്ടിയാണ് ഞാൻ പോയത്''-ഉമ പറഞ്ഞത് ഇങ്ങനെയാണ്. ''പ്രണയം അവതരിപ്പിക്കാൻച്ചെന്ന ഞാൻ പിന്നെന്തുചെയ്യാനാണ്. മറ്റൊരിക്കൽ സംസാരിക്കാമെന്നുപറഞ്ഞ് ഉള്ളിലൊളിപ്പിച്ച പ്രണയവുമായി ഞാൻ മടങ്ങി. പിന്നെ ഫോണിലൂടെ ഞാനത് പറഞ്ഞു''-പിടി തന്നെ വെളിപ്പെടുത്തിയത് അങ്ങനെയായിരുന്നു.

വീട്ടുകാരുടെ എതിർപ്പോടെ സംഭവബഹുലമായ പ്രണയം രജിസ്റ്റർ മാരേജിലേക്കെത്തി. ''ഞങ്ങളുടെ പ്രണയത്തെപ്പറ്റി വയലാർ രവിക്കും ഭാര്യ മേഴ്‌സിക്കും അറിയാമായിരുന്നു. അവരോടൊപ്പം ബെന്നി ബെഹനാനും വർഗീസ് ജോർജും പ്രസാദും കെ.ടി. ജോസഫും പിന്തുണപ്രഖ്യാപിച്ചതോടെ ധൈര്യമായി. അങ്ങനെയാണ് രജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിക്കുന്നത്. വെളുപ്പിന് കാറുമായി വീട്ടിലെത്തുമെന്നും ഇറങ്ങിവരണമെന്നും നേരത്തേതന്നെ ഉമയോടുപറഞ്ഞിരുന്നു. മേഴ്‌സിച്ചേച്ചി ഉമയ്ക്കായി ഒരു സാരിയും താലിമാലയും വാങ്ങിവെച്ചിരുന്നു. വെളുപ്പിന് ഞാൻ കാറുമായി വരുമ്പോൾ ഉമ വീടിനുമുന്നിൽ കോലം വരയ്ക്കുകയായിരുന്നു. രജിസ്റ്റർമാരേജ് കഴിഞ്ഞ് ഞങ്ങൾ ഇടുക്കിയിലെ എന്റെ വീട്ടിലേക്കാണ് പോയത്''-പിടി ആ വിവാഹ കഥ മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്.

വിവാഹ ശേഷം തന്റെ വീട്ടിലേക്ക് ഉമയുമായി തോമസ് എത്തി. അമ്മയോട് നേരത്തെ തന്നെ എല്ലാം പറഞ്ഞിരുന്നു. അതുകൊണ്ട് അവിടെ വലിയ പ്രശ്‌നമുണ്ടായില്ല. പിന്നെ തളരാത്ത ആവേശവുമായി രാഷ്ട്രീയത്തിലെ താരമായി പിടി തോമസ് മാറി.