തൊടുപുഴ: ഇടുക്കിയുടെ മനോഹര തീരത്ത് കൂടി ഒരിക്കൽ കൂടി പിടി തോമസിന്റെ ഓർമ്മകൾ യാത്ര ചെയ്യും. ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്ന പി.ടി.തോമസിന്റെ ആഗ്രഹപ്രകാരമാണ് സ്വദേശമായ ഇടുക്കിയിലെ ഉപ്പുതോട്ടിലേക്കു കൊണ്ടുവരുന്നത്. ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുജനങ്ങൾക്ക് ആദരം അർപ്പിക്കാനുള്ള സൗകര്യമുണ്ട്. തുടർന്ന് ബന്ധുക്കൾ ചേർന്ന് പി.ടിയുടെ അമ്മയുടെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും.

ആയിരങ്ങൾ പിടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഇന്നു രാവിലെ 7ന് പാലാരിവട്ടത്തെ വീട്ടിൽനിന്ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ കുടുംബാംഗങ്ങളിൽനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ കൊണ്ടു പോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്കു വിവിധ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം.

എറണാകുളം ജില്ലയിലെ പ്രയാണത്തിനുശേഷം സ്മൃതി യാത്ര 11നു നേര്യമംഗലത്ത് എത്തിച്ചേരുമ്പോൾ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങും. സ്മൃതിയാത്ര 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാർകുട്ടി, 2ന് പാറത്തോട്, 3ന് മുരിക്കാശേരി എന്നിവിടങ്ങളിൽ എത്തിച്ചേരും. വൈകുന്നേരം 4ന് ഉപ്പുതോട്ടിൽ എത്തിച്ചേരും. ചിതാഭസ്മം ഉപ്പുതോട് കുരിശടിയിൽ കുടുംബാംഗങ്ങൾക്കു കൈമാറും. അതിന് ശേഷം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും.

പിടിയുടെ ഓർമ്മകൾ നിറയ്ക്കുന്നതാകും സ്മൃതി യാത്ര. എല്ലാ പ്രമുഖ നേതാക്കളും ഈ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. 5ന് ഉപ്പുതോട് പള്ളിക്കവലയിൽ ചേരുന്ന സ്മൃതി സംഗമത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ, എം.എം.ഹസൻ, ഡീൻ കുര്യാക്കോസ് എംപി, കെപിസിസി ഡിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.

തൃക്കാക്കരയിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ പിടിയുടെ സ്മൃതി യാത്രയ്ക്ക് ശേഷം ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കും. പിടിയുടെ ഭാര്യ ഉമാ തോമസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മനസ്സിൽ കാണുന്നത്. സ്മൃതി യാത്രയ്ക്ക് ശേഷം ഇക്കാര്യത്തിൽ ഉമയോട് കെപിസിസി നിലപാട് തേടും. പിടിക്ക് ഒരു വോട്ട് എന്ന പ്രചരണമാകും തൃക്കാക്കരയിൽ നിറയ്ക്കുക. അതിന് വേണ്ടിയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന.