ഡബ്ലിൻ: മോർട്ട്‌ഗേജ് എടുത്തിട്ടുള്ളവരിൽ നിന്നും നിരക്ക് ഈടാക്കുന്നതിൽ പെർമനന്റ്  ടിഎസ്ബിക്ക് പിഴവ് സംഭവിച്ചത് ഒട്ടേറെ പേർക്ക് വീടു നഷ്ടപ്പെടാൻ കാരണമായി. ഇത്തരത്തിൽ 1372 പേരുടെ മോർട്ട്‌ഗേജിൽ ഗുരുതരമായ വീഴ്ചകൾ വന്നിട്ടുള്ളതായി ബാങ്ക് അധികൃതർ വെളിപ്പെടുത്തു. മോർട്ട്‌ഗേജ് എടുത്തിട്ടുള്ളവർക്ക് അമിത നിരക്ക് ഈടാക്കിയും തെറ്റായ നടപടികൾ സ്വീകരിച്ചതിലൂടെയുമാണ് പലർക്കും വീടു നഷ്ടപ്പെടാനുള്ള സാഹചര്യം ഉടലെടുത്തതെന്ന് ബാങ്ക് സമ്മതിച്ചത്.

മോർട്ട്‌ഗേജിലുള്ള പലിശ നിരക്ക് കണക്കുകൂട്ടുന്നതിൽ വന്ന പിഴവു മൂലം 61-ഓളം പേർക്ക് വീടു നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് ബാങ്ക് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റൊരു 22 പേർക്ക് വീടു നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിട്ടുമുണ്ട്. ഇത്തരത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമായി 50,000 യൂറോ നൽകുമെന്ന് ബാങ്ക് വെളിപ്പെടുത്തി. ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടികളായി വാങ്ങിയിട്ടുള്ളവർക്ക് 25,000 യൂറോയാണ് നഷ്ടപരിഹാരം.

അതേസമയം ബാങ്കിന് സംഭവിച്ച പാളിച്ച മൂലം പെർമനന്റ് ടിഎസ്ബിക്ക് മൊത്തം 55 മില്യൺ യൂറോയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പിഴയിനത്തിൽ സെൻട്രൽ ബാങ്ക് 20 മില്യൺ യൂറോയും കസ്റ്റമേഴ്‌സിന് നഷ്ടപരിഹാര ഇനത്തിൽ 35 മില്യൺ യൂറോയും നൽകണം.
മോർട്ട്‌ഗേജിൽ ഗുരുതര തെറ്റുകൾ സംഭവിച്ച 1372 പേരിൽ 1152 പേരും പെർമെന്റ് ടിഎസ്ബിയുടെ ഉപയോക്താക്കളും 220 എണ്ണം പിടിഎസ്ബിയുടെ സബ്‌സിഡിയറി ബാങ്കായ സ്പ്രിങ്‌ബോർഡിന്റേയുമാണ്.