ബെർലിൻ: പബ്ലിക് ട്രാൻസ്‌പോർട്ട് യാത്രക്കാർക്ക് ഇരുട്ടടിയായി പുതുവർഷത്തിൽ ജർമനിയിൽ യാത്രാ നിരക്കുകൾ വർധിപ്പിച്ചു. എല്ലാ സിറ്റികളിലേയും ട്രെയിൻ, ബസ് സർവീസ് ഉൾപ്പെടുന്ന പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങളിൽ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇൻഫ്രാസ്ട്രിക്ട്ചർ ചെലവു വർധന, രാജ്യത്തെ പുതുക്കിയ ഊർജ നയം, പബ്ലിക് ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ശമ്പള വർധന തുടങ്ങിയവയുടെ പേരിൽ രണ്ടു മുതൽ നാലു ശതമാനം വരെയാണ് നിരക്കിൽ വർധന ഏർപ്പെടുത്തിയിട്ടുള്ളത്.

ബെർലിനിൽ 2.3 ശതമാനവും മ്യൂണിക്കിൽ 3.6 ശതമാനവും കോളോണിൽ 2.8 ശതമാനവും ഹാംബർഗിൽ 2.6 ശതമാനവും ആണ് നിരക്ക് വർധന നടപ്പിലാക്കിയത്. ഫ്രാങ്ക്ഫർട്ട് മെയിൻ, വീസ്‌ബേഡൻ, മൈൻസ് ഡാംസ്റ്റഡ് എന്നിവിടങ്ങൾ ഉൾപ്പെടുന്ന റിനെ മേഖലയിൽ 3.45 ശതമാനം വർധനയാണ് നിരക്കുകളിൽ ഉണ്ടായിട്ടുള്ളത്.  അതേസമയം ഡോർട്ട്മുണ്ട്, ഡ്യൂസ്ബർഗ് എന്നീ സിറ്റികൾ ഉൾപ്പെടുന്ന റ്യൂർ മേഖലയിൽ 3.6 ശതമാനത്തിലേറെയാണ് നിരക്ക് വർധന.

ഫ്രാങ്ക്ഫർട്ടിലും ബെർലിനിലും എനർജി വില വർധനയും ശമ്പളവർധനയും ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധനയെ ന്യായീകരിക്കുന്നത്. സർക്കാരിന്റെ പുതിയ ഊർജ നയം മൂലം കമ്പനിയുടെ ചെലവ് താങ്ങാൻ സാധിച്ചിട്ടില്ലെന്ന് ഫ്രാങ്ക്ഫർട്ട് പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർ ആർഎംവി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുകയും കൂടുതൽ മെച്ചപ്പെട്ട യാത്രാ ട്രെയിനുകൾ ഓടിക്കുകയും ചെയ്തുവെങ്കിലും കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്തണമെങ്കിൽ നിരക്ക് വർധിപ്പിച്ചേ മതിയാകൂ എന്നതാണ് ആർഎംവിയുടെ ന്യായം.

കഴിഞ്ഞ വർഷത്തേക്കാൾ 10 സെന്റ് അധികമാണ് തലസ്ഥാനത്ത് ഒരു സിംഗിൾ ടിക്കറ്റിനിപ്പോൾ. 2.5 ശതമാനം വർധിച്ച് 2.70 യൂറോ.  ടിക്കറ്റ് നിരക്കുകൾ ശരാശരി 2.3 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞ ഒക്ടോബറിലേ ബെർലിൻ പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർ വിബിബി തീരുമാനിച്ചിരുന്നു. അതേസമയം ചില പ്രത്യേക ടിക്കറ്റുകളിൽ ജനുവരി ഒന്നിനു ശേഷം നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. തൊഴിലില്ലാത്തവർക്കായുള്ള ബെർലിൻ ടിക്കറ്റ് എസിൽ നിരക്ക് വർധന ബാധകമല്ല. വെൽഫെയർ ആനുകൂല്യം കൈപ്പറ്റുന്നവർ, അഭയാർഥികൾ എന്നിവരും ഇക്കൂട്ടത്തിൽപ്പെടും.

നിരക്ക് വർധന പ്രാബല്യത്തിലാകുന്നതിന് മുമ്പ് ടിക്കറ്റ് വാങ്ങിയിട്ടുള്ളവർക്ക് അത് ജനുവരി 14 വരെ ഉപയോഗിക്കാം. പിന്നീട് പുതിയ ടിക്കറ്റിനായി അവ മാറ്റിയെടുക്കണം. നിരക്കിൽ വരുന്ന വ്യത്യാസം അടയ്ക്കുകയോ പണം തിരിച്ചുവാങ്ങുകയോ ചെയ്യാവുന്നതാണ്. ഈ സൗകര്യം മെയ്‌ 31 വരെ ലഭ്യമാണ്. 2013 സമ്മറിനു ശേഷമുള്ള ആദ്യത്തെ നിരക്ക് വർധനയാണെന്നാണ് വിബിബി അധികൃതർ വ്യക്തമാക്കുന്നത്. അന്ന് 2.8 ശതമാനം എന്ന നിരക്കിലായിരുന്നു ശരാശരി വർധന. നിരക്ക് വർധന മൂലം 22 മില്യൺ യൂറോ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും വിബിബി വ്യക്തമാക്കുന്നു.