- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തും മടയിലൊളിക്കാതെ തൃശ്ശൂരിലെ പുലികൾ; മഹാമാരിക്കാലത്ത് പുലികൾ നിറഞ്ഞാടിയത് സൈബർ ലോകത്ത്
തൃശ്ശൂർ: കോവിഡ് കാലത്തും മടയിലൊളിക്കാതെ തൃശ്ശൂരിലെ പുലികൾ. നാലോണനാളിൽ തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്‌ത്താറുള്ള പുലിക്കളി ഇക്കുറി വെർച്വലായിരുന്നു എന്ന് മാത്രം. കോവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് ഇന്നലെ പുലികൾ ഇറങ്ങിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ അയ്യന്തോൾ ദേശം പുലിക്കളി സംഘമാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കളിയുമായി ആരാധകർക്ക് മുന്നിലെത്തിയത്.
67-കാരനായ ഉണ്ണിക്കൃഷ്ണൻ ചേട്ടൻ മുതൽ 12-കാരൻ സായന്ത് സന്തോഷ് വരെ പുലിവേഷത്തിൽ ക്യാമറയ്ക്കുമുന്നിൽ കളിച്ചുതകർത്തു. പത്താംക്ലാസുകാരി പാർവതി അച്ഛൻ ഷാജി ഗോവിന്ദിന് മെയ്യെഴുത്തെഴുതി പുലിയൊരുക്കത്തിൽ പങ്കാളിയായി. 16 പുലികളാണ് വീടുകളിലൊരുക്കിയ കളിത്തട്ടിൽ ചുവടുവെച്ചത്. സൂം ആപ്പിന്റെ സഹായത്താൽ 16 പുലികളെയും ഒറ്റ ഫ്രെയിമിലാക്കി അയ്യന്തോൾ പുലിക്കളി സംഘത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെ കളി തത്സമയം സംപ്രേഷണം ചെയ്തു. 3.30-നാരംഭിച്ച പരിപാടി 4.30-ന് അവസാനിപ്പിച്ചു. ലൈവ് പുലിക്കളിയെ ലോകമാകമാനമുള്ള മലയാളികൾ ആവേശത്തോടെ സ്വീകരിച്ചു.
ഇതിനുപുറമേ വിയ്യൂർ പുലിക്കളി സംഘത്തിന്റെ ഒറ്റപ്പുലി നടുവിലാലിലെത്തി തേങ്ങയുടച്ചു. കഴിഞ്ഞവർഷമിറങ്ങിയ പെൺപുലി സംഘത്തിലെ പാർവതി പുലിവേഷമിട്ട് കോവിഡ് ബോധവത്കരണവുമായി തേക്കിൻകാട്ടിലെത്തി. 21,000 പേർ പുലിക്കളി ലൈവായി കണ്ടു. വ്യാഴാഴ്ച വൈകുന്നേരം 5.10 വരെയുള്ള കണക്കുകൾപ്രകാരം 42,000-ത്തിലധികം ലൈക്കും പരിപാടിക്ക് നേടാനായി.
മറുനാടന് ഡെസ്ക്