- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊയമ്പത്തൂരിൽ നിന്ന് ചെന്നൈയിലെത്തിയത് സിനിമയ്ക്ക് പാട്ടെഴുതണമെന്ന ആഗ്രഹത്തിൽ; ഗാനങ്ങളിലുടെ എംജിആറിന്റെ പ്രതിഛായയുടെ നിർണ്ണായക സ്വാധീനമായി; ശ്രദ്ധനേടിയത് തെൻപാണ്ടി ചീമയിലെ, കല്യാണ തേൻനില തുടങ്ങിയ ഗാനങ്ങളിലുടെ; പുലമൈപിത്തൻ വിടവാങ്ങുന്നത് ആസ്വാദക മനസ്സിൽ കൊറിയിട്ട വരികൾ സമ്മാനിച്ച്

ചെന്നൈ: പുലമൈപിത്തൻ എന്ന പേര് അത്ര പെട്ടെന്ന് ആരുടെയും ഓർമ്മയിലേക്ക് വരണമെന്നില്ല.. എന്നാൽ തെൻപാണ്ടി ചീമയിലെ, കല്യാണ തേൻ നില എന്നീ പാട്ടുകൾ ഒരിക്കലെങ്കിലും മൂളാത്തവർ വിരളമായിരിക്കും. അത്രയെറെ ആഴത്തിൽ സംഗീതാസ്വാദകരെ സ്പർശിച്ചിട്ടുണ്ട് ആ വരികളും. തന്റെ 85 മത്തെ വയസ്സിൽ വിടപറയുമ്പോൾ ഇത്തരത്തിൽ അതിമനോഹരങ്ങളായ ഗാനങ്ങൾ ബാക്കിവച്ചാണ് അദ്ദേഹം മറയുന്നത്.
തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന പുലമൈപിത്തൻ 1935-ൽ കോയമ്പത്തൂരിലാണ് ജനിച്ചത്.കുട്ടിക്കാലം തൊട്ടെ പാട്ടുകളെ സ്‌നേഹിച്ച അദ്ദേഹത്തിന് സിനിമയിൽ പാട്ടെഴുതുക എന്നത് ജീവിത വ്രതമായിരുന്നു. അങ്ങിനെയാണ് ജന്മനാട്ടിൽ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. 1968-ൽ പുറത്തിറങ്ങിയ എം.ജി.ആർ. നായകനായ 'കുടിയിരുന്ത കോയിൽ' എന്ന സിനിമയിൽ 'നാൻ യാർ നീ യാർ' എന്ന പാട്ടെഴുതിയാണ് സിനിമയിലെത്തിയത്.
സാമൂഹികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ഗാനങ്ങൾ സിനിമയിൽ എം.ജി.ആറിന്റെ പ്രതിച്ഛായ വളർത്തി. എം.ജി.ആർ. രാഷ്ട്രീയത്തിൽ എത്തിയപ്പോൾ പുലമൈപിത്തനും എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗമായി. എം.ജി.ആർ. മുഖ്യമന്ത്രിയായിരുന്നപ്പോൾ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായിരുന്നു.തുടർന്ന് അഞ്ച് പതിറ്റാണ്ടിലേറെ ഗാനരചനാരംഗത്ത് സജീവമായിരുന്നു.
എം.ജി.ആർ., ശിവാജി ഗണേശൻ, കമൽഹാസൻ, രജനികാന്ത്, വിജയ് തുടങ്ങി സൂപ്പർതാര ചിത്രങ്ങൾക്കുവേണ്ടി നിരവധി പാട്ടുകളെഴുതി.അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഗാനരചനാജീവിതത്തിൽ ആയിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവികൊണ്ടു.ആസ്ഥാനകവിയെന്നാണ് എം.ജി.ആർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
നായകനിലെ 'തെൻപാണ്ടി ചീമയിലെ', മൗനം സമ്മതം എന്ന മമ്മൂട്ടി ചിത്രത്തിലെ 'കല്യാണ തേൻനിലാ' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ എഴുതിയത് പുലമൈപിത്തനാണ്.അടിമൈപ്പെണ്ണ്, നായകൻ, പണക്കാരൻ, മിസ്റ്റർ ഭരത്, നന്ദ എന്നിവയാണ് പ്രശസ്ത ചിത്രങ്ങൾ. നാലുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടിയിട്ടുണ്ട്.
വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പുലമൈ പിത്തൻ എന്ന രാമസാമിയുടെ അന്ത്യം


