റിയാദ്: കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിൽ. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. പി.ടി.എ റഹീമിന്റെ മകൻ ഷബീർ ടി.പി, മരുമകൻ ഷബീർ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഹവാല പണമിടപാട് സംബന്ധിച്ചാണ് കേസെന്നാണ് സൂചന. ഷബീർ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറാണ്.

അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തിൽ സൗദി രാജകുടുംബാംഗം ഉൾപ്പെടെയുള്ളവർ ഹവാലക്കേസിൽ അറസ്റ്റിലായിരുന്നു. തുടർന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാൾ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എംഎ‍ൽഎയുടെ പ്രതികരണം.

കുന്ദമംഗലത്ത് ഇടതു സ്വതന്ത്രനായി ജയിച്ച നാഷനൽ കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് പി ടി എ റഹീം. ഹവാല ഇടപാടുമായി ഇവർക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുയർന്നിരുന്നു. നേരത്തേ എംഎൽഎ ഉപയോഗിക്കുന്നത് സ്വർണക്കടത്ത് കേസ് പ്രതിയുടെ കാറാണെന്ന് ആരോപണമുയർന്നിരുന്നു. കേസിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഒരാഴ്ച മുമ്പാണ് അറസ്റ്റ് നടന്നതെന്നാണു വിവരമെങ്കിലും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് പി ടി എ റഹീം എംഎൽഎയുടെ വിശദീകരണം.

നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എംഎ‍ൽഎയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എംഎ‍ൽഎ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. സ്വർണക്കടത്തുകാരൻ അബ്ദുൾ ലെയിസിന്റെ ഗൾഫിലെ ഓഫീസിൽ ഇടത് എംഎ‍ൽഎമാർ. എംഎ‍ൽഎമാരായ കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരാണ് അബ്ദുൾ ലെയിസിന്റെ ഗൾഫിലെ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയയത് വിവാദത്തിന് ഇടയാക്കിയിരുന്നു. വിവാദ മിനി കൂപ്പർ ഉടമ കാരാട്ട് ഫൈസലും ചിത്രത്തിൽ ഉണ്ടായിരുന്നു.

നേരത്തെ തന്നെ എംഎ‍ൽഎയ്ക്ക് അനധികൃത പണമിടപാടുകൾ ഉണ്ടെന്നും പ്രതിപക്ഷ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സിപിഎം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന് പിന്നിലും പി.ടി.എ റഹീമാണെന്ന് ആരോപണം ഉയർന്നിരുന്നു.

അതേസമയം, നിയമസഭാ സമ്മേളനങ്ങൾ ഉടൻ ആരംഭിക്കാനിരിക്കെ ഭരണപക്ഷത്തുള്ള ഒരു എംഎ‍ൽഎയ്ക്കെതിരെ ആരോപണം ഉയർന്നത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എംഎ‍ൽഎയെ സംരക്ഷിക്കുന്നത് സിപിഎം നേതൃത്വമാണെന്നും വിവിധ സിപിഎം നേതാക്കൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഇതിനോടകം തന്നെ മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നിലവിൽ തന്ന കെ ടി ജലീലിന്റെ ബന്ധുനിയമന വിഷയത്തിൽ പ്രതിരോധത്തിലായ സിപിഎമ്മിനെ വെട്ടിലാക്കുന്ന മറ്റൊരു ആരോപണമാണ് ഇപ്പോൾ പുറത്തുവന്നത്. ഈ വിഷയം സഭാ സമ്മേളന വേളയിൽ പ്രതിപക്ഷം ആയുധമാക്കുമെന്നത് ഉറപ്പാണ്.