ഉപ്പുതോട്: അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിൽ അന്ത്യവിശ്രമം. കെ പി സി സി വർക്കിങ് പ്രസിഡന്റായിരുന്ന പി ടി തോമസിന്റെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിലുള്ള കുടുംബകല്ലറയിൽ സംസ്‌കരിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങിയാണ് ചിതാഭസ്മം എറണാകുളത്തുനിന്ന് ജന്മനാട്ടിൽ എത്തിച്ചത്.

പി.ടി തോമസിന്റെ അന്ത്യാഭിലാഷം പ്രകാരമായിരുന്നു ചടങ്ങുകൾ. പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതി യാത്ര കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് തുടങ്ങിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങി. ഉച്ചയോടെ നേര്യമംഗലത്ത് വച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങി. നിരവധി സ്ഥലങ്ങളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പ്രിയപ്പെട്ട പി ടിക്ക് ആദരവ് അർപ്പിച്ചു

വൈകിട്ട് നാലരയോടുകൂടിയാണ് അദ്ദേഹത്തിന്റെ ചിതാഭസ്മ സ്മൃതിയാത്ര ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിൽ എത്തിച്ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളാണ് സ്മൃതിയാത്രക്ക് നേതൃത്വം നൽകിയത്. തുടർന്ന് കുടുംബാംഗങ്ങൾ കോൺഗ്രസ് നേതാക്കളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി.

സെന്റ് ജോസഫ് ദേവാലയത്തിന് മുന്നിൽ തയ്യാറാക്കിയ പന്തലിൽ ചിതാഭസ്മം പൊതുജനങ്ങൾക്ക് ആദരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തി.കാത്തു നിന്നവർ ആദരം അർപ്പിച്ച ശേഷം കുടുംബ കല്ലറയ്ക്ക് സമീപത്തേക്ക് ചിതാഭസ്മം കൊണ്ടുവന്നു. തുടർന്ന് ചിതാഭസ്മം അടങ്ങിയ മൺകുടം കല്ലറയിൽ അടക്കം ചെയ്തു.

ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കംചെയ്യണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷത്തോട് ഇടുക്കി രൂപതയും അനുകൂലമായാണ് പ്രതികരിച്ചത്. ചടങ്ങിനു വേണ്ട ക്രമീകരണങ്ങൾ പള്ളി അധികൃതർ ചെയ്തിരുന്നു. ചടങ്ങിന് രൂപത നൽകിയ നിർദ്ദേശങ്ങൾ കോൺഗ്രസ് പ്രവർത്തകരും കൃത്യമായി പാലിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎ മാരായ കെ ബാബു, മാത്യു കുഴൽ നാടൻ, ഡിസിസി പ്രസിഡന്റ് സിപി മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് ശേഷം ഉപ്പുതോട്ടിൽ പി.ടി സ്മൃതി സംഗമം നടന്നു.