കാക്കനാട്: പിതാവ് ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ആശ്വാസത്തിൽ പാലാരിവട്ടത്തെ വീട്ടിലേക്കുമടങ്ങിയ മൂത്ത മകൻ വിഷ്ണുവിനെ അവസാനനിമിഷം വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പി.ടി. തോമസ്. ചൊവ്വാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയായിരുന്നു ഇത്. പി.ടി. തോമസിന്റെ ഭാര്യ ഉമയും ഇളയ മകൻ വിവേകും ആശുപത്രിയിൽതന്നെയുണ്ടായിരുന്നു. വിളിപ്പിച്ചതറിഞ്ഞയുടൻ വിഷ്ണു ആശുപത്രിയിലേക്ക് മടങ്ങിയെത്തി, അദ്ദേഹത്തെ കാണുകയും ചെയ്തു. പിന്നാലെ മടക്കം.

ഡിസംബർ 12-ന് ആശുപത്രിക്കിടക്കയിൽ വെച്ച് 71-ാം പിറന്നാൾ ചെറിയതോതിലെങ്കിലും ആഘോഷിച്ചിരുന്നു. വിവേകിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തെത്തുടർന്നായിരുന്നു രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കിയ ആഘോഷം. പിറന്നാൾ തൊപ്പിയണിഞ്ഞ്, കേക്കും മുറിച്ച് ഫോട്ടോയുമെടുത്തു. ആശുപത്രി കിടക്കയിലും ഒരിക്കലും തളർച്ച പിടി തോമസ് പ്രകടിപ്പിച്ചില്ല. അതുകൊണ്ട് തന്നെ എല്ലാവരും പ്രതീക്ഷയിലായിരുന്നു. തിരിച്ചു വരുമെന്ന് തന്നെ കരുതി. എന്നാൽ പെട്ടെന്ന് രോഗം വഷളായി. പിടി നിത്യതയിലേക്ക് മടങ്ങി.

സ്പീക്കർ എം.ബി. രാജേഷ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ഒട്ടേറെപ്പേർ ആശുപത്രിയിൽ പി.ടി.യെ കാണാനെത്തിയിരുന്നു, പ്രവർത്തകരുൾപ്പെടെ ഒട്ടേറെപ്പേർ ഫോണിലൂടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. പി.ടി. പഠിച്ച എറണാകുളം മഹാരാജാസ് കോേളജിലെതന്നെ വിദ്യാർത്ഥിയായിരുന്ന ഡോ. ടൈറ്റസാണ് വെല്ലൂരിൽ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയിരുന്നത്. മലയാളികളായ ഡോ. സുകേശും ഡോ. അനൂപുമുൾപ്പെടെയുള്ളവർ അദ്ദേഹത്തെ പരിചരിച്ചു.

മഹാരാജാസ് കോളജിലെ പഠന കാലത്താണ് പി.ടി.തോമസും ഭാര്യ ഉമയും കണ്ടുമുട്ടുന്നത്. അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണ് പി.ടി.തീപ്പൊരി പ്രസംഗകൻ. ഉമ മഹാരാജാസ് കോളജിന്റെ തന്നെ കെഎസ്‌യു വൈസ് ചെയർപഴ്‌സനും ഗായികയും. മഹാരാജാസ് ക്യാംപസിൽ ഉമ ഒരു പാട്ട് പാടിയതോടെയാണു പി.ടി.യുടെ സൗഹൃദം പ്രണയമായി പൂത്തതെന്നു സഹപാഠികൾ പറയുന്നു. അത് മഞ്ഞിൽ വിരഞ്ഞ പൂക്കൾ എന്ന സിനിമയിലെ മനോഹര ഗാനം.

ഉമയ്ക്കു വിവാഹാലോചനകൾ വരുന്നുണ്ടെന്ന് അറിഞ്ഞ് നേരിട്ട് പ്രണയം പറയാൻ പി.ടി. ഹോസ്റ്റലിൽ എത്തിയെങ്കിലും ഒപ്പം കൂട്ടുകാരികൾ ഉണ്ടായിരുന്നതിനാൽ മടങ്ങി. എന്നാൽ, അന്നു രാത്രി തന്നെ പി.ടി. ഫോണിൽ വിളിച്ച് ഇഷ്ടം തുറന്നു പറഞ്ഞു. ഉമയ്ക്കും ഇഷ്ടമായി. രണ്ടു മതത്തിൽ പെട്ടവരാകയാൽ വിവാഹം അന്ന് അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചു വയലാർ രവിയുടെ ഭാര്യ മേഴ്‌സി ഉമയ്ക്കായി സാരിയും താലിമാലയും വാങ്ങി നൽകി.

ബന്ധത്തെ എതിർത്ത് ഉമയുടെ വീട്ടുകാർ ആദ്യം അകന്നുനിന്നെങ്കിലും മകൻ വിഷ്ണു ജനിച്ചതോടെ ഭിന്നത മറന്ന് ഒപ്പം ചേർന്നു. ഭാര്യയേയും മക്കളേയും അവരുടെ സ്വാതന്ത്ര്യത്തിന് വിട്ട കുടുംബനാഥനായിരുന്നു പിടി തോമസ്.

പിടി തോമസിന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് മാഹൻ അബൂബേക്കർ വീക്ഷണത്തിൽ എഴുതിയ ലേഖനം

പണ്ട്, പതിറ്റാണ്ടുകൾക്കും മുൻപേ മഹാരാജാസിന്റെ ചുവരുകൾ രാഷ്ട്രീയത്തിന്റെയും, പ്രണയത്തിന്റെയും ചൂടറിഞ്ഞ നാളുകളിലൊന്നിൽ രണ്ട് മനുഷ്യരെ സൗഹൃദമെന്ന പാലത്തിലൂടെ കൂട്ടി മുട്ടിച്ചു. മഹാരാജാസിന്റെ നടുമുറ്റത്ത് തീപ്പൊരി പോലെ യുവാക്കളിലേക്ക് ആളി പടരുകയും, സിരകളിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുകയും ചെയ്ത ആ പഴയ മഹാരാജാസുകാരൻ പിടി തോമസ് സംഘടന പ്രവർത്തനവുമായി രാജകീയ കലാലയത്തിന്റെ വരാന്തകളിലൂടെ നടക്കുന്ന കാലം.

പൂർവ വിദ്യാർത്ഥിയായി കലാലയത്തിന്റെ ഇടനാഴികളിൽ നിറഞ്ഞു നിന്ന തോമസെന്ന യുവജന നേതാവിനെ, ആദ്യമായി ഉമയെന്ന മഹാരാജാസുകാരിയുടെ കണ്ണിലുടക്കിയത് പ്രണയത്തിന്റെ വഴിയിൽ ഒരുമിച്ചൊഴുകാൻ വിധിക്കപ്പെട്ട രണ്ട് ജീവിതങ്ങളുടെ കൂടിച്ചേരൽ കൂടിയായിരുന്നു. ഉമ അടിമുടി കെ എസ് യൂകാരി ആയിരുന്നു എന്ന് മാത്രമല്ല, മഹാരാജാസിന്റെ ചുവരുകൾക്കുള്ളിലെ കെ എസ് യൂവിന്റെ മുന്നണി പോരാളി കൂടിയായിരുന്നു. തീവ്രമായി പ്രണയിക്കുന്നതിന് മുൻപ് തീവ്രമായ സൗഹൃദത്തിലേക്ക് രണ്ട് പേരെയും വഴി നടത്തിച്ചത് കെ എസ് യൂ എന്ന പ്രസ്ഥാനമാണ്.

കോളേജ് യൂണിയനിൽ പ്രതിനിധിയായും, യൂണിയൻ വൈസ് ചെയർപേഴ്‌സൺ ആയും നിറഞ്ഞു നിന്ന ഉമയുടെ കെ എസ് യൂ പ്രണയത്തെ പിടി തോമസ് എന്ന കെ എസ് യൂക്കാരൻ ഒരല്പം പ്രണയത്തോടെയാകണം നോക്കി കണ്ടത്. ഉമയെ കണ്ട നിമിഷം മുതൽ ഉമയോട് തോന്നിയ ഇഷ്ടം പങ്ക് വക്കാതെ പിടിച്ചു നിർത്തി പോന്ന പിടി തോമസിന് ഒടുവിൽ അത് പറയണമെന്നും, പറഞ്ഞില്ലെങ്കിൽ ഉമയെ എന്നെന്നേക്കുമായി പിരിയേണ്ടി വരുമെന്നും മനസ്സിലായി.

അമ്മയുടെ അനുജത്തി വഴി ഉമക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ പിടി തോമസ് ഉമയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. സംഘടന പ്രവർത്തനവുമായി നിറഞ്ഞു നിൽക്കുന്ന ഉമ പിടിയുടെ ആവശ്യം സംഘടന കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയായിരിക്കും എന്ന് കരുതി. അതുകൊണ്ട് തന്നെ ഉമ പിടിയെ കാണാൻ വന്നത് രണ്ട് കൂട്ടുകാരികളെയും കൂട്ടിയാണ്. ഉള്ളിലുള്ള പ്രണയം തുറന്ന് പറയാൻ ഉമയെ കാത്തിരുന്ന പിടിയുടെ മുൻപിലേക്ക് കൂട്ടുകാരികളുടെ നടുവിലൂടെ വരുന്ന ഉമ നിരാശയാണ് പിടിക്ക് സമ്മാനിച്ചത്. മനസ്സ് തുറന്നു പറയണം എന്ന് കരുതിയ കാര്യം കൂട്ടുകാരികളുടെ സാന്നിധ്യത്തിൽ പറയാതെ പിടി മറച്ചു വച്ചു.

പിന്നീട് പിടി തോമസ് ആ പ്രണയം ഫോൺ മാർഗം ഉമയോട് പറഞ്ഞു. ആഴത്തിൽ പതിഞ്ഞു പോയ പിടിയുടെ സൗഹൃദത്തെ പ്രണയമായി കാണാനും, തുടർന്ന് അങ്ങോട്ട് പിടിയെ പ്രണയിക്കാനും ഉമക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ക്രിസ്ത്യാനി പയ്യനോടുള്ള ഉമയുടെ പ്രണയം ഉമയുടെ ബ്രാഹ്മണ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അവരുടെ എതിർപ്പ് ഉമയുടെയും തോമസിന്റെയും ഒന്ന് ചേരലിന് ഒരു തടസ്സമായി നിലകൊണ്ടു. എന്നാൽ തോമസ് തന്റെ പ്രണയം വീട്ടിൽ അവതരിപ്പിച്ചു.

തോമസിന്റെ അമ്മ ഒരു കാര്യം മാത്രമാണ് മകനോട് ആവശ്യപ്പെട്ടത്. ആരെ വേണമെങ്കിലും വിവാഹം ചെയ്തോളൂ, പക്ഷെ അത് പള്ളിയിൽ വച്ചാകണം... കാനോൻ നിയമ പ്രകാരം ആരെങ്കിലും ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തുന്നതിൽ തടസ്സമില്ലെന്ന് മനസ്സിലാക്കിയ തോമസ് വിവാഹം നടത്തുന്നതിനായി ബിഷപ്പിനെ സമീപിച്ചു. പക്ഷെ ബിഷപ് വിസമ്മതിച്ചു. എന്നാൽ കോതമംഗലം സെന്റ് ജോർജ് ഫെറോന ചർച്ചിലെ ഫാദർ ജോർജ് കുന്നംകോട്ട് പിടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് വാക്ക് നൽകി.

ഞാൻ വരുമെന്നും, എന്നോടൊപ്പം നീ ഇറങ്ങി വരണമെന്നും, ഒരുമിച്ച് ജീവിക്കാമെന്നും ഉമയോട് തോമസ് വിളിച്ചു പറഞ്ഞു. പിടി തോമസ് എന്ന ചെറുപ്പക്കാരൻ ഉമയെ വീട്ടിൽ നിന്നും വിളിച്ചറക്കി കൊണ്ട് വന്നു. ഉമയുടെ വീട്ടിലേക്ക് വിളിക്കുകയും മകൾ തന്റെ കൂടെ സുരക്ഷിതയായിരിക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു. നേരെ പോയത് വയലാർ രവിയുടെ വീട്ടിലേക്കാണ്. അവിടെ വയലാർ രവിയുടെ ഭാര്യ മെഴ്സി ഉമക്കായി സാരി കാത്തു വച്ചിരുന്നു. സാരിയുടുത്തു ഉമ ഒരുങ്ങി. തുടർന്ന് സഹപ്രവർത്തകരോടൊപ്പം കോതമംഗലം പള്ളിയിലേക്ക്, അവിടെ വച്ച് മഹാരാജാസിലെ ആ രണ്ട് കെ എസ് യൂക്കാർ ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിച്ചു.

പിന്നീടുള്ള ജീവിതത്തിൽ ഉമ ഉമയായും, തോമസ് തോമസായും ജീവിച്ചു. മതം മാറ്റത്തിന്റെ വേലിയിൽ തട്ടി വ്യക്തി സ്വാതന്ത്ര്യം തകരാതെ ഉമയുടെ മത വിശ്വാസം ഉമക്ക്, തന്റെ വിശ്വാസം തനിക്ക് എന്ന് തോമസ് നിലപാട് എടുത്തു. രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയ അവർ മൂത്ത മകന് വിഷ്ണു എന്നും, വിവേകാനന്ദനോടുള്ള ഇഷ്ടം ഉള്ളിൽ സൂക്ഷിച്ച പിടി ഇളയ മകന് വിവേക് എന്നും പേര് നൽകി. രാജകീയ കലാലയത്തിന്റെ ചുവരുകൾക്കുള്ളിൽ ഒരു കൊടിക്കീഴിൽ തുടങ്ങിയ തീവ്രമായ പ്രണയം അങ്ങനെ വിപ്ലവകരമായി വിജയിക്കുകയും, പതിറ്റാണ്ടുകൾ നീണ്ട സന്തോഷം നിറഞ്ഞ ദാമ്പത്യ മായി മുന്നേറുകയും ചെയ്തു. ഒടുവിൽ ആ മഹാരാജാസുകാരിയെ തനിച്ചാക്കി ആ മഹാരാജാസുകാരൻ യാത്ര തിരിക്കുകയാണ്.

പിടി തോമസ് പ്രതീകമാണ്.
പ്രണയത്തിന്റെ... ആർജ്ജവത്തിന്റെ...
സമൂഹത്തിന്റെ അതിർ വരമ്പിൽ തട്ടി ഉടഞ്ഞു പോകാത്ത വിധം പ്രണയത്തെ ചേർത്ത് പിടിച്ചതിന്റെ!

പിടി...
നടക്കുക നിങ്ങൾ... മഹാരാജാസിന്റെ മുറ്റത്ത് നിന്നും ഉമയുടെ കൈ കോർത്തു പിടച്ചു നടന്ന പോലെ, ആ മനോഹര പ്രണയത്തിന്റെ ഓർമ്മകളുടെ കരം പിടിച്ച് നടക്കുക.