പുതുച്ചേരി: കേന്ദ്ര സർക്കാരും പുതുച്ചേരി ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നാണ് പുതുച്ചേരി ഭരണകൂടം ആവശ്യപ്പെടുന്നത്. ഈ ആവശ്യമുയർത്തി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള ധർണ തുടരുകയാണ്. രാജ് നിവാസിന് സമീപമാണ് ധർണ നടക്കുന്നത്. വെള്ളിയാഴ്ചയാണ് നാല് ദിവസത്തെ പ്രതിഷേധം ആരംഭിച്ചത്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലറിന്റെ നേതൃത്വത്തിൽ നാല് ദിവസത്തെ ധർണയാണ് ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ കിരൺ ബേദി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും ഭരണകക്ഷിയിലെ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ധർണയിൽ പങ്കെടുക്കുന്നുണ്ട്. 'കോർപ്പറേറ്റ് മോദി പുറത്തുപോകുക', 'കിരൺ ബേദിയെ തിരിച്ചുവിളിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ധർണ.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണനിർവ്വഹണം നടത്താൻ കിരൺ ബേദി അനുവദിക്കുന്നില്ലെന്നും സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ പോലും അനാവശ്യമായി ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.