തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നടക്കുന്ന മരാമത്ത് പണിയുടെ ബിൽ തുക ഗുണനിലവാര പരിശോധനയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ കരാറുകാരനു നൽകാനോ അതിനായി ശുപാർശ ചെയ്യാനോ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദ്ദേശം. ഇതു സംബന്ധിച്ച് മരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനീയറാണ് സർക്കുലർ നൽകിയത്.

വകുപ്പ് നേരിട്ടു നടത്തുന്ന പരിശോധനയിൽ നിലവാരമില്ലെന്നു കണ്ടെത്തിയാൽ നിർമ്മാണം തുടരണോ, നിർത്തിവയ്ക്കണോ എന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർക്കു തീരുമാനിക്കാം. ബിൽ തയാറാക്കുന്നതു പോലും അതിനുശേഷം മതിയെന്നും നിർദേശിക്കുന്നു.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്കു സാങ്കേതികാനുമതി നൽകാൻ കഴിയുന്ന പരിധിക്കു (15 ലക്ഷം രൂപ) താഴെയുള്ള ജോലികളുടെ ബിൽ പാസാക്കാൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

എസ്റ്റിമേറ്റ് 15 ലക്ഷത്തിനു മുകളിലാണെങ്കിൽ ആദ്യത്തെ ഗുണനിലവാര പരിശോധനയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ബിൽ തുക അനുവദിക്കില്ല. രണ്ടാമത്തെ പരിശോധനയ്ക്കു സാംപിൾ എടുത്തിരിക്കുന്ന ഏതെങ്കിലും നിർമ്മാണം ഈ ബില്ലിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ ആ പരിശോധനാഫലവും കിട്ടിയാലേ ബിൽ പാസാക്കുകയുള്ളൂ.

ഗുണനിലവാരം ഉറപ്പാക്കാൻ പിഡബ്ല്യുഡി മാനുവലിലുള്ള നിർദേശങ്ങളൊന്നും പല ഉദ്യോഗസ്ഥരും പാലിക്കുന്നില്ലെന്ന വിമർശനത്തോടെയാണ് ഈ നിർദേശങ്ങൾ. ഇവ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിർമ്മാണവുമായി ബന്ധപ്പെട്ടു മൂന്നു തരത്തിലുള്ള ലാബ് പരിശോധനയാണു നിർദേശിക്കുന്നത്. ആദ്യത്തെ പരിശോധന നടത്തേണ്ടതു കരാറുകാരനാണ്. 2 കോടി രൂപയ്ക്കു മുകളിലുള്ള ജോലിയാണെങ്കിൽ നിർമ്മാണ സ്ഥലത്തു തന്നെ കരാറുകാരൻ ലാബ് സജ്ജീകരിക്കണം. കരാർ നൽകുന്ന സ്ഥാപനം ഇത് ഉറപ്പാക്കണം. 2 കോടിക്കു താഴെയാണെങ്കിൽ അംഗീകൃത ലാബിൽ പരിശോധിക്കാം.

രണ്ടാമത്തെ പരിശോധന മരാമത്ത് വകുപ്പു നടത്തേണ്ടതാണ്. ഇതിൽ അപാകത കണ്ടെത്തിയാൽ മൂന്നാമത്തെ പരിശോധന പുറത്തുള്ള സ്ഥാപനം വഴി നടത്തണം. കോൺക്രീറ്റ് സാംപിളാണു പരിശോധിക്കുന്നതെങ്കിൽ രണ്ടാമത്തെ പരിശോധനയുടെ ഫലം വന്ന് ഒരാഴ്ചയ്ക്കകം തന്നെ മൂന്നാം പരിശോധന നടത്തണം. രണ്ടാമത്തെ പരിശോധനയുടെ സമയത്തു തന്നെ അതിനായി സാംപിൾ ശേഖരിക്കണം.

ആദ്യ പരിശോധനയുടെ ഫലം കരാറുകാരനിൽ നിന്നു വാങ്ങി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടത് ഓവർസീയറുടെയും അസിസ്റ്റന്റ് എൻജിനീയറുടെയും ചുമതലയാണ്. അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ മേൽനോട്ടം വഹിക്കുകയും ലാബ് അംഗീകൃതമാണെന്ന് ഉറപ്പാക്കുകയും വേണം. ആദ്യ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തി വേണം രണ്ടാമത്തെ പരിശോധനയ്ക്കു സർട്ടിഫിക്കറ്റ് നൽകേണ്ടത്.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരിൽ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ പണി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.