തൊടുപുഴ: നിലപാടുള്ളവരെ കേരളം അംഗീകരിക്കും. ഇതിന് തെളിവാണ് പിടി തോമസിന്റെ അന്ത്യയാത്ര. നിറകണ്ണുകളോടെ, ഇടറുന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് പി.ടി.തോമസ് എന്ന പ്രിയ നേതാവിനു അന്ത്യാഞ്ജലി അർപ്പിക്കുന്ന ഒരു പ്രവർത്തകന്റെ മുഖം. ഈ മുഖത്തുണ്ടായിരുന്നു പ്രിയ നേതാവിന് കേരളം നൽകിയ സ്ഥാനം.

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ടി.എൽ. അക്‌ബറിന്റെ കരയുന്ന മുഖം കണ്ടവരുടെയൊക്കെ മനസ്സ് നീറി. പി.ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇന്നലെ രാവിലെ തൊടുപുഴയിൽ എത്തിയപ്പോഴായിരുന്നു വികാരനിർഭരമായ ആ കാഴ്ച. പി.ടിയുടെ ഭൗതിക ശരീരവുമായി എത്തിയ ആംബുലൻസിന് അരികെ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ പലപ്പോഴും അക്‌ബറിന്റെ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞൊഴുകി... അതായിരുന്നു പിടിയെന്ന നേതാവ്.

അത്രമേൽ ആത്മബന്ധമുള്ള നേതാവായിരുന്നു പി.ടി.തോമസ് എന്ന് അക്‌ബർ പറയുന്നു. കെഎസ്‌യുവിലൂടെ ആദ്യമായി രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ, രാഷ്ട്രീയ അറിവുകൾ പകർന്നു നൽകിയതും ഏറ്റവുമധികം സ്വാധീനിച്ചതും പി.ടി.തോമസായിരുന്നു. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയത്തിൽ സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പി.ടിക്കെതിരെ പാർട്ടിയിലുള്ളവർ വരെ രംഗത്തു വന്നപ്പോഴും പ്രിയ നേതാവിനൊപ്പം ഉറച്ചു നിന്നയാളാണ് അക്‌ബർ. അതിന്റെ പേരിൽ തനിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നതായി അക്‌ബർ ഓർക്കുന്നു.

2 മാസം മുൻപു പി.ടി തൊടുപുഴയിൽ എത്തിയപ്പോഴാണ് അവസാനമായി നേരിൽ കണ്ടത്. രോഗം മാറി ഊർജസ്വലനായി അദ്ദേഹം തിരികെയെത്തുന്നത് കാത്തിരുന്ന തന്നെ അപ്രതീക്ഷിതമായി എത്തിയ മരണവാർത്ത തളർത്തിയെന്നും അക്‌ബർ പറയുന്നു. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലും അക്‌ബർ എത്തിയിരുന്നു. അങ്ങനെ ആ സംസ്‌കാര ചടങ്ങിനെത്തിയവരിൽ ഏറെയും ഉപ്പുതറമുതൽ മൃതദേഹത്തെ അനുഗമിക്കുന്നവരായിരുന്നു.

'ആരുപറഞ്ഞു മരിച്ചെന്ന്, ഞങ്ങടെ പി.ടി മരിച്ചെന്ന്....ഇല്ലാ പി.ടി മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ.' മുദ്രാവാക്യങ്ങളിലൂടെ പിടി നിത്യതയിലേക്ക് ലയിച്ചു. ഇടുക്കിയുടെ തമിഴ്‌നാട് അതിർത്തിയായ കമ്പംമേടു മുതൽ കൊച്ചി രവിപുരം ശ്മശാനത്തിൽ ചിതയൊടുങ്ങുംവരെ പ്രവർത്തകരുടെ മുദ്രാവാക്യംവിളിയിൽ കത്തിപ്പടർന്നു പി.ടി എന്ന പോരാളി. 'പി.ടിയുയർത്തിയ ആദർശം, പി.ടിയെടുത്തൊരു നിലപാട്, കെടാതെ ഞങ്ങൾ സൂക്ഷിക്കും, ചങ്കുപൊട്ടും വേദനയോടെ, ഹൃദയം തകരും വേദനയോടെ, നെഞ്ചുപൊട്ടിപ്പറയുന്നു, ഇല്ലാ പി.ടി.മരിച്ചിട്ടില്ല' കരഞ്ഞുകൊണ്ട് കോൺഗ്രസ് യുവതലമുറ ഏറ്റുവിളിച്ചു.

'ഇടുക്കിയുടെ നായകനേ, കേരളത്തിൻ നായകനേ, കോൺഗ്രസിന്റെ നട്ടെല്ലേ, നിലപാടിന്റെ നായകനേ, ഞങ്ങളെയാകെ നയിച്ചവനേ, ധീരനായി മടങ്ങുന്നൂ, വീരനായി മടങ്ങുന്നൂ' എന്നിങ്ങനെ ഓരോ വിശേഷണങ്ങളും ആദരപ്പൂക്കളായി.