- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പുഷ്പചക്രവും ദേഹത്ത് ചേർത്തുവച്ചില്ല; പതിനായിരങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റു വാങ്ങി അനശ്വരതയിലേക്കു മറഞ്ഞത് ജനഹൃദയങ്ങളിൽ ഇടംതേടാൻ മന്ത്രിപദമോ പാർട്ടി അധ്യക്ഷ പദവിയോ അലങ്കരിക്കേണ്ടതില്ലെന്ന് തെളിയിച്ച്; അന്ത്യയാത്രയിൽ നിറഞ്ഞത് ചന്ദ്ര കളഭം; ഇനി പിടി ഓർമ്മകളിൽ
കൊച്ചി: പിടി ഓർമ്മയാകുന്നത് വിപ്ലവകാരിക്ക് ലഭിക്കുന്നതിന് സമാനമായ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയത്. നട്ടെല്ലു നിവർത്തി പൊതുസമൂഹത്തിന് വേണ്ടി സത്യം വിളിച്ചു പറഞ്ഞ നേതാവ്. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജയിച്ച് മുന്നേറിയ രാഷ്ട്രീയക്കാൻ. 'ആരുപറഞ്ഞു മരിച്ചെന്ന്, ഞങ്ങടെ പി.ടി മരിച്ചെന്ന്....ഇല്ലാ പി.ടി മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ.' മുദ്രാവാക്യങ്ങളിലൂടെ പിടിയുടെ വിയോഗത്തിലെ ദുഃഖം കോൺഗ്രസുകാർ രവിപുരം ശ്മശാനത്തിൽ നിറച്ചു. പിടി കോൺഗ്രസുകാർക്ക് ആവേശമായിരുന്നു. സാധാരണക്കാർക്ക് പ്രതീക്ഷയും. പിടി തോമസ് ഇനി ജ്വലിക്കുന്ന ഓർമ്മ.
ഒരു നേതാവ് ജനങ്ങളിലും പ്രവർത്തകരിലും എത്രമേൽ ആവേശമായി പടർന്നു എന്നതിനു തെളിവായി ഓരോ മുദ്രാവാക്യങ്ങളും. ഇടുക്കിയുടെ തമിഴ്‌നാട് അതിർത്തിയായ കമ്പംമേടു മുതൽ കൊച്ചി രവിപുരം ശ്മശാനത്തിൽ ചിതയൊടുങ്ങുംവരെ പ്രവർത്തകരുടെ മുദ്രാവാക്യംവിളിയിൽ കത്തിപ്പടർന്നു പി.ടി എന്ന പോരാളി. 'പി.ടിയുയർത്തിയ ആദർശം, പി.ടിയെടുത്തൊരു നിലപാട്, കെടാതെ ഞങ്ങൾ സൂക്ഷിക്കും, ചങ്കുപൊട്ടും വേദനയോടെ, ഹൃദയം തകരും വേദനയോടെ, നെഞ്ചുപൊട്ടിപ്പറയുന്നു, ഇല്ലാ പി.ടി.മരിച്ചിട്ടില്ല' പ്രവർത്തകരുടെ ദുഃഖം കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
'ഇടുക്കിയുടെ നായകനേ, കേരളത്തിൻ നായകനേ, കോൺഗ്രസിന്റെ നട്ടെല്ലേ, നിലപാടിന്റെ നായകനേ, ഞങ്ങളെയാകെ നയിച്ചവനേ, ധീരനായി മടങ്ങുന്നൂ, വീരനായി മടങ്ങുന്നൂ' എന്നിങ്ങനെ പലവിധ വിശേഷണങ്ങൾ. പി.ടി.തോമസിന്റെ ചിതാഭസ്മം ഇന്നു രാവിലെ കുടുംബാംഗങ്ങളെത്തി രവിപുരം ശ്മശാനത്തിൽനിന്നു ശേഖരിക്കും. ചിതാഭസ്മത്തിൽ ഒരു ഭാഗം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്ന പി.ടിയുടെ ആഗ്രഹപ്രകാരം സ്വദേശമായ ഇടുക്കി ഉപ്പുതോടിലേക്കു കൊണ്ടുപോകും. മതാചാരത്തെ ഒഴിവാക്കിയാണ് പിടിയുടെ മടക്കം. അപ്പോഴും അമ്മയ്ക്ക് അടുത്തേക്ക് പോകാനായിരുന്നു പിടിയുടെ അന്തിമാഭിലാഷം.
പി.ടി.തോമസിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിയപ്പോൾ അവസാന ചുംബനം നൽകിയ ഭാര്യയുടെയും മക്കളുടെയും ദുഃഖം മലയാളിയക്ക് വേദനയാണ് നൽകിയത്. ചില്ലു കൂട്ടിൽനിന്നും പി.ടിയെ പുറത്തെടുത്തപ്പോഴാണ് ആ നെഞ്ചിൽ തല ചേർത്തുവച്ചു പ്രിയപ്പെട്ടവന് ഉമ അവസാന ചുംബനം നൽകിയത്. പിന്നാലെ മക്കളും ബന്ധുക്കളും അദ്ദേഹത്തിനു ചുംബനം നൽകി. പി.ടിയുടെ പ്രണയകഥ അറിയുന്ന ഏതൊരാളെയും െകാളുത്തി വലിക്കുന്ന കാഴ്ച കൂടി ആയി ഇത്. പിന്നെയായിരുന്നു ചന്ദ്ര കളഭത്തിന്റെ പശ്ചാത്തലത്തിലുള്ള സംസ്‌കാരം.
മതപരമായ ആചാരങ്ങളോ ചടങ്ങുകളോ ഒന്നും തന്റെ അന്ത്യനിമിഷങ്ങളിലുണ്ടാവരുതെന്ന് നിലപാടെടുത്തിരുന്നു പി.ടി. തോമസ് എംഎൽഎ. എങ്കിലും കാക്കനാട് കമ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനിടെ പ്രാർത്ഥനയുമായി ഒരുകൂട്ടം പുരോഹിതരെത്തി. അല്പനേരം അവർ പ്രാർത്ഥന നടത്തി. ശരീരം എടുക്കുന്നതിനു മുന്നോടിയായി കെ.എസ്.യു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടെ ചിലർ പൂക്കൾ എറിയുകയും ചെയ്തിരുന്നു. നേതാക്കൾ ഇടപെട്ട് അത് നിർത്തിച്ചു. അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരിൽ ചിലർ റീത്തുമായി വന്നെങ്കിലും ആരെയും റീത്ത് വെക്കാൻ അനുവദിച്ചില്ല.
മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെയാണു ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേരാണു കാത്തുനിന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പി.ടി.തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണു രോഗം കണ്ടെത്തിയത്. തൊടുപുഴയിൽ നിന്നും (1991, 2001) തൃക്കാക്കരയിൽ നിന്നും (2016, 2021) രണ്ടുതവണ വീതം നിയമസഭയിലേക്കും ഇടുക്കിയിൽ നിന്ന് ഒരുതവണ (2009) ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ്് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
മുഖ്യമന്ത്രിയും യൂസഫലിയും വരെ
വിമർശനങ്ങൾ വെറും രാഷ്ട്രീയമായിരുന്നു പിടിക്ക്. വ്യക്തി ബന്ധത്തിന് ഉലച്ചിൽ തട്ടാതെ സൂക്ഷിച്ചയാളാണ് പി.ടി.തോമസെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയവരുടെ നീണ്ട നിര. പി.ടിയുടെ ആശയപ്പോരാട്ട വഴിയിലെ ആരോഗ്യകരമായ വിമർശനങ്ങൾ കേൾക്കേണ്ടി വന്നവരെല്ലാം സഹപ്രവർത്തകനെ യാത്രയാക്കാനെത്തി. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെ പി.ടിയുടെ ഫോട്ടോ പതിച്ച കറുത്ത ബാഡ്ജ് നെഞ്ചിലേറ്റിയാണ് പൊതുദർശന വേദികളിൽ വന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊതുദർശനം സുഗമമാക്കാനും സിപിഎം കൗൺസിലർമാർ ഉൾപ്പെടെ സജീവമായി രംഗത്തിറങ്ങി.
നിയമസഭയ്ക്കകത്തും പുറത്തും വിമർശനം ഉയർത്തുമ്പോഴും പി.ടിയുടെ പാർലമെന്ററി വൈദഗ്ധ്യം പരസ്യമായി അംഗീകരിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ യാത്രയാക്കാനെത്തി. പി.ടിയുടെ ഭാര്യ ഉമയെ ആശ്വസിപ്പിച്ചാണ് പിണറായി മടങ്ങിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി.രാജീവ്, വി.എൻ. വാസവൻ, കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി എം.സുധീരൻ, വ്യവസായി എം.എ.യൂസഫലി, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ കാക്കനാട് കമ്യൂണിറ്റി ഹാളിൽ അന്ത്യോപചാരം അർപ്പിച്ചു.
ദേശീയ നേതാവിന്റെ ഗൗരവത്തിലല്ല, ഒരു അനിയന്റെ സ്‌നേഹവായ്‌പോടെയാണ് രാഹുൽ ഗാന്ധി പി.ടി. തോമസിന്റെ ഭാര്യ ഉമയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചത്. ഒരുമണിയോടെ ടൗൺഹാളിലെത്തിയ രാഹുൽ ഏറെ നേരം ഉമയോടും മക്കളായ വിഷ്ണുവിനോടും വിവേകിനോടും സംസാരിച്ചു. കരഞ്ഞുതളർന്നു നിന്ന വിഷ്ണുവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമാണ് രാഹുൽഗാന്ധി കൊച്ചിയിൽ എത്തിയത്.
പി.ടിയുടെ പാലാരിവട്ടത്തെ വീട്ടിൽ എത്തി അന്ത്യാപചാരമർപ്പിച്ച് ഡൽഹിക്കു മടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇടുക്കിയിൽ നിന്ന് വിലാപയാത്ര എത്താൻ വൈകിയതോടെ രാവിലെത്തെ വിമാന ടിക്കറ്റ് റദ്ദാക്കി അദ്ദേഹം ഉച്ചയോടെ ടൗൺഹാളിലെത്തിയാണ് ആദരാഞ്ജലിയർപ്പിച്ചത്.
ചന്ദ്രകളഭം നിറഞ്ഞപ്പോൾ
മൃതദേഹത്തിനരികിൽ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിൻ തൂവൽപൊഴിയും തീരം...' എന്ന ഗാനം പശ്ചാത്തലത്തിൽ വെക്കണം എന്നായിരുന്നു പി.ടി.യുടെ ആഗ്രഹം. ഗാനം മുഴങ്ങിയത് നൂറു കണക്കിന് തവണയാണ്, അതൊരുക്കിയത് സുഹൃത്തുക്കളും.
എറണാകുളം ടൗൺഹാളിൽ പൊതുദർശന സ്ഥലത്ത് പി.ടി.യുടെ സുഹൃത്തുക്കളായ സിനിമാ നിർമ്മാതാവ് ആന്റോ ജോസഫും നടൻ രമേഷ് പിഷാരടിയുമാണ് ഇതിനായി സൗകര്യം ഒരുക്കിയത്. ഒരു ഫ്യൂഷനായിരുന്നു ഇവിടെ ഒരുക്കിയത്. ഓടക്കുഴൽ, തബല, കീബോർഡ്, സിത്താർ എന്നിവയുടെ ഓർക്കെസ്ട്രയും കൂടെ വോക്കലായും ഗാനം പല തവണ മുഴങ്ങി.
മൃതദേഹം സംസ്‌കരിച്ച രവിപുരം ശ്മശാനത്തിൽ മഹാരാജാസ് കോളേജിലെ സഹപാഠികളുടെ വകയായിരുന്നു ഗാനാലാപനം. ഓടക്കുഴൽ - കലാഭവൻ ചാക്കോ, തബല - ഉണ്ണി എസ്. ആചാര്യ, കീബോർഡ് - ബിനോയ് വൈക്കം, സിത്താർ - ജോസ് തണ്ണീർമുക്കം.
മറുനാടന് മലയാളി ബ്യൂറോ