- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'50 കോടി'യോ, അതോ തല മുണ്ഡനമോ?; കടമ്പ്രയാറിലെ മാലിന്യപ്രശ്നത്തിൽ സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്; 'കിറ്റക്സി'നുള്ള മറുപടി ചൊവ്വാഴ്ച; ബ്രഹ്മപുരം പ്ലാന്റും സീവേജ് മാലിന്യവും യഥാർത്ഥ പ്രശ്നമെന്ന് സർക്കാരും; പന്തയത്തിൽ ജയം ആർക്കെന്നറിയാൻ നാട്ടുകാർ
കൊച്ചി: കിഴക്കമ്പലത്ത് പിടി തോമസും കിറ്റക്സും തമ്മിലെ പോരാട്ടം പുതിയ തലത്തിലേക്ക്. കിറ്റക്സ് കമ്പനിക്കെതിരെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുമെന്ന് പി ടി തോമസ് അറിയിച്ചു. ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായിവന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്റി ട്വന്റി പാർട്ടിയുടെ കോഓർഡിനേറ്ററുമായ കിറ്റക്സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച പിടി തോമസ് മറുപടി വരുന്ന ചൊവ്വാഴ്ച നൽകുമെന്നും വ്യക്തമാക്കി.
വസ്തുതാപരമായി തന്നെ കമ്പനിക്ക് മറുപടി നൽകും. ഇത് വഴി ലഭിക്കുന്ന പാരിതോഷികം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ഉപയോഗിക്കുമെന്നും പിടി തോമസ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂൺ 1നാണ് കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നുവെന്ന് പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പെ തിരുപ്പൂരിൽ കോടതികൾ ഇടപെട്ട് അടപ്പിച്ച കിറ്റക്സിന്റെ പ്ലാന്റുകൾ കിഴക്കമ്പലത്ത് സ്ഥാപിച്ച് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കടമ്പ്രയാർ ഒഴുകുന്ന തൃക്കാക്കരയിലെ എംഎൽഎ കൂടിയായ പി ടി തോമസ് ആരോപിച്ചത്.
തൃക്കാക്കര ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലെ ജലാശയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കടമ്പ്രയാർ വൻ തോതിൽ മലിനീകരിക്കപ്പെടുകയാണെന്നും ഇതിന് പിന്നിൽ കിറ്റക്സ് ആണെന്നുമായിരുന്നു പിടി തോമസിന്റെ ആരോപണം. കടമ്പ്രയാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പി ടി തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനായി മറുപടിയായി അന്ന് പറഞ്ഞത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസിന് കടുത്ത വെല്ലുവളി ഉയർത്തിയ ട്വന്റി ട്വന്റിയാണ്. ഇടതുപക്ഷത്തിന് വേണ്ടിയാണ് ട്വന്റി ട്വന്റി മ്തസരിച്ചതെന്ന ആരോപണം നേരത്തെ പിടി തോമസ് ഉന്നയിച്ചിരുന്നു. ഇതിനെ മറികടന്നായിരുന്നു പിടിയുടെ ജയം. ഇതിന് ശേഷമാണ് കടമ്പ്രയാർ മലീനികരണം പിടി ചർച്ചയാക്കിയത്. എന്നാൽ കിറ്റെക്സിനെതിരെ എംഎൽഎ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ ശുദ്ധ നുണയും അസംബന്ധവുമാണെന്നു തറപ്പിച്ചു പറഞ്ഞാണ് കിറ്റക് എംഡി സാബു വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഏഴു ദിവസമാണ് സമയപരിധി. ഇതു തെളിയിക്കാൻ രേഖകളില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും എംഎൽഎയെ സാബു വെല്ലുവിളിച്ചിരുന്നു.
വെല്ലുവളി പിടി ഏറ്റെടുത്തെങ്കിലും അത്ര എളുപ്പമാകില്ല തൃക്കാക്കര എംഎൽഎയ്ക്ക് ഈ വെല്ലുവളി. സീവേജ് മാലിന്യവും ഖര മാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള മാലിന്യവുമാണ് പുഴയെ മലിനപ്പെടുത്തുന്നത് എന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിട്ടുണ്ട്. കിറ്റക്സിനും സാബു ജേക്കബിനും ക്ലീൻ ചിറ്റ് നൽകുന്നതാണ് ഈ നിലപാട് വിശദീകരണം. നദിയിൽനിന്ന് എല്ലാ മാസവും സാംപിൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. വെള്ളത്തിലെ ഓക്സിജൻ അളവ് കുറവായി കാണുന്നുണ്ട്. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായും കാണുന്നു.
സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നു. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഇടവിട്ട് പരിശോധന നടത്തി വരുന്നു. ഈ വിഷയം ഉയർത്തിയ അംഗം ഒരു പ്രത്യേക കമ്പനിക്കെതിരെ ആരോപണം ഉയർത്തുന്നതിനു പ്രത്യേക കാരണമുണ്ടാകാം. നിയമലംഘനം ഉണ്ടോ എന്ന് പരിശോധിക്കാം എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കൂടിയാണ് പിടി തോമസിനെ കിറ്റക്സ് ഗ്രൂപ്പ് വെല്ലുവിളിച്ചത്. കിറ്റെക്സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. മറിച്ചു തെളിയിച്ചാൽ 10 കോടി. തിരുപ്പൂരിൽ 150 യൂണിറ്റുകൾ പൂട്ടിച്ച് മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവ് കാണിച്ചാൽ 10 കോടിയും നൽകും. തിരുപ്പൂരിൽ കിറ്റെക്സിനുണ്ടായിരുന്നെന്നു പറയുന്ന യൂണിറ്റുകൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതിന്റെ ഏതെങ്കിലും രേഖകൾ ഹാജരാക്കിയാലും പത്തു കോടി തോമസിന് കൊടുക്കും. വടക്കേ ഇന്ത്യയിലെ കമ്പനികളുടെ ലോബികൾ വന്നു തിരിച്ചു പോകുന്നതിന്റെ എന്തെങ്കിലും രേഖകൾ. നികുതി രേഖകളായാലും മതി. 10 കോടി. കിറ്റെക്സിൽ നിന്നുള്ള ഏതെങ്കിലും രാസവസ്തു കടമ്പ്രയാറിനെ മലിനമാക്കുന്നെന്നു ജലം പരിശോധിച്ചു തെളിയിക്കാനായാലും 10 കോടി.-ഇങ്ങനെ പോകുന്ന വെല്ലുവളി.
കടമ്പ്രയാറിനെ മലിനീകരിക്കുന്നത് കിറ്റെക്സ് അല്ലെന്നാണ് സാബു എം. ജേക്കബിന്റെ മറുപടി. സംശയമുള്ളവർക്ക്, കിറ്റെക്സ് കമ്പനിയുള്ള പ്രദേശത്തിനു താഴെയും മുകളിലുമുള്ള പുഴയിലെ വെള്ളം പരിശോധിക്കാം. ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം കെമിക്കലിനെ കെമിക്കൽകൊണ്ടാണ് ട്രീറ്റു ചെയ്യുന്നത്. ഇതിന് ഇന്ത്യയിലും ചൈനയിലുമെല്ലാം അനുമതിയുണ്ട്. പക്ഷേ യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് അംഗീകരിക്കില്ല. ഈ രാജ്യങ്ങളിലേക്കാണ് കിറ്റെക്സിന്റെ വസ്ത്ര കയറ്റുമതി. അവർ നിർദ്ദേശിച്ചിട്ടുള്ള സാങ്കേതിക വിദ്യയും മാനദണ്ഡവുമാണ് കിറ്റെക്സ് ഉപയോഗിക്കുന്നത്. ബയോളജിക്കൽ പ്ലാന്റാണ് അവരുടെ നിർദ്ദേശം.
അതു പ്രകാരം കിറ്റെക്സിലെ കെമിക്കലിനെ ട്രീറ്റു ചെയ്യുന്നത് ബാക്ടീരിയയെ ഉപയോഗിച്ചാണ്. ഇതിന്റെ ഫലം, മാലിന്യമായി വരുന്നത് നിർജീവ ബാക്ടീരിയകളാണ്. ഇത് ഓർഗാനിക് വളമായി ഉപയോഗിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ മുന്തിരിത്തോട്ടങ്ങളിൽ ഇവ ഉണക്കിപ്പൊടിച്ച് വളമായി ഉപയോഗപ്പെടുത്തും. കിറ്റെക്സ് ഇവ ബ്രഹ്മപുരത്തു തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഓരോ വർഷവും 40, 50 ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് കിറ്റെക്സ്. ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (സിഒഡി) 250 ആണ്. ഇവ ഏതെങ്കിലും ജലാശയങ്ങളിലേക്കു വിടാം. അമേരിക്കയിൽ ഇത് 100 ആണെങ്കിൽ സ്വിസ് സ്റ്റാൻഡേർഡ് പ്രകാരം 50 സിഒഡി മാത്രമേ പാടുള്ളൂ. കിറ്റെക്സിന്റേത് ഇത് 50 നു താഴെയാണ്. സാധാരണ, തെളിഞ്ഞ ഒരു ജലാശയത്തിൽ പരിശോധിച്ചാൽ സിഒഡി 50 നു മുകളിലായിരിക്കും. അത്രയ്ക്കു ശുദ്ധമാക്കിയാണ് കിറ്റെക്സ് വെള്ളം പുറം തള്ളുന്നത്. സ്വിസ് മാനദണ്ഡം പാലിച്ചാണ് കമ്പനി മുന്നോട്ടു പോകുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ ഇറ്റലിയിൽനിന്നും ജർമനിയിൽനിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ്. കമ്പനിയുടെ ആളുകൾ തന്നെയാണ് ഇവ പ്രവർത്തിപ്പിക്കുന്നതും.
ഒരു ചെറിയ വർക് ഷോപ് തുടങ്ങണമെങ്കിൽ പോലും മലിനീകരണ നിയന്ത്രണ ബോഡിന്റെ അനുമതി വേണമെന്നിരിക്കെ ഇത്ര വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റെക്സിന് ഇവയൊന്നും ഇല്ലെന്നു പറഞ്ഞാൽ അത് അറിവില്ലായ്മയാണ്. പബ്ലിക് ലിസ്റ്റഡ് കമ്പനി എന്ന നിലയിൽ കിറ്റെക്സിന്റെ മറ്റ് ബിസിനസ് വിവരങ്ങളും ഓഹരി ഉടമകളെ അറിയിക്കേണ്ടതുണ്ട്. കഴിഞ്ഞ 26 വർഷങ്ങളിലെ ബാലൻസ് ഷീറ്റെടുത്തു നോക്കിയാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാകും. ഈ കഴിഞ്ഞ 26 വർഷങ്ങൾ ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എംഎൽഎ ആരോപിക്കുന്നതു പോലെ മറ്റ് ഒരു കമ്പനികൾക്കും വേണ്ടി കിറ്റെക്സ് ഡൈയിങ് ജോലികൾ ചെയ്യുന്നില്ല. അവശ്യഘട്ടങ്ങളിൽ കമ്പനി തിരുപ്പൂരിലെ കമ്പനികളിൽ പോയി പ്രോസസ് ചെയ്യാറുണ്ട്. അവിടെ തയ്യൽ ജോലികൾ ചെയ്യിക്കാറുമുണ്ട്.-മനോരമയോട് സാബു ജേക്കബ് പറയുന്നു.
10 മുതൽ 24 വരെ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾക്കായി കിറ്റെക്സിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ 100 ശതമാനം അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുകയാണ്. ഇവയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണുള്ളത്. കുഞ്ഞുങ്ങൾ ഈ വസ്ത്രങ്ങൾ വായിൽ വയ്ക്കാം, ബട്ടണുകൾ വിഴുങ്ങാം. ഇതിന്റെയെല്ലാം അപകട സാധ്യതകൾ ഒഴിവാക്കിയാണ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. രാസവസ്തുക്കളടങ്ങിയ നിറം ഉപയോഗിച്ചാൽ ഒരുപക്ഷേ അത് കുഞ്ഞുങ്ങളുടെ ഉമിനീരുമായി പ്രതിപ്രവർത്തിച്ച് അവരുടെ മരണത്തിനു പോലും ഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഓർഗാനിക് ഡൈകളും കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള വെള്ളം മാത്രമാണ് ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. ഗ്ലോബൽ ഓർഗാനിക് ടെക്സ്റ്റൈൽസിന്റെ സർട്ടിഫിക്കേഷനുള്ള ഡൈകളാണ് ഉപയോഗിക്കുന്നത്. ഇത് നേരിട്ട് ശരീരത്തിൽ എത്തിയാൽ പോലും അപകടമുണ്ടാക്കുന്നതല്ല. അതുകൊണ്ടാണ് കമ്പനിയുടെ ഭാഗത്തുനിന്നു കടമ്പ്രയാറിനു യാതൊരു മലിനീകരണവും സംഭവിക്കുന്നില്ല എന്നു പറയുന്നത്.
ഇറ്റാലിയൻ സാങ്കേതിക വിദ്യയാണ് ജലശുദ്ധീകരണത്തിന് കമ്പനി ഉപയോഗപ്പെടുത്തുന്നത്. സിംഗപ്പൂരിൽ സർക്കാർ നടത്തുന്ന നിവാട്ടർ എന്ന കുടിവെള്ള കമ്പനിയുണ്ട്. മലിനജലം ശുദ്ധീകരിച്ചാണ് ബോട്ടിലിലാക്കുന്നത്. ഹോട്ടലുകളിലും വീടുകളിലും നിന്നുള്ള വെള്ളമാണ് ശുദ്ധീകരിക്കുന്നത്. സൈന്യം അടക്കമുള്ള സർക്കാർ സംവിധാനങ്ങളിലും മറ്റും ഈ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം. ഇതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്. വെള്ളം എത്ര മലിനമാണെങ്കിലും അതിനെ ട്രീറ്റ് ചെയ്ത് ഏതു സ്റ്റാൻഡേർഡിലേക്കും എത്തിക്കാവുന്നതാണ്.
കിറ്റെക്സിൽ ബാക്കിയാവുന്ന ഈ വെള്ളം 25 ഏക്കർ വരുന്ന ഭൂമിയിലെ കൃഷിക്കാണ് ഉപയോഗപ്പെടുത്തുന്നത്. വാഴയും ഫലവൃക്ഷങ്ങളുമെല്ലാം അവിടെ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്തു മാത്രമേ വെള്ളം പുറത്തേക്കു കളയേണ്ടതുള്ളൂ.ഒരു നാലാംഘട്ട മെഷീൻ സ്ഥാപിച്ചാൽ വെള്ളത്തെ 97.5 ശതമാനം ഉപയോഗയോഗ്യമാക്കും. അക്കാര്യവും കമ്പനി ആലോചിക്കുന്നുണ്ട്. ഒക്ടോബർനവംബർ മാസങ്ങളിൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വെള്ളം ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും സാബു എം. ജേക്കബ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ