കോതമംഗലം: ചിലരുടെ തലമാത്രം. മറ്റുചിലരുടെ പുറവും. ഭൂരിപക്ഷം പേരെയും മഷിയിട്ടുനോക്കിയിട്ടും കാണാനില്ല. ചരിത്രമായി മാറിയ മോഹൻലാൽ ചിത്രം പുലിമുരുകനിലൂടെ അഭ്രപാളികളിയിൽ തിളങ്ങുമെന്ന് വിശ്വസിച്ചിരുന്ന നാടൻ അഭിനേതാക്കൾക്ക് തീയറ്ററിൽ കിട്ടിയത് 'ഇരുട്ടടി'.

നൂറുകോടി ക്ലബ്ബിൽ കടന്നുകൂടിയ പുലിമുരുകന്റെ ചിത്രീകരണത്തിൽ മുന്നൂറോളം പ്രദേശവാസികൾ വേഷമിട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. അഭിനേതക്കളായി ആദിവാസികളുൾപ്പെടെ ഇവിടുത്തുകാരായ 250-ളം പേർ ഒറ്റരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വയറ്റാട്ടിയായി വെള്ളാരംകുത്ത് കോളനിയിലെ ശാന്തമ്മ തിളങ്ങിയപ്പോൾ നായകന് വരവേൽപ്പ് നൽകുന്ന ആൾക്കൂട്ടത്തിലും പുലിയെ തിരയുന്ന സംഘത്തിലുമൊക്കയായി മറ്റുള്ളവരും ക്യാമറക്ക് മുന്നിലെത്തിയിരുന്നു.

തങ്ങൾ അഭിയയിച്ചുതകർത്ത രംഗം കാണാൻ തീയറ്ററുകളിൽ തിക്കിതിരക്കിയെത്തിയ ഇവിടുത്തുകാരായ ' താരങ്ങളിൽ 'പലരും തീരാസങ്കടത്തോടെയും നിരാശയോടെയുമാണ് തീയറ്റർ വീട്ടത്. മിന്നായം പോയെങ്കിലും തങ്ങളുടെ മുഖം സ്‌ക്രീനിലെത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഇവരിലേറെപ്പേരും തീയറ്ററിനുള്ളിൽ പ്രവേശിച്ചത്. എന്നാൽ ഒരുരംഗത്തിൽ പോലും തങ്ങളില്ലന്ന സത്യം ഇവരിലേറെപ്പേർക്കും മനസ്സിലായത് സിനിമ കണ്ടിറങ്ങിയപ്പോഴാണ്. ഇവരിൽ ചിലർ പലവട്ടം ചിത്രം കണ്ടാണ് തങ്ങളുടെ മുഖം സിനിമയിലില്ലന്ന് ഉറപ്പിച്ചത്.അഞ്ഞൂറും മുന്നൂറുമൊക്കെ പ്രതിഫലം പറ്റിയായിരുന്നു ദിവസങ്ങളോളം ഇവർ സിനിമയ്ക്കുവേണ്ട്ി പണിയെടുത്തത് എന്നത് വേറെ കാര്യം.സിനിമയിൽ ഇതെല്ലാം സഹജമെങ്കിലും ഇതേക്കുറിച്ച് അറിയുന്നവർ ഇവർക്കിടയിൽ നാമമാത്രമായിരുന്നു എന്നതാണ് വാസ്തവം.

ഇതിൽ ഇവർക്കാർക്കും പരിഭമോ പ്രതിഷേധമോ ഇല്ല.ഒരു വശത്ത് ആഹഌദവുമുണ്ട്.സിനിമയിൽ മാത്രം കണ്ടിട്ടുള്ള താരത്തെ അടുത്തകാണാൻ കഴിഞ്ഞതിന്റെയും ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ കഴിഞ്ഞതിന്റെയും ത്രല്ലിലാണ് ഈ മലോരമേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള മോഹൻലാൽ ഫാൻസ്. ചരിത്രവിജയം നേടിയ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ കുട്ടംപുഴയിലെ ടാക്‌സി ഡ്രൈവറായാ സിനുവും ഏറെ സന്തോഷത്തിലാണ്.

സിനിമയുടെ കുട്ടംപുഴയിലെ ചിത്രീകരണത്തിന് അണിയറക്കാർക്ക് വേണ്ടതെല്ലാം സംഘടിപ്പിച്ചുനൽകുന്ന ചുമതല വന്നെത്തിയത് പൂയംകൂട്ടി സ്വദേശിയായ സിനുവിന്റെ കൈകളിലായിരുന്നു.സ്വന്തമായുള്ള ജീപ്പ് ഓടിച്ചാണ് സീനു ഉപജീവനം നടത്തുന്നത്.കുട്ടംപുഴയിൽ നേരത്തെ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രം ശിക്കാറിന്റെ അണിയറപ്രവർത്തകർക്കും കൈത്താങ്ങായി സീനു ഉണ്ടായിരുന്നു.ഇതറിഞ്ഞാണ് പുലിമുരുകൻ ടീം സീനുവിനെത്തേടിയെത്തിയത്.മാസങ്ങളോളം നീണ്ടുനിന്ന ഇവിടുത്തെ ഷൂട്ടിംഗിന്റെ മുഴുവൻ സമയ സഹായികളിലൊരാളായിരുന്നു സീനു.

സെറ്റിൽ സാധാരണക്കാനായി എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ലാലിനോട് ഏറെ ആദരവ് തോന്നിയെന്നും സമയംകിട്ടുമ്പോഴെല്ലാം സിനിമയുടെ ഭാഗമാവാനെത്തിയിട്ടുള്ള നാട്ടുകാരുമായി ലാൽ സൗഹൃതം പങ്കിടുമായിരുന്നെന്നും സീനുപറഞ്ഞു.ഒരിക്കൽ ഷൂട്ടിങ് കഴിഞ്ഞ് പീണ്ടിമേടിൽ നിന്നും മടങ്ങും വഴി കാട്ടുപാതയിൽ മരം വീണ് ഷൂട്ടിങ് സംഘത്തിന്റെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.മുമ്പിലുണ്ടായിരുന്നത് ലാലിന്റെ കാറായിരുന്നു.വിവരമറിഞ്ഞ് താനുൾപ്പെടെയുള്ളവർ പൂയംകൂട്ടിയിൽ നിന്നും വാളും മറ്റും കൊണ്ടുവന്ന് ഒടിഞ്ഞുവീണ ഭീമൻ മരം വെട്ടിമാറ്റിയ ശേഷമാണ് ലാലിന് കടന്നുപോകാനായതെന്നും മരംവെട്ടിമാറ്റായി വേണ്ടിവന്ന ഒന്നരമണിക്കൂറോളം ക്ഷമയോടെ കാത്തിരുന്ന ലാലിന്റെ സൗമനസ്യം താനുൾപ്പെടെയുള്ള ആരാധകരെ അത്ഭുതപ്പെടുത്തിയെന്നും സിനു തുടർന്നുപറഞ്ഞു.

ഇപ്പോൾ സിനിമ പ്രവർത്തകരിൽ നിന്നും സിനുവിന് നിരന്തരം ഫോൺ കോളുകളെത്തുന്നുണ്ട്.കഥാസന്ദർഭത്തിന് അനുയോജ്യമായ മലനിരയും കാടും വെള്ളച്ചാട്ടവുമൊക്ക തരപ്പെടുത്താമൊ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം.പറ്റില്ലന്നൊരുവാക്ക് സിനുവിന്റെ നിഘണ്ടുവിലില്ല. 'ഇങ്ങോട്ടുപോന്നോളു നമുക്ക് നോക്കാം' മിക്കപ്പോഴും ഇക്കാര്യത്തിൽ ചെറുചിരിയോടെയുള്ള സീനുവിന്റെ മറുപിടി ഇങ്ങനെയാണ്.ഇതുകേൾക്കുമ്പോൾ മറുതലയ്ക്കൽ ആശ്വാസമാവുമെന്നുറപ്പ്. പിന്നെ സിനുവിന് മനസ്സുനിറയെ സന്തോഷമാണ്.താരങ്ങളെ അടുത്തകാണമല്ലോ എന്നുള്ളതിനപ്പുറം ഇതിന്റെ പേരിൽ വന്നുചേരുന്ന സാമ്പത്തീക നേട്ടമാണ് തന്നെ സിനിമക്കാരോട് അടുപ്പിക്കുന്നതെന്നാണ് സീനുവിന്റെ പക്ഷം.

പീണ്ടിമേട് ,കണ്ടംപാറ,മണികണ്ടംചാൽ ,മാമലക്കണ്ടം, കുട്ടംപുഴ ടൗൺ എന്നിവിടങ്ങളിൽ സെറ്റിട്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ചിത്രീകരണം.ഇതുമൂലം ഇവിടുത്തെ ലൊക്കേഷനിൽ നിന്നുള്ള യാതൊരുവിവരങ്ങളും പുറത്തുവന്നിരുന്നില്ല. പൂയംകൂട്ടി വനമദ്ധ്യത്തിലെ പീണ്ടിമേട് കുത്തും ചുറ്റുമുള്ള പാറക്കെട്ടുകളും എന്നുവേണ്ട ഇവിടം കേന്ദ്രീകരിച്ച് എടുത്ത ചിത്രത്തിലെ ഓരോ രംഗങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്ന കാര്യത്തിൽ പുലിമുകൻ കണ്ട ഇവിടുത്തുകാർക്കിടയിൽ രണ്ടുപക്ഷമില്ല.

കഴിഞ്ഞ ഓണാഘോഷത്തിന് അതിഥിയായി ലാലെത്തിയതിന്റെ സന്തോഷം ഇപ്പോഴും കുട്ടംപുഴ പൊലീസിലെ ലാൽ ഫാൻസുകാരുടെ മനസിലുണ്ട്.പൂക്കളമൊരുക്കലും സദ്യവട്ടവുമൊക്കെയായി ഏറെ നേരം സ്റ്റേഷനിൽ ചിലവഴിച്ചശേഷമാണ് ലാൽ ആതിഥേയരെ വിട്ടുപിരിഞ്ഞത്. ഇതിനിടയിൽ പൊലീസുകാർക്കൊപ്പം ഫോട്ടോസെഷനും സെൽഫിക്കും മറ്റും അദ്ദേഹം സഹകരിക്കുകയും ചെയ്തു.