തിരുവനന്തപുരം: മരണത്തിന് തൊട്ട് മുൻപ് സുഹൃത്തിനെ അറിയിച്ച അന്ത്യാഭിലാഷങ്ങളിലുടെ മരണത്തിന് ശേഷം ജീവിച്ചിരിക്കുന്നതിനേക്കാൾ സ്വീകാര്യനായി മാറിയ തൃക്കാക്കര എം എൽ എ പിടി തോമസിന്റെ ആഗ്രഹപ്രകാരം സംസാക്കാര ചടങ്ങുകളിൽ മതാചാരച്ചടങ്ങുകൾ ഇല്ലാതെ പൂർത്തിയായെങ്കിലും മരണാനന്തര ചടങ്ങുകളിൽ മതചടങ്ങുകൾ കടന്നുകൂടിയതായി വിമർശനം. ചിതാഭസ്മം അമ്മയുടെ ശവകുടീരത്തിൽ അടക്കം ചെയ്യണമെന്ന് പിടി പറഞ്ഞെങ്കിലും അതോടൊപ്പം ആലുവപ്പുഴയിലും തിരുനെല്ലിയിലും ഗംഗയിലും നിമഞ്ജനം ചെയ്യാനുള്ള തീരുമാനമാണ് വിവാദമാകുന്നത്.ഒപ്പം മക്കൾ ഹൈന്ദവാചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയതും വിവാദത്തിന് വഴിവെക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ രവിപുരം ശ്മശാനത്തിൽ എത്തിയ മക്കളായ വിഷ്ണുവും വിവേകും പി.ടിയുടെ അനുജൻ വർക്കിച്ചനും നാലു കുടങ്ങളിലായാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്.ഒന്ന് പിടിയുടെ ആഗ്രഹപ്രകാരം ഇടുക്കി ഉപ്പുതോട് പള്ളിയിൽ അമ്മയുടെ കല്ലറയിൽ എത്തിക്കും. മറ്റ് മൂന്നെണ്ണം വയനാട് തിരുനെല്ലിയിലും ഗംഗയിലും ആലുവാ പുഴയിലും ഒഴുക്കാനാണ് തീരുമാനം.പാലാരിവട്ടത്തെ വീട്ടിൽ കൊണ്ടുവന്ന ചിതാഭസ്മം പി.ടി.യുടെ ഭാര്യ ഉമ ഏറ്റുവാങ്ങി. വീടിന്റെ മുകൾനിലയിൽ പി.ടി.യുടെ ഛായാചിത്രത്തിനു മുന്നിൽ കത്തിച്ചുവെച്ച കെടാവിളക്കിനു സമീപമാണ് ചിതാഭസ്മം നിലവിൽ സുക്ഷിച്ചിരിക്കുന്നത്.

ചിതാഭസ്മം മക്കൾ സ്വീകരിച്ച രീതി തൊട്ട് ഹൈന്ദവവിശ്വാസ പ്രകാരം നിമഞ്ജനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ചിതാഭസ്മം ഒഴുക്കാനുള്ള തീരുമാനവുമൊക്കെയാണ് ഇപ്പോൾ വിവാദത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

പിടിയുടെ വിട്ടുപോകാത്ത ഓർമകൾ പൈപ് ലൈൻ റോഡിലെ വീട്ടിൽ ഇന്നലെയും നിറഞ്ഞു. ചിതാഭസ്മം ഏറ്റുവാങ്ങുമ്പോൾ വെക്കുമ്പോൾ ഉമയുടെ മിഴികൾ നിറഞ്ഞു.അമ്മയെ മക്കൾ ആശ്വസിപ്പിച്ചു.വെള്ളിയാഴ്ച മന്ത്രിമാരായ സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പി.ടി.യുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.കോൺഗ്രസ് നേതാക്കളായ മുൻ മേയർ ടോണി ചമ്മണി, എൻ. വേണുഗോപാൽ, ജോസഫ് അലക്‌സ്, ആന്റണി പൈനുതറ, പി.ഡി. മാർട്ടിൻ, മാലിനി കുറുപ്പ് തുടങ്ങിയവർ ചിതാഭസ്മം ഏറ്റുവാങ്ങുന്ന സമയത്ത് ശ്മശാനത്തിൽ ഉണ്ടായിരുന്നു.

കോൺഗ്രസ് നേതാക്കളും സാധാരണ പ്രവർത്തകരും ഇന്നലെ വീട്ടിലെത്തി. ബന്ധുക്കൾ തിരിച്ചുപോയിട്ടില്ല.സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തവർ, ആശുപതിയിൽ സന്ദർശിച്ചവർ, മണിക്കൂറുകളോളം ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നവർ തുടങ്ങി അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും ഉമ നന്ദി അറിയിച്ചു.