കൊച്ചി: നൂറു കോടി ക്ലബിലെത്തിയ പ്രഥമ മലയാള ചിത്രം പുലിമുരുകൻ 3ഡിയിലും തയാറാകുന്നു. മെയ്‌ ആദ്യവാരം ചിത്രത്തിന്റെ 3ഡി പതിപ്പ് തിയേറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി മറ്റൊരു റിക്കാർഡിനും ചിത്രത്തിന്റെ അണിയറക്കാർ തയ്യാറെടുക്കുകയാണ്. ഏറ്റവും കൂടുതൽ പേർ കാണുന്ന 3ഡി ചിത്രത്തിനുള്ള ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കാനുള്ള ഒരുക്കങ്ങളാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം നടത്തുന്നത്.

വരുന്ന 12ന് അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് റിക്കാർഡിനായുള്ള പ്രദർശനം സംഘടിപ്പിക്കുന്നത്. പുലിമുരുകൻ 3ഡി കാണാൻ 15,000 മുതൽ 20,000 വരെ കാണികളെ സംഘടിപ്പിക്കാനാണ് ശ്രമം. ഒരേസമയം ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന 3ഡി ചിത്രം എന്ന ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമാക്കിയാണ് ഈ പ്രദർശനം.

നിലവിൽ വിൽസ് സ്മിത്ത് നായകനായ 'മെൻ ഇൻ ബ്ലാക്ക് 3' എന്ന ഹോളിവുഡ് സിനിമയുടെ പേരിലാണ് ഇക്കാര്യത്തിൽ റിക്കോർഡ്. 2012ൽ ജർമ്മനിയിലെ ഒരു സ്‌ക്രീനിലാണ് അതിന്റെ റെക്കോർഡ് പ്രദർശനം നടന്നത്. 6000 പേരാണ് അവിടെ സിനിമ കണ്ടത്.അത് മറികടക്കുകയാണ് പുലിമുരുകൻ ടീമിന്റെ ലക്ഷ്യം.

സിനിമ ഇതിനകം 3ഡിയിലേക്ക് കൺവെർട്ട് ചെയ്തുകഴിഞ്ഞു. മെയ് ആദ്യവാരം തീയേറ്ററുകളിൽ പുലിമുരുകന്റെ 3ഡി പതിപ്പ് റിലീസ് ചെയ്യും. മെയ് അഞ്ചാണ് റിലീസിന് ആലോചിക്കുന്ന തീയതി. തീയേറ്ററിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട 3ഡി ചിത്രത്തിന്റെ റിക്കാർഡിനായാണ് ഈ മാസം 12ന് അങ്കമാലിയിൽ ഷോ സംഘടിപ്പിക്കുന്നത്. 15,000 മുതൽ 20,000 വരെ പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയും പ്രേഷകർക്ക് ചിത്രം കാണാനുള്ള സൗകര്യങ്ങൾ പുലിമുരുകൻ ടീം ഒരുക്കിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡ്സിന്റെ ആളുകളൊക്കെ അന്നവിടെ എത്തും. പുലിമുരുകൻ 3ഡിയുടെ ആദ്യപ്രദർശനത്തിൽ മോഹൻലാൽ ഉൾപ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുക്കും.