തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ചിത്രയെ ഒഴിവാക്കിയതിൽ  പിടി ഉഷയ്ക്കെതിരെ കേരള അത്ലറ്റിക് അസോസിയേഷൻ രംഗത്തെത്തി. മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതരുത് എന്നും ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ഫെഡറേഷനെ ബോധ്യപ്പെടുത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.സെലക്ഷൻ കമ്മിറ്റി മാനദണ്ഡം ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ല.സർക്കാരിന്റ നിരീക്ഷക എന്ന നിലയിലുള്ള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല. മാനദണ്ഡങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നും അസോസിയേഷൻ സെക്രട്ടറി പിഐ ബാബു പറഞ്ഞു.

രാജ്യാന്തര ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡമനുസരിച്ചുള്ള പ്രകടനം നടത്താൻ സാധിക്കാത്തതിനാലാണ് പി.യു. ചിത്രയെ ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിൽ ഉൾപ്പെടാതിരുന്നതെന്നു കഴിഞ്ഞ ദിവസം പി.ടി. ഉഷ പറഞ്ഞിരുന്നു. സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ ഉഷ ചാംപ്യൻഷിപ്പിനുള്ള സംഘത്തെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനാണെന്നും താൻ സെലക്ഷൻ കമ്മിറ്റിയംഗമല്ല നിരീക്ഷക എന്ന നിലയിൽ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു.