- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധി പാലിക്കണമെന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം; ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന് അപ്പീൽ നൽകാൻ ഉറച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ; വൈൽഡ് കാർഡ് എൻട്രിയിലൂടെയെങ്കിലും പി.യു ചിത്രയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കായികലോകം
ന്യൂഡൽഹി: ഹൈക്കോടതി വിധി പാലിക്കാൻ കേന്ദ്ര കായിക മന്ത്രാലയം കർശന നിർദ്ദേശം നൽകിയതിനാൽ മലയാളി താരം പി.യു. ചിത്രയ്ക്ക് ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ(എ.എഫ്.ഐ) ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന് അപ്പീൽ നൽകും. ഓഗസ്റ്റ് നാലിന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ അവസാന നിമിഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ ചിത്രയ്ക്ക് അവസരം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിന് അത്‌ലറ്റുകളെ തിരഞ്ഞെടുത്തത് സുതാര്യമായല്ലെന്നും 1500 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ ചാമ്പ്യനായ പി.യു ചിത്രയെ ഒഴിവാക്കിയതിന് ന്യായമില്ലെന്നും ഹൈക്കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായിക മന്ത്രി വിജയ് ഗോയൽ അത്‌ലറ്റിക്‌സ് ഫെഡറേഷന് നിർദ്ദേശം നൽകിയതെന്ന് കായിക മന്ത്രാലയം അറിയിച്ചു. എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാലയുമായി മന്ത്രി ഇക്കാര്യം നേരിട്ടു സംസാരിച്ചു. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിലപാടു സ്വീകരിക്കരുതെന
ന്യൂഡൽഹി: ഹൈക്കോടതി വിധി പാലിക്കാൻ കേന്ദ്ര കായിക മന്ത്രാലയം കർശന നിർദ്ദേശം നൽകിയതിനാൽ മലയാളി താരം പി.യു. ചിത്രയ്ക്ക് ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ(എ.എഫ്.ഐ) ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന് അപ്പീൽ നൽകും. ഓഗസ്റ്റ് നാലിന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ അവസാന നിമിഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ ചിത്രയ്ക്ക് അവസരം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
ലോക ചാമ്പ്യൻഷിപ്പിന് അത്‌ലറ്റുകളെ തിരഞ്ഞെടുത്തത് സുതാര്യമായല്ലെന്നും 1500 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ ചാമ്പ്യനായ പി.യു ചിത്രയെ ഒഴിവാക്കിയതിന് ന്യായമില്ലെന്നും ഹൈക്കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായിക മന്ത്രി വിജയ് ഗോയൽ അത്‌ലറ്റിക്‌സ് ഫെഡറേഷന് നിർദ്ദേശം നൽകിയതെന്ന് കായിക മന്ത്രാലയം അറിയിച്ചു.
എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാലയുമായി മന്ത്രി ഇക്കാര്യം നേരിട്ടു സംസാരിച്ചു. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിലപാടു സ്വീകരിക്കരുതെന്നും ചിത്രയ്ക്ക് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വൈൽഡ് കാർഡ് എൻട്രി ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഭുവനേശ്വറിൽ നടന്ന ഏഷ്യൻ കായികമേളയിൽ 1500 മീറ്ററിൽ സ്വർണം നേടിയിട്ടും ചിത്രയുടെ പേരൊഴിവാക്കി ലണ്ടനിലേക്ക് ഇന്ത്യൻ ടീമിന്റെ പട്ടിക അയച്ച എ.എഫ്.ഐ ആദ്യം സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഹൈക്കോടതി വിധിയും മന്ത്രിയുടെ ഇടപെടലും വന്നതോടെ മറ്റു വഴിയില്ലാതെയായി. ആദ്യം അയച്ച പട്ടികയിൽ ചിത്രയുടെ പേര് ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് ലോക ഫെഡറേഷനെ ബോദ്ധ്യപ്പെടുത്തണം. എന്നാലും വൈൽഡ് കാർഡ് എൻട്രി ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഭുവനേശ്വറിൽ ചിത്ര സ്വർണം നേടിയത് നാലു മിനിട്ടും 17.92 സെക്കൻഡും എടുത്താണ്. എങ്കിലും ഏഷ്യൻ ചാമ്പ്യനെന്ന നിലയിൽ ചിത്രയ്ക്ക് സ്വാഭാവികമായും ലണ്ടനിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നു. ഇതിന് എ.എഫ്.ഐ ശുപാർശ ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ മലയാളികളായ സി.കെ വൽസൻ, പി.ടി ഉഷ, ഇന്ത്യൻ ടീം ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ എന്നിവർ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി ചിത്രയെ കൊണ്ടുപോകേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ഗുണ്ടൂരിൽ നടന്ന ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സിൽ ചിത്ര മോശം പ്രകടനമാണ് കാഴ്ചവച്ചത് എന്ന കാരണം പറഞ്ഞായിരുന്നു ഒഴിവാക്കൽ. ചിത്രയ്ക്ക് ലോക റാങ്കിംഗിൽ 200-ാം സ്ഥാനമാണെന്നതും എ.എഫ്.ഐ കാരണമാക്കിയിരുന്നു. ലോക ഫെഡറേഷൻ 100 മീറ്റർ ഓട്ടത്തിൽ വൈൽഡ് കാർഡ് എൻട്രി ലഭിച്ച ഇന്ത്യൻ വനിതാ താരം ദ്യുതി ചന്ദിന് ലോക റാങ്കിംഗിൽ 44-ാം സ്ഥാനമുണ്ട്.
അതേസമയം, ചിത്ര യോഗ്യതാ മാർക്ക് നേടാത്തതുകൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഓഗസ്റ്റ് മൂന്നിന് ഹൈക്കോടതിയെ അറിയിക്കുമെന്ന് എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു. ഫെഡറേഷന്റെ വാദം കേൾക്കാതെയാണ് വെള്ളിയാഴ്ച കോടതി വിധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ കോടതിയിൽ വിശദീകരണം നൽകാൻ എ.എഫ്.ഐ തയ്യാറായിരുന്നില്ല.