- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കിറ്റിലേക്കുള്ള ഏലയ്ക്ക വാങ്ങിയതിൽ എട്ടുകോടിയുടെ അഴിമതി; കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാർ വഴി ഉയർന്ന വിലയ്ക്ക് സംഭരിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ്
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയ ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതിൽ എട്ടുകോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി പി ടി തോമസ് എം എൽ എ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാർ വഴിയാണ് ഉയർന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിച്ചത്. ഇടപാടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.
അതിനിടെ കിറ്റുകൾ ഓണത്തിന് മുമ്പ് കൊടുക്കാൻ കഴിയാത്തത് ഗുരുതര കൃത്യവിലോപമാണെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ജനങ്ങൾ നിരാശരാണെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാരിന്റെ കിറ്റ് വാങ്ങാത്ത റേഷൻ കാർഡ് ഉടമകൾക്ക് ഓണം കഴിഞ്ഞും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കിറ്റ് നൽകിയവരുടെ എണ്ണം 70 ലക്ഷത്തിലെത്തുമെന്നും സാധനങ്ങൾ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കാരണമാണ് കിറ്റുവിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയാതെ വന്നത്. ഓണത്തിന് ശേഷവും കിറ്റ് വിതരണം തുടരുമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചിരുന്നു.
ഏലയ്ക്കാ ,ശർക്കരവരട്ടി പോലുള്ള ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ് ആ കണക്കുകൂട്ടൽ തെറ്റിച്ചു. സംസ്ഥാനത്ത് വിതരണത്തിന് പ്രതീക്ഷിക്കുന്ന 85ലക്ഷം കിറ്റിൽ ഇത് വരെ 48 ലക്ഷം കിറ്റുകൾ ഉടമകൾ കഴിഞ്ഞ ദിവസം കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകൾ തയ്യാറാക്കി 60 ലക്ഷം ഉടമകൾക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷ പങ്കുവച്ചത്. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരാനാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ