സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കുകൾ ഡിസംബർ മുതൽ വർധിപ്പിക്കും. അതേസമയം മുൻപ് പ്രഖ്യാപിച്ചിരുന്നതിനേക്കാൾ കുറവാണ് നിരക്കുകളിലെ വർധനയെന്ന് സ്വിസ് പബ്ലിക് ട്രാൻസ്‌പോർട്ട് യൂണിയൻ വ്യക്തമാക്കി. ട്രെയിൻ, ബസ്, ബോട്ട് സർവീസുകൾക്ക് ശരാശരി 2.3 ശതമാനം വർധനയാണ് വരുത്തിയിട്ടുള്ളത്. എന്നാൽ നേരത്തെ ഇത് 2.9 ശതമാനം വർധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ വാർഷിക ട്രാൻസ്‌പോർട്ട് പാസുള്ളവർക്ക് മൂന്നു ശതമാനം വർധനയാണ് നേരിടേണ്ടി വരുമെന്നാണ് മേയിൽ പ്രഖ്യാപിച്ചിരുന്നത് അതനുസരിച്ച് സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് 3,665 ഫ്രാങ്കും ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് 2.9 ശതമാനം വർധിച്ച് 5,970 ഫ്രാങ്കും ഡിസംബർ മുതൽ നൽകേണ്ടി വരുമെന്നായിരുന്നു മുൻ തീരുമാനം. എന്നാൽ പാസുള്ളവർക്ക് ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് 2.5 ശതമാനവും സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് 2.8 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്.

അതേസമയം ദേശീയ അവധി ദിനങ്ങൾ ഒഴിച്ച് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഒമ്പതിനു ശേഷമുള്ള യാത്രയ്ക്കുള്ള സ്‌പെഷ്യൽ പാസിന്റേയും ആറു മുതൽ 16 വയസുവരെയുള്ളവർക്കുള്ള ജൂണിയൻ ട്രാവൽ കാർഡിന്റേയും നിരക്കുകൾ വർധിപ്പിക്കുകയില്ല.

ഡിസംബറിൽ നിരക്കുകൾ വർധിപ്പിച്ചുകഴിഞ്ഞാൽ പിന്നെ 2017 വരെ നിരക്കു വർധനയില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. രാത്രി ഏഴിനു ശേഷം അനുവദിക്കുന്ന ആറു മാസത്തെ പുതിയ ട്രാവൽ പാസ് പരീക്ഷിക്കാൻ തയാറെടുക്കുകയാണെന്നും ട്രാൻസ്‌പോർട്ട് യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ യാത്രക്കാരെ ട്രെയിൻ യാത്രക്ക് ആകർഷിക്കുന്നതിനും രാത്രിയിൽ ട്രെയിൻ യാത്ര തെരഞ്ഞെടുക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ് യൂണിയൻ പറയുന്നത്. നൈറ്റ് പാസ് പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനു മുമ്പ് ഇതിൽ പൈലറ്റ് ടെസ്റ്റ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.