മെൽബൺ: വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർ ഈ മാസം പൊതുപണിമുടക്കിന് ഒരുങ്ങുന്നു. മൂന്നു വർഷമായി തുടരുന്ന വേതന തർക്കമാണ് അവസാനം പണിമുടക്കിൽ കലാശിക്കുന്നത്. മെഡികെയർ, സെന്റർലിങ്ക്, ചൈൽഡ് സപ്പോർട്ട്, ടാക്‌സ് ഓഫീസ്, ഡിഫൻസ്, അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്‌സസ്, ബ്യൂറോ ഓഫ് മെറ്റീരിയോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൈംമിനിസ്റ്റർ ആൻഡ് കാബിനറ്റ് തുടങ്ങിയ ജീവനക്കാരനാണ് ഈ മാസം ഒമ്പതിന് പണിമുടക്കുന്നത്. പ്രധാന തൊഴിലാളി യൂണിയനായ സി പി എസ് യുവിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുക.

ജീവനക്കാർക്കായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ തൊഴിൽ കരാറിൽ ഒരു ലക്ഷത്തിലധികം ജീവനക്കാർ ഇനിയും ഒപ്പിട്ടിട്ടില്ല. ഇതേചൊല്ലിയുള്ള തർക്കമാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. 54 ഡിപ്പാർട്ട്‌മെന്റുകൾ, 50,000 സർക്കാർ ജീവനക്കാർ എന്നിവർ പുതിയ ഡീലുമായി സഹകരിക്കാൻ തയാറാണെങ്കിലും ഭൂരിപക്ഷം ഫെഡറൽ ജീവനക്കാരും പുതിയ കരാറിൽ അസംതൃപ്തരാണ്.

സർക്കാർ മുന്നോട്ടു വച്ച വേതന വ്യവസ്ഥകൾ ജീവനക്കാർക്ക് അഭികാമ്യമല്ലാതായതോടെയാണ് പുതിയ വ്യവസ്ഥകൾക്കായി യൂണിയൻ സമ്മർദ്ദം ചൊലുത്തുന്നത്. വർഷങ്ങളായി ശമ്പള വർധന ഇല്ലാത്തതും പുതിയ ശമ്പളവർധനാ കരാറിൽ ജീവനക്കാർ അസംതൃപ്തി പ്രകടിപ്പിച്ചതുമെല്ലാം പണിമുടക്കിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു.