ഡബ്ലിൻ: രാജ്യത്ത് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ നിലവാരത്തിൽ പൊതുവേ ആശങ്ക. എട്ടു ലക്ഷത്തിലധികം പേർക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ആശങ്കാവഹമാണെന്നാണ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ)യുടെ റിപ്പോർട്ട്. ഇത്തരത്തിൽ 2015 അവസാനത്തിനു ശേഷം മലിനപ്പെട്ട കുടിവെള്ളം ലഭ്യമാകുന്നവരുടെ എണ്ണത്തിൽ 21,000-ത്തോളം വർധനയുണ്ടെന്നാണ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വെള്ളം മലിനപ്പെടാൻ പ്രധാന കാരണമായി പറയപ്പെടുന്ന വെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ അഭാവമാണ്. കൂടാതെ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന ഘടകങ്ങൾ കുടിവെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലും പ്ലാന്റുകൾ പരാജയപ്പെടുന്നു. ഇപിഎയുടെ റെമഡിയൽ ആക്ഷൻ ലിസ്റ്റിൽ നിലവിൽ 119 ജല സംസ്‌ക്കരണ പ്ലാന്റുകൾ ആണ് ഉള്ളത്. ഇതിൽ കോർക്കിലുള്ള വൈറ്റ് ഗേറ്റും ഗാൽവേയിലുള്ള ലോഗ്രിയ സപ്ലൈയുമാണ് ഏറ്റവും വലിയ പ്ലാന്റുകൾ.

ഈ പ്ലാന്റുകൾ വാട്ടർ ട്രീറ്റ്‌മെന്റ് മാനദണ്ഡങ്ങൾ ശരിയായി പാലിക്കാത്തതിനാലാണ് എട്ടു ലക്ഷത്തിലധികം പേരുടെ ആരോഗ്യ സ്ഥിതി അപകടത്തിലാകാൻ സാധ്യതയുള്ളതായി ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 21 കൗണ്ടികളിൽ നിന്നുള്ള സംസ്‌ക്കരണ പ്ലാന്റുകളും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. കീടനാശിനികളുടെ അളവ് കൂടുതലോ അലുമിനിയം സാന്നിധ്യം കൂടുതലോ അടക്കമുള്ള പ്രശ്‌നം ജലത്തിൽ കാണുന്നുണ്ട്.