ഇടുക്കി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ന് പ്രദർശിപ്പിക്കുന്ന 'പുലിമുരുകൻ' എന്ന മോഹൻലാൽ ചിത്രത്തിന്റെ ത്രീഡി പതിപ്പ് തയാറാക്കിയ എഡിറ്റിങ് കംപ്യൂട്ടർ ശൃംഖല തയാറാക്കിയത് ഇടുക്കിയിലെ രണ്ടു യുവാക്കൾ. 

ചെറുതോണി സ്വദേശികളായ കൊല്ലംമാട്ടേൽ ഉല്ലാസ് (31), കളരിപ്പറമ്പിൽ അർഷാദ് (27) എന്നിവരാണ് മികച്ച കംപ്യൂട്ടർ ഗ്രാഫിക്സ് സംവിധാനങ്ങളോടെ ത്രിഡി എഡിറ്റിങ് കംപ്യൂട്ടർ ശൃംഖല നിർമ്മിച്ചത്.

പുലിമുരുകൻ ത്രീഡിയാക്കുന്നതിന് പ്രത്യേക സംവിധാനങ്ങളോടെ കംപ്യൂട്ടർ തയാറാക്കുന്നതിന് മുംബൈയിലുള്ള റേയ്സ് 3 ഡി എന്ന കമ്പനിക്കാണ് അണിയറ പ്രവർത്തകർ കരാർ നൽകിയത്. ഈ കമ്പനിയുടെ നിർദ്ദേശപ്രകാരമാണ് ചെറുതോണിക്കാരായ ഈ യുവാക്കൾ കംപ്യൂട്ടർ സംവിധാനം തയാറാക്കിയത്. മഹേഷിന്റെ പ്രതികാരം, പാവാട തുടങ്ങിയ ചിത്രങ്ങൾക്ക് സാങ്കേതിക സഹായം നൽകിയുള്ള പരിചയമാണ് ഈ യുവാക്കൾക്ക് മുതൽക്കൂട്ടായത്.

ത്രീഡി എഡിറ്റിങ് 64 ജി.ബി റാം, എട്ട് ജി.ബി. ഡി.ഡി.ആർ. 5എക്സ് ഗ്രാഫിക്സ് കാർഡ്, നാല് ഗിഗാഹെർട്സ് ഹെക്സാകോർ ഐ 7 എക്സ്ട്രീം പ്രോസസർ എന്നിവയടങ്ങിയ കംപ്യൂട്ടറായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. കൂടാതെ 4 കെ ചിത്രം കാണാൻ കഴിയുന്ന മോണിറ്ററും ദ്രാവകം ഉപയോഗിച്ചുള്ള കൂളിങ് സംവിധാനവും 12 ഹാർഡ് ഡിസ്‌കുകൾ നിരനിരയായി ചേർത്ത് 120 ടിബി മെമ്മറിയും കംപ്യൂട്ടറിൽ ഒരുക്കിയിട്ടുണ്ട്.

അർഷാദ് ബി.ടെക്കും ഉല്ലാസ് കംപ്യൂട്ടറിൽ സയൻസിൽ ഡിപ്ലോമയും പാസായിട്ടുണ്ട്. ഇപ്പോൾ ഒട്ടേറെ സ്ഥാപനങ്ങൾ ഉയർന്ന പ്രവർത്തനക്ഷമതയുള്ള കംപ്യൂട്ടറുകളും സംവിധാനങ്ങളും തയാറാക്കുന്നതിന് ഇവരെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. ഐ.ടി. മേഖലയിൽ പ്രഗത്ഭരായ ഇടുക്കിയിലെ യുവാക്കൾക്കായി ഒരു സ്ഥാപനം തുടങ്ങി, വൻകിട കമ്പനികളെ ജില്ലയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.