- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാൻ വീഴ്വേൻ എൻട്ര് നിനത്തായോ!; പഴയ പ്രതാപത്തോടെ പുതിയ പേരിൽ തിരിച്ചുവരവിനൊരുങ്ങി പബ്ജി; ഗെയിം എത്തുക 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' എന്ന പേരിൽ; ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് രൂപം നൽകിയിരിക്കുന്നതെന്ന് ക്രാഫ്റ്റോൺ
ന്യൂഡൽഹി: പബ്ജി ആരാധകർക്കൊരു സന്തോഷവാർത്ത.കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഒന്നായ പബ്ജി മൊബൈൽ ഗെയിമിന്റെ പരിഷ്കരിച്ച രൂപം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയൻ കമ്പനി ക്രാഫ്റ്റോൺ. ക്രാഫ്റ്റോൺ കമ്പനിയുടെ ഉപകമ്പനിയാണ് പബ്ജി കോർപ്പറേഷൻ.
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ മൊബൈൽ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ക്രാഫ്റ്റോൺ തീരുമാനിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് കമ്പനി രൂപം നൽകിയത്. ട്രിപ്പിൾ എ മൾട്ടിപ്ലെയർ ഗെയിമിങ് അനുഭവമാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ഗെയിം ആരംഭിക്കുന്നതിന് മുൻപ് പ്രീ രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ ഗെയിമിന് അനുകൂലമായ സാഹചര്യം ഇന്ത്യയിൽ സൃഷ്ടിക്കുന്നതിന് മറ്റു പങ്കാളികളെയും കമ്പനി തേടുന്നുണ്ട്. പബ്ജി മൊബൈൽ ഗെയിമിന്റെ ഇന്ത്യയിലെ വിതരണ ചുമതല നിർവഹിച്ചിരുന്ന ടെൻസെന്റ് ഗെയിംസിന് പുതിയ ഗെയിമിൽ ഒരു പങ്കാളിത്തവും ഉണ്ടായിരിക്കില്ലെന്നും ക്രാഫ്റ്റോൺ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 118 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ജി ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിച്ചത്. നവംബറിൽ പബ്ജി കോർപ്പറേഷൻ പുതിയ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് അറിയിച്ചിരുന്നു.
ഗെയിമിന് ഒരുപാട് ആരാധകരുണ്ടായ ഇന്ത്യയിൽ ഗെയ്മിന്റെ നിരോധനം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.ഗെയിം പെട്ടെന്ന് മടങ്ങി വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പബ്ജി ആരാധകരെ നിരാശരാക്കി തിരിച്ചുവരവ് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് ആരാധകർക്ക് ആശ്വാസവുമായി ക്രാഫ്റ്റോൺ കമ്പനിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ