ദുബായ്: എമിറേറ്റ്‌സിൽ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈ ഫൈ സംവിധാനം നിലവിൽ വന്നു. രാജ്യമെമ്പാടും 250-ൽ പരം സ്ഥലങ്ങളിലാണ് നിലവിൽ സൗജന്യ വൈ ഫൈ സംവിധാനം ഇത്തിസലാത്ത് അവതരിപ്പിച്ചിരിക്കുന്നത്. യു.എ.ഇ. വൈഫൈ ബൈ ഇത്തിസലാത്ത്' എന്നാണ് പദ്ധതി അറിയപ്പെടുന്നത്. യുഎഇ റിസഡന്റ്‌സിന് മൊബൈൽ ഡിവൈസ് വഴി ഇന്റർനെറ്റ് കണക്ട് ചെയ്യാം. അബുദാബി, ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം യു.എ.ഇ. വൈഫൈ ലഭ്യമാകും.

ഒരു ജി.ബി.ക്ക് മുകളിലുള്ള ഇത്തിസലാത്ത് ഡാറ്റാ കണക്ഷനുകൾക്കാണ് സൗജന്യ വൈഫൈ ലഭിക്കുക. ഡാറ്റാ പാക്കേജുകൾക്ക് അനുസരിച്ച് അഞ്ച് മണിക്കൂർ മുതൽ 30 മണിക്കൂർ വരെ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാനാകും. മറ്റ് ഉപഭോക്താക്കൾക്ക് ഇത്തിസലാത്തിന്റെ വൈഫൈ പാക്കേജുകളിലൂടെ പബ്ലിക് വൈഫൈ ഉപയോഗപ്പെടുത്താം. 25 ദിർഹമിന് രണ്ടുദിവസത്തെ കണക്ഷൻ ലഭിക്കും. പത്തുദിവസത്തിന് 100 ദിർഹമാണ് ഫീസ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ വാസൽ റീച്ചാർജ് കാർഡ് ഉപയോഗിച്ചോ പണം അടയ്ക്കാം.

ഷോപ്പിങ് മാൾ, പാർക്ക്, ബീച്ച്, കളിക്കളങ്ങൾ, മറ്റ് വിനോദകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയയിടങ്ങളിൽ അതിവേഗ വൈഫൈ ലഭ്യമായിരിക്കും. ആദ്യം ഇത്തിസലാത്ത് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ നിങ്ങൾക്ക് പിൻനമ്പർ എസ്എംഎസ് ആയി കമ്പനി അയക്കും. രജിസ്‌ട്രേഷനിൽ ലഭിക്കുന്ന പിൻനമ്പറാണ് പാസ്വേഡായി ഉപയോഗിക്കേണ്ടത്. ഉപഭോക്താക്കൾ മൊബൈൽ നമ്പർ വഴിയാണ് ലോഗിൻ ചെയ്യേണ്ടത്. നിങ്ങൾ ഡാറ്റാ ഉപഭോക്താവാണെങ്കിൽ സൗജന്യപാക്കേജ് ലഭിക്കും. അല്ലാത്തവർക്ക് പെയ്ഡ് പാക്കേജ് മുഖേന കണക്ഷൻ ലഭ്യമാക്കുകയും ചെയ്യാം.