കാസർഗോഡ്: കേരളത്തിലെ കായിക ചരിത്രത്തിലെ സുവർണ്ണ നക്ഷത്രമാണ് പിടി ഉഷ. രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാൾ എന്ന വിശേഷണത്തിന് ഉടമ. എന്നാൽ കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസുമായി പിടി ഉഷയുടെ പിന്തുണ പോലും ഉറപ്പിക്കാൻ ഗെയിംസ് സംഘാടകർക്ക് ആകുന്നില്ല. മലയാളിയുടെ പ്രിയ അത്‌ലറ്റ് ദേശീയ ഗെയിംസിന്റെ ദീപശിഖാ പ്രയാണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല. സംഘാടക സമിതിയുടെ കഴിവ് കേട് തന്നെയാണ്.

ദേശീയ ഗെയിംസിന്റെ ദീപശിഖാ പ്രയാണം കാസർഗോഡ് നിന്നാണ് തുടങ്ങുന്നത്. ഉഷയ്ക്ക് മുഖ്യമന്ത്രി ദീപശിഖാ കൈമാറി ഉദ്ഘാടനം നൽകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പിടി ഉഷയെ ഈ ചടങ്ങിനെ കുറിച്ച് ആരും അറിയിച്ചില്ല. അതുകൊണ്ട് തന്നെ ഉഷ പങ്കെടുക്കുകയുമില്ല. ദേശീയ ഗെയിംസിന്റെ അത്‌ലറ്റിക് ടീം തെരഞ്ഞെടുപ്പിൽ ഉഷ പ്രതിഷേധിച്ചിരുന്നു. സർക്കാരിനെ പരാതിയും അറിയിച്ചു. റൺ കേരളാ റണ്ണുമായി സഹകരിച്ചുമില്ല. ഇതിന്റെ ഭാഗമായി ഉഷയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഗെയിംസ് സെക്രട്ടറിയേറ്റിലെ ചിലർ ഉഷയെ ചടങ്ങിനെ കുറിച്ച് അറിയിക്കാത്തത് എന്നാണ് സൂചന. സംസ്ഥാന സർക്കാരുമായി ഉഷയെ അകറ്റുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന.

നേരത്തെ പിടി ഉഷയുടെ നേതൃത്വത്തിൽ പരിശീലന കേന്ദ്രം തുടങ്ങാനായി ഗുജറാത്തിലേക്ക് പിടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. എന്നാൽ കേരളവുമായി ബന്ധം വിച്ഛേദിക്കാതെ ഗുജറാത്തിൽ പരിശീന കേന്ദ്രം തുടങ്ങാനായിരുന്നു ഉഷയുടെ പദ്ധതി. പുതിയ വിവാദത്തോടെ ഉഷാ സ്‌കൂൾ പൂർണ്ണമായും ഗുജറാത്തിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ട്. ആശയ ഭിന്നതകൾ പരിഹരിച്ചില്ലെങ്കിൽ ദേശീയ ഗെയിംസിന്റെ ഒരു ചടങ്ങിലും ഉഷ എത്തില്ല. പരിശീലകയായി മാത്രം അത്‌ലറ്റിക് വേദികളിലെത്താനാണ് ഉഷയുടെ തീരുമാനം.

ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ അത്‌ലറ്റിക് ടീം തെരഞ്ഞെടുപ്പിനെതിരെ പിടി ഉഷ രംഗത്ത് വന്നിരുന്നു. അർഹരായ പലരെയും ടീമിൽ നിന്നും ഒഴിവാക്കിയതായി ഉഷ കുറ്റപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയ പട്ടികയാണ് പ്രഖ്യാപിച്ചതെന്നു ട്രയൽസിനെത്തിയ പലരെയും ട്രാക്കിൽ പോലും ഇറക്കിയില്ലെന്നും ഈ ടീമിൽ പ്രതീക്ഷയില്ലെന്നും പിടി ഉഷ പറഞ്ഞു.

വിഷയത്തിൽ ഇടപെടാമെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറപ്പ ്‌നൽകിയെങ്കിലും അതുണ്ടായില്ലെന്ന പരാതി പിടി ഉഷയ്ക്കുണ്ട്. ഇതെല്ലാമാണ് ദീപശിഖാ പ്രയാണ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിക്കുന്നതും. ഉഷയുടെ അഭാവത്തിൽ വോളി ബോൾ താരം ടോം ജോസ് ആകും ദീപശിഖ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുക.